മണിവിഷയം :വി.എം.സുധീരന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് കത്തയച്ചു.

തിരു :അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതമന്ത്രി എം.എം.മണി പ്രതിയായി തുടരുമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ എം.എം.മണിക്കും രാജി ആവശ്യപ്പെടാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് കത്തയച്ചു.
എം.എം.മണി ആ പദവിയില്‍ തുടരുന്നത് അധാര്‍മ്മികവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നീയമവ്യവസ്ഥയോട് തെല്ലെങ്കിലും ആദരവുണ്ടെങ്കില്‍ എം.എം.മണി മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ സി.പി.എം. സംസ്ഥാന നേതൃത്വവും അദ്ദേഹം രാജിവയ്‌ക്കേണണ്ട എന്ന തീരുമാനമാണ് എടുത്തത്.
മന്ത്രി മണി അധികാരത്തിലിരുന്നാല്‍ നീതിപൂര്‍വ്വമായ വിചാരണയ്ക്കുള്ള അവസരമാണ് ഇല്ലാതാകുക. സാക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ ഇടവരുത്തും. ഇപ്പോള്‍ തന്നെ നിലവിലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തിന് അനുവദിക്കപ്പെട്ട പോലീസ് സംരക്ഷണം പോലും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മന്ത്രി എം.എം. മണി പ്രതിയായ കേസിലെ വിചാരണ സുതാര്യവും വിശ്വസനീയമായി നടക്കണമെങ്കില്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടത് ആവശ്യമാണ്. അതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Top