വീണ്ടും പശുക്കൊലപാതകം..!! മൂന്നുപേരെ നാട്ടുകാര്‍ അടിച്ചുകൊന്നു; സംഭവം ബിഹാറിലെ സരണ്‍ ജില്ലയില്‍

പട്ന: പശുവിന്റെ പേരില്‍ വീണ്ടും രാജ്യത്ത് അരുംകൊലകള്‍. പശുവിനെ മോഷ്ടിച്ചുകടത്തുന്ന സംഘമെന്ന് ആരോപിച്ച് ബിഹാറിലെ സരണ്‍ ജില്ലയില്‍ മൂന്നു പേരെ നാട്ടുകാര്‍ അടിച്ചുകൊന്നു. ബനിയപുരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

കാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പുലര്‍ച്ചെ 4.30ഓടെ പ്രദേശവാസികള്‍ ചേര്‍ന്ന് മൂന്ന് പേരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. വൈകാതെ പോലീസ് സ്ഥലത്തെത്തുകയും ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു.

അടുത്ത ഗ്രാമത്തിലുള്ള മൂവരും ഒരു പിക് അപ് വാനില്‍ എത്തിയപ്പോഴാണ് ഇവരെ പിടികൂടിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. അവരുടെ വാഹനത്തില്‍ ഒരു പശു ഉണ്ടായിരുന്നതായും ഇവര്‍ ആരോപിക്കുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ ഗ്രാമവാസികളായ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top