ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നുള്ള കൊലപാതകവും കേരളത്തിലും. പാലക്കാട് അട്ടപ്പാടിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. മോഷണക്കുറ്റമാരോപിച്ചാണ് കൊലപാതകികള്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്നത്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്.
ആള്‍ക്കാര്‍ ഇയാളെ മോഷണം നടത്തി എന്ന് ആരോപിച്ച് മര്‍ദ്ദിച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.
മാനസിക അസ്വാസ്ഥ്യമുള്ള ഇയാള്‍ പലപ്പോഴും കാടിനുള്ളിലാണ് താമസം. ഇന്ന് ഉച്ചയോടെ നാട്ടുകാര്‍ മോഷണകുറ്റമാരോപിച്ച് മധുവിനെ പിടികൂടി മര്‍ദ്ദിച്ചശേഷം മുക്കാലി ടൗണില്‍ എത്തിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് അഗളി പൊലീസ് സ്ഥലത്തെത്തി മധുവിനെ കസ്റ്റഡിയിലെടുത്തു.
പൊലീസ് വാഹനത്തില്‍ വെച്ച് മധു ഛര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. നാട്ടുകാര്‍ മര്‍ദ്ദിച്ചിട്ടുണ്ടാകാമെന്ന് അഗളി ഡിവൈഎസ്പി സുബ്രമണ്യന്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മര്‍ദ്ദിച്ച ആളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ആള്‍ക്കാര്‍ മധുവിനെ കൈകള്‍ കെട്ടി നിര്‍ത്തിയിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നു.