തിരുവനന്തപുരം: എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല നല്‍കാന്‍ തീരുമാനമായി. ഇക്കാര്യം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഇനിയും വൈകിയേക്കുമെന്നാണ് സൂചന. സുധീരന്റെ രാജിവച്ച് രണ്ടാഴ്ചയ്ക്കുശേഷമാണ് താല്‍ക്കാലിക പ്രസിഡന്റിന്റെ നിയമനം. യുഎസില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം പരസ്യമാക്കിയത്. എംഎം ഹസന് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയ തീരുമാനം ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നേരത്തെ പുറത്ത് വിട്ടിരുന്നു.
വിഎം സുധീരന്റെ കടുത്ത എതിരാളിയായ ഹസന് ചുമതല ഏല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒരേ പോലെ ചരടുവലി നടത്തുകയായിരുന്നു.
വിഭാഗീയതകള്‍ക്കതീതമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്ന് എം.എം.ഹസന്‍ പ്രതികരിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം കുറവുവരുത്താതെ നിര്‍വഹിക്കും. പാര്‍ട്ടി നേതാക്കള്‍ ഒറ്റക്കെട്ടായി തന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. നാളെ തന്നെ ചുമതല ഏറ്റെടുക്കും. പാര്‍ട്ടിയുടെ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്നും ഹസന്‍ പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ ഹസന്റെയും വി.ഡി. സതീശന്റെയും പേരുകളായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. പദവി ഏറ്റെടുക്കാന്‍ തയാറാണെന്ന് ഹസന്‍ നേരത്തെ അറിയിച്ചിരുന്നു. പദവി ഏറ്റെടുക്കാന്‍ തയാറല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ വൈസ് പ്രസിഡന്റുമാരില്‍ ആര്‍ക്കെങ്കിലും പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കാന്‍ ധാരണയായിരുന്നു.
മലപ്പുറം ഉപതിരഞ്ഞെടുപ്പിനു മുന്‍പായി പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനമേല്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.