
തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാരിനേറ്റത് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിനെ ഒരു നിമിഷം പോലും വൈകാതെ സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ പുനര്‍നിയമിക്കണം. അന്തസുള്ള സര്‍ക്കാരാണുള്ളതെങ്കില്‍ ജനങ്ങളോട് കുറ്റമേറ്റ് ധാര്‍മ്മികത തെളിയിക്കണം. പിണറായി വിജയന്റെ ദുരഭിമാനത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവെന്നും അതിനാല്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്തല്ല കോടതിയില്‍ പിഴയൊടുക്കേണ്ടതെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. സ്വന്തം കയ്യില്‍ നിന്ന് പിഴയൊടുക്കുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും ഹസന്‍ പറഞ്ഞു.കോടതി വിധി ലംഘിച്ച മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. മുഖ്യമന്ത്രി രാജിവെക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ പൊലീസ് മേധാവി ആരാണെന്ന് പറയാതെ കഴിഞ്ഞ പത്ത് ദിവസമായി സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. സര്‍ക്കാര്‍ വളഞ്ഞ മാര്‍ഗത്തിലൂടെ സെന്‍കുമാറിന്റെ നിയമനം തടസപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. വിധി വായിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞാല്‍ അവര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നും ഇനി എന്തു വ്യക്തതയാണ് വരുത്തേണ്ടതെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പരിഹസിച്ചു.