ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ അഭിമുഖത്തിന്റെ നാലാമതു ഭാഗം പുറത്തുവന്നു. അമ്മയുടെ വാക്കുകളില്‍ തന്നെ ഏറെ സ്വാധീനിച്ചത് ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്നു അമ്മ പ്രതിജ്ഞ ചെയ്യിപ്പിച്ചതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയാണ് ഇക്കാര്യം ഉറപ്പു നല്‍കാന്‍ ആവശ്യപ്പെട്ടത്. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ ഓര്‍മ്മപ്പെടുത്തി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഒരു സ്ത്രീയാണ് ഒരിക്കലും അഴിമതി നടത്തരുതെന്ന് എന്നോടു പറഞ്ഞതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ അമ്മയ്ക്കു താന്‍ പ്രധാനമന്ത്രിയായതിനെക്കാള്‍ വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്ന്അ മോദി വ്യക്തമാക്കി.
അതാണ് അമ്മ കൂടുതല്‍ പ്രാധാന്യത്തോടെ കണ്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പ് അമ്മയെ കാണാന്‍ പോയത് അദ്ദേഹം അഭിമുഖത്തില്‍ വിവരിച്ചു. ആ സമയത്തു ന്യൂഡല്‍ഹിയിലാണു ഞാന്‍ താമസിച്ചിരുന്നത്. അമ്മ സഹോദരന്റെ കൂടെയായിരുന്നു. അഹമ്മദാബാദില്‍ അപ്പോള്‍ ആഘോഷങ്ങള്‍ തുടങ്ങി. അമ്മയുടെ മകന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന കാര്യം അവര്‍ക്ക് അറിയാം. അമ്മ എന്നെ നോക്കി, പിന്നീടു കെട്ടിപ്പിടിച്ചു. നീ ഗുജറാത്തിലേക്കു തിരികെയെത്തിയതാണു വലിയ കാര്യമെന്നു പറഞ്ഞു. അതാണ് അമ്മയുടെ സ്വഭാവം. ചുറ്റും എന്തു നടക്കുന്നുവെന്നത് അവര്‍ക്കു പ്രധാനപ്പെട്ടതല്ല. മക്കളെ ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് എപ്പോഴും അവരുടെ ആവശ്യം. പണ്ട് എനിക്ക് എവിടെയെങ്കിലും സാധാരണ ജോലി കിട്ടിയെന്നറിഞ്ഞാല്‍ അമ്മ ഗ്രാമത്തില്‍ മുഴുവന്‍ മധുര വിതരണം നടത്തും. അതുകൊണ്ടു മുഖ്യമന്ത്രി സ്ഥാനമോ മറ്റു സ്ഥാനങ്ങളോ അവര്‍ക്കു കാര്യമല്ല.
ആ സ്ഥാനത്ത് ഇരിക്കുന്നയാള്‍ സത്യസന്ധനായിരിക്കാന്‍ പരിശ്രമിക്കുകയും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നതുമാണു പ്രധാനം മോദി നിലപാടറിയിച്ചു. 2014ല്‍ പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് 13 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി. പിറന്നാള്‍ ഉള്‍പ്പെടെയുള്ള പ്രധാന ദിവസങ്ങളിലും ഗുജറാത്ത് സന്ദര്‍ശന വേളകളിലും പ്രധാനമന്ത്രി അമ്മ ഹീരാബെന്‍ മോദിയെ കാണാനെത്താറുണ്ട്. ആകെ അഞ്ച് ഭാഗമാണ് അഭിമുഖം. നേരത്തേയുള്ള ഭാഗങ്ങളില്‍ കുട്ടിക്കാലവും ബിജെപി, ആര്‍എസ്എസ് സംഘടനകളുമായുള്ള അടുപ്പവും, ഹിമാലയ വാസവുമാണു പ്രധാനമന്ത്രി വിവരിച്ചത്.