സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതിനായി നുണകള്‍ പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് വിദേശ ഏജന്‍സികളെ വാടകക്കെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കോണ്‍ഗ്രസ് സംസ്‌കാരം അവസാനിക്കാതെ രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുമായും സംസ്ഥാന ഭാരവാഹികളുമായും ‘നരേന്ദ്ര മോദി ആപ്പി’ലൂടെ സംവദിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന്റെ നുണകളില്‍ വീഴരുതെന്നും ജനങ്ങളുമായുള്ള ആശയവിനിമയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മോദി സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മതപരമായ രീതിയില്‍ സമൂഹത്തെ വിഭജിക്കുന്നതില്‍ മാത്രമാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ചില സമുദായങ്ങളുടെ വികാരങ്ങള്‍ ചൂഷണം ചെയ്യുകയും തെരഞ്ഞെടുപ്പിന് ശേഷം അവരെ മറക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയെന്നും മോദി കുറ്റപ്പെടുത്തി.
”അവരുടെ പ്രവൃത്തിയെ കുറിച്ച് അവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. സമൂഹത്തെ വിഭജിക്കുന്നത് അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. മുഖ്യധാരയില്‍ നിന്ന് കോണ്‍ഗ്രസ് സംസ്‌കാരം അവസാനിക്കുന്നത് വരെ രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ല”, പ്രധാനമന്ത്രി ആരോപിച്ചു. വ്യാപകമായ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന വ്യാജ പ്രചരണങ്ങളില്‍ വീണുപോകരുത്. അത്തരം സാഹചര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കണം. കോണ്‍ഗ്രസിന്റെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരികയും വേണം. കള്ളങ്ങള്‍ പ്രചരിപ്പിക്കാനായി അവര്‍ വാടകക്കെടുക്കുന്ന വിദേശ ഏജന്‍സികളെയും തുറന്നുകാട്ടണമെന്നും മോദി പറഞ്ഞു.