5 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു ; ഏറ്റുമാനൂരിൽ മുങ്ങിയ പ്രതിയെ അസമിലെത്തി പൊക്കി ജില്ലാ പൊലീസ്

കോട്ടയം:
ഏറ്റുമാനൂരിലെ മൊബൈൽ ഷോപ്പിൽ നിന്നും അഞ്ചു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അസം സ്വദേശിയെ അഞ്ചാം ദിവസം ജില്ലാ പൊലീസ് നാട്ടിലെത്തി പൊക്കി. അസം പൊലീസിലെ മലയാളിയായ വനിതാ എസ്പിയുടെ സഹായത്തോടെയാണ് ഏറ്റുമാനൂർ പൊലീസിന്റെ പ്രത്യേക സംഘം പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂരിലെ എസ്.എസ് മൊബൈൽ ഫോൺ ഷോപ്പിൽ നിന്നും മോഷണം നടത്തിയ അസം മോറിഗോൺ ജാഗിറോഡ് മോർപായക് നെല്ലിയിൽ ആഷിഖ് ഉൾ ഇസ്ലാം(18)നെയാണ് ഏറ്റുമാനൂർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിന് സമീപത്തെ എസ്.എസ് മൊബൈൽ ഷോപ്പിൽ നിന്നാണ് അർദ്ധരാത്രിയിൽ അഞ്ച് ലക്ഷത്തോളം വിലവരുന്ന മൊബൈൽ ഫോണുകൾ മോഷണം പോയത്. ഷോപ്പിന്റെ പിൻഭാഗത്തെ ഭിത്തി തുരന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതി, ഇത് പരാജയപ്പെട്ടതോടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറി ലക്ഷങ്ങൾ വില വരുന്ന 16 മൊബൈൽ ഫോണുകൾ കവരുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയെപ്പറ്റി കൃത്യമായ സൂചകളൊന്നുമില്ലാതിരുന്ന കേസിൽ പൊലീസിനെ സഹായിച്ചത് പ്രദേശത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും, കൊവിഡ് ലോക്ക് ഡൗൺ സമയത്ത് സഹായിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ ചിത്രങ്ങളും, വിവരങ്ങളുമായിരുന്നു. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിനും പരിസരത്തുമുള്ള മുപ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതി ആഷിഖ് ഉൾ ഇസ്ലാമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ലോക്ക് ഡൗൺ സമയത്തും മുൻപുമായി ഏറ്റുമാനൂരിലെത്തിയിരുന്ന പതിനായിരത്തോളം അതിഥിതൊഴിലാളികളുടെ പേരും ചിത്രവും വിവരവുമടക്കം പരിശോധിച്ച് സിസിടിവി ക്യാമറ ദൃശ്യങ്ങളുമായി ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പിന്നീട്, പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ നാട്ടിലേയ്ക്കു മടങ്ങിയതായി കണ്ടെത്തി. തുടർന്നു, കേസ് അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സി.ആർ രാജേഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ വി.എസ് ഷീബുക്കുട്ടൻ, സിപിഒമാരായ സാബു പി.ജെ, ഡെന്നീസ് സി ജോയ് എന്നിവരടങ്ങുന്ന സംഘം അസമിലേയ്ക്കു തിരിച്ചു.

മോഷണ ശേഷം പ്രതി നാട്ടിലെത്തി രണ്ടു ദിവസത്തിനുള്ളിൽ തന്നെ ജില്ലാ പൊലീസും സ്ഥലത്ത് എത്തി. തുടർന്നു, പ്രതിയെ അറസ്റ്റ് ചെയ്യുകയും, ഇയാളുടെ പക്കലുണ്ടായിരുന്ന അഞ്ചു ലക്ഷത്തോളം രൂപ വില വിരുന്ന മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. അസമിലെ മോറിഗോൺ എസ്പിയും മലയാളിയുമായ അപർണ്ണ നടരാജന്റെ സഹായവും പൊലീസ് സംഘത്തിന് ലഭിച്ചിരുന്നു.

ആളുകൾ തിങ്ങിപാർക്കുന്ന ക്രിമിനൽ സ്വഭാവമുള്ള പ്രദേശത്താണ് പ്രതി ആഷിഖ് ഉൾ ഇസ്ലാം താമസിച്ചിരുന്നത്. ഇവിടെയെത്തിയ പൊലീസ് സംഘം പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ആദ്യ ലോക്ക് ഡൗണിന് മുൻപ് ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും ഐസ് ലോറിയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു പ്രതി. ലോക്ക് ഡൗൺ സമയത്ത് തന്നെ തിരികെ നാട്ടിലേക്ക് പോയ ഇയാൾ രണ്ടാഴ്ച മുൻപ് ജോലി തേടി പെരുമ്പാവൂരിലെത്തുകയായിരുന്നു. തുടർന്ന് ജോലിയൊന്നും ലഭിക്കാതെ വന്നതോടെ ഏറ്റുമാനൂരിൽ എത്തി മോഷണം നടത്തി തിരികെ മടങ്ങുകയായിരുന്നു.

ജില്ലയിൽ അടുത്തിടെ നടന്ന മോഷണങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് രക്ഷപെട്ട പ്രതികളെ പോലും പിന്നാലെ എത്തി പിടികൂടിയിരിക്കുകയാണ് ജില്ലാ പൊലീസ്.

Top