പനാജി: ഗോവയിൽ വിജയമുറപ്പിച്ചു എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി .ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ബിജെപിയുടെ വിലയിരുത്തൽ .എന്നാൽ സ്വന്തം സ്ഥാനാർത്ഥികൾ വിജയിച്ചു വന്നാൽ കൂറുമാറ്റത്തിൽ ഭയന്ന് വിറച്ചിരിക്കുകയാണ് കോണ്‍ഗ്രസും ആം ആദ്മിയും.അതിനാൽ തന്നെ സ്ഥാനാർത്ഥികളെ കൊണ്ട് കൂറുമാറില്ലെന്ന പ്രതിജ്ഞയും എടുപ്പിച്ചിരിക്കയാണ് .
ബി ജെ പിയെ സംബന്ധിച്ചിടത്തോളം മനോഹര്‍ പരീക്കറിന്റെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്ററുകളിലും മോദിയുടേത് ഉള്‍പ്പെടെ എല്ലാ പ്രസംഗങ്ങളിലും പരീക്കര്‍ ഇടം നേടുമ്പോള്‍, സീറ്റ് നിഷേധിക്കപ്പെട്ട മകന്‍ ഉത്പല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്.
പനാജിയില്‍ ബി ജെ പിയെ പരാജയപ്പെടുത്തുമെന്നാണ് ഉത്പല്‍ പറയുന്നത്. പരീക്കറിന്റെ മരണത്തിന് ശേഷം പ്രമോദ് സാവന്താണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. തന്റെ സീറ്റായ സാന്‍ക്വലിമില്‍ നിന്ന് മൂന്നാം തവണയും മത്സരത്തിനുണ്ട് പ്രമോദ് സാവന്ത്. അദ്ദേഹത്തിന്റെ നേതൃത്വം ഈ തെരഞ്ഞെടുപ്പില്‍ പരീക്ഷിക്കപ്പെടും.
മുഖ്യമന്ത്രിയായി തിരിച്ചുവരുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും ബി ജെ പിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ തിരഞ്ഞെടുപ്പ്. ആദ്യമായാണ് ബി ജെ പി 40 സീറ്റുകളിലും മത്സരിക്കുന്നത്. 13 സീറ്റുകള്‍ മാത്രം നേടിയിട്ടും പ്രാദേശിക സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ച 2017 ല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രി മൈക്കിള്‍ ലോബോ ഉള്‍പ്പെടെ നാല് സിറ്റിംഗ് എം എല്‍ എമാര്‍ ബി ജെ പി വിട്ടിരുന്നു. കൂടാതെ 2019 ല്‍ കോണ്‍ഗ്രസില്‍ നിന്നും എം ജി പിയില്‍ നിന്നും ബി ജെ പിയിലേക്ക് കൂറുമാറിയ 12 പേരില്‍ നാല് സിറ്റിംഗ് എം എല്‍ എമാരെ ഇത്തവണ ഒഴിവാക്കിയാണ് പാര്‍ട്ടി മത്സരിക്കുന്നത്. പ്രചരണത്തിന്റെ അവസാന ലാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യം വെച്ചായിരുന്നു പ്രചരണം നയിച്ചത്.
ജവഹര്‍ലാല്‍ നെഹ്റു ആഗോള പ്രതിച്ഛായ സംരക്ഷിക്കാന്‍ വേണ്ടി ഗോവയുടെ വിമോചനം ഏകദേശം 15 വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന് മോദി ആരോപിച്ചു. പാര്‍ട്ടിയുടെ ചില സ്ഥാനാര്‍ത്ഥികള്‍ ബി ജെ പിയിലേക്ക് കൂറുമാറാന്‍ പണം സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു ഹിന്ദി ചാനലിന്റെ ‘സ്റ്റിംഗ് ഓപ്പറേഷനു’ എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിച്ച് പരാതി നല്‍കിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസും സമാനമായ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 37 സ്ഥാനാര്‍ത്ഥികളും സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുക്കപ്പെട്ടാല്‍ കൂറുമാറില്ലെന്ന് ഭരണഘടനയെ തൊട്ട് പ്രതിജ്ഞയെടുത്തിരുന്നു. ആം ആദ്മി പാര്‍ട്ടിയും സമാനമായ പ്രതിജ്ഞയെടുത്തിട്ടുണ്ട്.
അതേസമയം, എണ്ണത്തില്‍ ശക്തരായ ഭണ്ഡാരി സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളുമായി ആം ആദ്മി തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ്. ആവശ്യമെങ്കില്‍ ബി ജെ പി ഇതര പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന് തയ്യാറാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐ-പിഎസിയുമായാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയിലെത്തിയത്. മമത ബാനര്‍ജി രണ്ട് തവണ ഗോവ സന്ദര്‍ശിച്ചിരുന്നു. ഗോവയിലെ ഏറ്റവും പഴയ പ്രാദേശിക ശക്തിയായ എം ജി പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട് തൃണമൂല്‍.
പരസ്യപ്രചരണങ്ങള്‍ ശനിയാഴ്ച അവസാനിച്ച ഗോവയില്‍ നാളെ വോട്ടെടുപ്പ് നടക്കും. കോണ്‍ഗ്രസിനേയും ബി ജെ പിയേയും കൂടാതെ ആം ആദ്മി പാര്‍ട്ടിയും ഗോവയില്‍ മത്സരിക്കുന്നുണ്ട്. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍ സി പി കക്ഷികളും സഖ്യമായി ഗോവയില്‍ തങ്ങളുടെ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു.
40 സീറ്റുകളാണ് ഗോവന്‍ നിയമസഭയിലുള്ളത്. 11,64,522 വോട്ടര്‍മാരാണ് രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനത്തെ 301 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് ഗോവയിലെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതില്‍ ഒരു കാരണം. ഒരു നിയോജക മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികളുണ്ട്.
ഗോവ പോലുള്ള ഒരു ചെറിയ സ്ഥലത്ത് അത് വലിയ സംഖ്യയാണ്. നേരത്തെ കോണ്‍ഗ്രസ്, ബി ജെ പി, എം ജി പി എന്നിവയായിരുന്നു ഉണ്ടായിരുന്നു. അപ്പോള്‍ ആരു തമ്മിലാണ് മത്സരമെന്ന് മിക്കവര്‍ക്കും അറിയാമായിരുന്നു. ഇതാണ് ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. അതേസമയം സംസ്ഥാനത്തിന് പുറത്തുള്ളവര്‍ എന്ന ഇമേജാണ് ആം ആദ്മിയ്ക്കും തൃണമൂലിനും മറികടക്കേണ്ടത്.