മൂന്നാര്‍ :വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരന്‍ എം.എം. ലംബോദരനും മകന്‍ ലെജീഷിനും ഇടുക്കി ജില്ലയില്‍ കോടികളുടെ ആസ്തിയെന്നു രേഖകള്‍. ഏലം ലേല കേന്ദ്രത്തിനായി സ്പൈസസ് ബോര്‍ഡിനു നല്‍കിയ അപേക്ഷയിലാണ് ലംബോദരനും കുടുംബത്തിനും കോടികളുടെ ആസ്തികളുണ്ടെന്നു പറയുന്നത്. സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണു ലംബോദരന്‍.
രാജാക്കാട്ടെ പുലരി പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാരായ ലംബോദരന്റെ ഭാര്യ സരോജിനിക്കും മകന്‍ ലെജീഷിനും കോടികളുടെ ആസ്തിയുണ്ടെന്ന് ഏലം ലേലകേന്ദ്രത്തിനായി സ്പൈസസ് ബോര്‍ഡിനു നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുലരി പ്ലാന്റേഷന്‍സില്‍ അഞ്ചു ഡയറക്ടര്‍മാരാണുള്ളത്. ഇതിലൊരാളായ ലംബോദരന്റെ മകന്‍ ലെജീഷിന് അഞ്ചുകോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് ഏലം ലേലകേന്ദ്രത്തിനായുള്ള അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ലംബോദരന്റെ ഭാര്യ സരോജിനിക്ക് 10 കോടി രൂപയുടെ ആസ്തിയുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. ഏലം ലേലകേന്ദ്രത്തിനായി അപേക്ഷ നല്‍കിയെങ്കിലും ലെജീഷിനു ലഭിച്ചില്ല.
ചിന്നക്കനാല്‍ മേഖലയില്‍ ലംബോദരന്‍ വ്യാപകമായി ഭൂമി കയ്യേറിയിട്ടുണ്ടെന്നും ഇക്കാരണത്താലാണ് ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ തടസ്സം നില്‍ക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. 2007ല്‍ മൂന്നാര്‍ ദൗത്യസംഘം പിടിച്ചെടുത്തതില്‍ ലംബോദരന്റെ സ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ലംബോദരനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണു നടത്തിയത്. വിഎസിന്റെ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി ലംബോദരന്‍ അന്നു പിണറായി വിജയന് മധ്യസ്ഥന്‍ വഴി പരാതി നല്‍കിയതും വിഎസിനെ ചൊടിപ്പിച്ചിരുന്നു.
മൂന്നാര്‍ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിനു വിഎസ് നിര്‍ദേശിച്ച ആദ്യ കേസില്‍ കുടുങ്ങിയതും ലംബോദരനായിരുന്നു. വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് സംഘം ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. ലംബോദരന്‍ മൂന്നാറില്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയം വ്യാജമാണെന്നുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട് പിന്നീടു പുറത്തുവന്നു.
സര്‍ക്കാര്‍ സ്‌ഥലം ലംബോദരന്റെ ബന്ധുവിന്റെ പേരില്‍ വ്യാജരേഖകള്‍ ചമച്ചു വാങ്ങുകയും അതു പിന്നീടു വില്‍പന നടത്താന്‍ വേറെയും കൃത്രിമ രേഖകള്‍ ചമയ്‌ക്കുകയും ചെയ്തുവെന്നാണു പരാതി. ഇതാണ് ഫോറന്‍സിക് പരിശോധനയിലേക്കു നയിച്ചത്.
ലംബോദരന്‍ മൂന്നാറില്‍ കൈവശപ്പെടുത്തിയ ഭൂമിയുടെ പട്ടയരേഖയിലെ ഒപ്പ്–വിരലടയാളം എന്നിവയില്‍ കൃത്രിമം നടന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നായിരുന്നു ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയതോടെയാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തായത്. ഈ കേസില്‍ വിധി ഇതുവരെ വന്നിട്ടില്ല.
അതേസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കും കുടുംബത്തിനുമെതിരെ ചിലര്‍ ഉന്നയിക്കുന്നതെന്ന് എം.എം. ലംബോദരന്‍ പറഞ്ഞു. ഭൂമി കയ്യേറിയെന്ന ആരോപണം ശരിയല്ല. 17 വര്‍ഷം മുന്‍പു പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിലവില്‍ പാര്‍ട്ടി അംഗത്വം പോലുമില്ല. കൃഷിയിലൂടെയാണ് വരുമാനമുണ്ടാക്കിയത്. കരമടയ്ക്കുന്ന വസ്തു മാത്രമാണ് തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളത്. പുലരി പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ അഞ്ചു ഡയറക്ടര്‍മാരാണുള്ളത്. ഭാര്യയ്ക്കും മകനും പുറമേ പുറത്തുനിന്നുള്ള ബിസിനസുകാരായ മൂന്നുപേര്‍ കൂടി ഡയറക്ടര്‍മാരായുണ്ട്. ഏലം ലേലകേന്ദ്രത്തിനായി ലൈസന്‍സ് ലഭിച്ചാല്‍, ബാങ്കിന്റെ വായ്പ ഉറപ്പാക്കാമെന്ന ധാരണയിലാണ് പുറത്തുനിന്നുള്ള മൂന്നുപേരെ കൂടി ഡയറക്ടര്‍മാരായി ഉള്‍പ്പെടുത്തിയത്.
പുലരി പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വിഹിതം നാലര ലക്ഷം രൂപ മാത്രമാണ്. ഇക്കാര്യം റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ അന്വേഷിച്ചാല്‍ അറിയാം. പുലരി പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കറന്റ് അക്കൗണ്ട് കുഞ്ചിത്തണ്ണിയിലെ ബാങ്കിലാണ്. ഇത് ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ഇതു സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും സ്പൈസസ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ലംബോദരന്‍ പറഞ്ഞു.
courtesy:manorama