കൊച്ചി: കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയത്.
മാഞ്ഞാലി സ്വദേശിയായ ടിക്സന് വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിച്ചുവന്നത്. കഴിഞ്ഞദിവസം വരെയും ചൂതാട്ടം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഫ്ലാറ്റില്‍ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മരട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ സമാനമായ രീതിയില്‍ പരിശോധന നടത്തുന്നുണ്ട്.
അതേസമയം മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് അപകടത്തില്‍ മരിച്ച കേസില്‍ മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേരെ പോലീസ് തിരിച്ചറിഞ്ഞു.ഇതില്‍ ഏഴ് യുവതികളും ഉള്‍പ്പെടും. ഏഴു പോലീസ് സ്റ്റേഷനുകളിലായാണ് കേസ് എടുത്തിരിക്കുന്നത്.
പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.അതേസമയം സൈജുവുമായി അടുത്ത ബന്ധമുള്ള യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
ഇയാളുമായി വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്തവരെയും സൈജുവിന്റെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച ദൃശ്യങ്ങളിലുള്ളവരെയുമാണ് ഇന്നലെ അന്വേഷണ സംഘം ചോദ്യംചെയ്തത്.തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ടുകൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് കേസുകള്‍ എടുത്തിരിക്കുന്നത്. സൈജുവിനെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോഡലുകളുടെ മരണത്തെത്തുടര്‍ന്ന് വിവാദത്തിലായ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിനെതിരേ എക്സൈസ് വകുപ്പ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.സംഭവദിവസം രാത്രി സമയപരിധി കഴിഞ്ഞിട്ടും മദ്യം വിറ്റതിനാണ് എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനു മുമ്പ് ഒക്ടോബര്‍ 23ന് സമയം കഴിഞ്ഞ് മദ്യം വിറ്റതിന് നേരത്തെ കേസെടുത്തിരുന്നു.തുടര്‍ച്ചയായി ഇവിടെ നിയമലംഘനം നടക്കുന്നതായി കാണിച്ചുള്ള റിപ്പോര്‍ട്ട് നേരത്തെ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അതിനിടെ സൈജുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.