ചെറുതോണി:രാഷ്ട്രപതിയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് മന്ത്രി എം.എം മണി.എം.പിമാരോട് പണിയെടുക്കാന്‍ രാഷ്ട്രപതി പറഞ്ഞത് തീരെ ശരിയായില്ലെന്ന് മന്ത്രി എം.എം മണി. ഇതും പറയും മുമ്പ് നോട്ടുപിന്‍വലിച്ചത് ശരിയായില്ലെന്ന് മോദിയോട് പറയണമായിരുന്നെന്നും തലയ്ക്ക് വെളിവില്ലാത്ത് കൊണ്ടല്ല എം.പിമാര്‍ സമരം ചെയ്യുന്നതെന്നും എം.എം മണി പറഞ്ഞു.
എം.പിമാരോട് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച രാഷ്ട്രപതി മോദിയോട് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലന്ന് പറയാന്‍ തയാറാകാത്തത് നിര്‍ഭാഗ്യകരമെന്ന് മന്ത്രി എം.എം. മണി. ചെറുതോണിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ തട്ടിപ്പുഭരണത്തിനു പിന്തുണ നല്‍കുകയാണ് രാഷ്ട്രപതി ചെയ്യുന്നത്. നോട്ട് പിന്‍വലിച്ചതിനത്തെുടര്‍ന്ന് ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയവരും കാശുള്ള നടന്മാരും പിന്തുണക്കും. സാധാരണ ജനങ്ങള്‍ക്ക് അതിനാകില്ല. നോട്ട് പിന്‍വലിച്ചതിനെ പല്ലും നഖവും ഉപയോഗിച്ച് ജനം ഒന്നായി പ്രതിരോധിക്കണമെന്നും മണി പറഞ്ഞു.
വ്യാഴാഴ്ച ഡിഫന്‍സ് എസ്റ്റേറ്റ് ഡേ പ്രഭാഷണത്തിലാണ് രാഷ്ട്രപതി എം.പിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നത്. ‘ദൈവത്തെയോര്‍ത്ത് നിങ്ങള്‍ ജോലിചെയ്യുക. പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുക’ എന്നായിരുന്നു രാഷ്ട്രപതി പറഞ്ഞിരുന്നത്.സഭാ നടപടികള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുന്ന നീക്കങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ലെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.നോട്ടുനിരോധന വിഷയത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷോഭം നടത്തുന്നത്. പ്രധാനമന്ത്രി സഭയെ അഭിമുഖീകരിക്കാത്തതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പ്രതിഷേധം.
തുറന്ന ജീപ്പില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയോടൊപ്പമാണ് എം.എം. മണി ചെറുതോണിയിലെ സ്വീകരണ സ്ഥലത്തേക്ക് എത്തിയത്. ചെറുതോണി ടൗണിന്‍െറ അടിസ്ഥാന വികസനത്തിനുവേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂനിറ്റ് ഭാരവാഹികള്‍ വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കി.അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, സി.വി. വര്‍ഗീസ്, ജോര്‍ജ് പോള്‍, റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ളാക്കല്‍, കെ.ജി. സത്യന്‍, പി.ബി. സതീഷ്, എന്‍.വി. ബേബി തുടങ്ങിയവര്‍ സംസാരിച്ചു.