ചെങ്ങന്നൂര്‍:ശബരിമല നട അടച്ചിടാൻ അവകാശമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ പ്രസ്താവനക്കെതിരെ മന്ത്രി എം.എം.മണി രംഗത്തെത്തി. രാജഭരണകാലം പണ്ടേ കഴിഞ്ഞു. ഇപ്പോൾ നട അടച്ചിടുമെന്നു പറയുന്നവർ ശമ്പളക്കാരാണെന്നു മന്ത്രി പറഞ്ഞു. നേരത്തേ, നട അടക്കാൻ അവകാശമുള്ളതുകൊണ്ടാണു തന്ത്രിക്കു കത്ത് നൽകിയതെന്നു കൊട്ടാരം പ്രതിനിധി ശശികുമാരവർമ പറഞ്ഞിരുന്നു. സംശയമുള്ളവർക്കു പഴയ ഉടമ്പടി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. പന്തളം രാജകുടുംബം രാജവാഴ്ച കഴിഞ്ഞകാര്യം മറന്നുപോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതെന്ന് മന്ത്രി മണി. ശബരിമല നട അടച്ചിടുമെന്ന് പറയുന്ന തിരുമേനി ശമ്പളക്കാരനാണെന്നും എം എം മണി പറഞ്ഞു.
സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പന്തളം രാജകൊട്ടാരം. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തരിമ്പും വിട്ടുവീഴ്ചയില്ലെന്നാണ് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കിയത്. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികൾ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്‍റെ പവിത്രത നശിപ്പിക്കാൻ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയത്
ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് തെറ്റാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുതെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരുന്നു.
അതേസമയം സന്നിധാനത്തേക്കു പോകുന്നതിനു വേണ്ടി ശബരി എക്സ്പ്രസിൽ യുവതികളായ ഭക്തർ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി. യുവതികള്‍ എത്തിയാല്‍ തടയാൻ ഭക്തരും സംഘടിച്ചു. എന്നാല്‍ ചെങ്ങന്നൂരില്‍ യുവതികളായ ഭക്തര്‍ ആരും ഇറങ്ങിയിട്ടില്ല.
ശബരിമല ദർശനത്തിന് ഞായറാഴ്ച എത്തിയത് നാലു യുവതികളാണ്. ഉച്ചയോടെ എത്തിയ യുവതിയെ മരക്കൂട്ടത്ത് വച്ചു പ്രതിഷേധക്കാർ തടഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നാലു പേരും ആന്ധ്രാ സ്വദേശികളാണ്. രാവിലെ, ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശികളായ വാസന്തിയും ആദിശേഷനുമാണ് ഇന്ന് ആദ്യമായി മലകയറാനെത്തിയ യുവതികൾ. പ്രതിഷേധക്കാർ നടപ്പന്തലിൽ വച്ചു തടഞ്ഞതിനെ തുടർന്നു പൊലീസ് ഇവരെ തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ മറ്റൊരു ആന്ധ്രാ സ്വദേശിനി ആർ. ബാലമ്മയുടെ പ്രായത്തിൽ സംശയത്തെ തുടർന്നു പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധം കനത്തതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബാലമ്മയെ പൊലീസ്, ആംബുലൻസിൽ പമ്പയിലേക്കു കൊണ്ടുപോന്നു. ഇവർക്ക് 48 വയസ്സുണ്ടെന്നാണ് സൂചന.