എംസി ആറിന്റെ പരസ്യത്തിന്റെ പേരില്‍ അമ്പത് കോടി ആവശ്യപ്പെട്ട് ശോഭനാ ജോര്‍ജ്ജിന് മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്

എംസിആറിന്റെ പരസ്യത്തില്‍ ചര്‍ക്കയുമായി എത്തിയ മോഹന്‍ലാലിനെ വിമര്‍ശിച്ച ഖാദിബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജിനെതിരെ മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ്. അമ്പത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നാണ് ശോഭനാ ജോര്‍ജ്ജിന് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ചര്‍ക്കയില്‍ കൈകൊണ്ട് നൂല്‍ നൂല്‍ക്കുന്നതുമായി പുലബന്ധം പോലും ഇല്ലാത്ത സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ ചര്‍ക്ക ഉപയോഗിച്ച് മോഹന്‍ലാല്‍ അഭിനയിക്കുന്നതിനെ കഴിഞ്ഞ വര്‍ഷം സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ കൂടിയായ ശോഭാനാ ജോര്‍ജ് ശക്തമായി വിമര്‍ശിക്കുകയായിരുന്നു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കി എന്നും പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍ അമ്പതുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. നിരവധി ന്യായങ്ങള്‍ നിരത്തി മോഹന്‍ലാല്‍ രംഗത്ത് എത്തിയിട്ടുള്ളത്. താന്‍ സംസ്ഥാന സര്‍ക്കാരിനാലും കേന്ദ്രസര്‍ക്കാരിനാലും വിദേശങ്ങളില്‍ നിന്നുമെല്ലാം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയാണെന്നും തനിക്ക് അപകീര്‍ത്തിയുണ്ടാക്കി ശോഭനാ ജോര്‍ജിന്റെ പരാമര്‍ശങ്ങളെന്നും വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ചര്‍ക്ക ഒരു തൊഴിലുപകരണം മാത്രമാണെന്നും അതിന് മറ്റാര്‍ക്കും പേറ്റന്റ് ഇല്ലെന്നുമാണ് താരം വാദിക്കുന്നത്.

ഖാദി ഉല്‍പന്നങ്ങളുടെ പ്രചരണാര്‍ത്ഥം നടന്ന പരിപാടിക്കിടെയാണ് കഴിഞ്ഞവര്‍ഷം ശോഭനാ ജോര്‍ജിന്റെ പരാമര്‍ശം വന്നത്. ഖാദി ഉല്‍പന്നങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ശോഭനാ ജോര്‍ജ് ലാലിന്റെ പരസ്യ ചിത്രത്തെ വിമര്‍ശിച്ചത്. ദേശീയതയുടെ അടയാളങ്ങളില്‍ ഒന്നാണ് ചര്‍ക്കയെന്നും ഖാദിയുമായോ ചര്‍ക്കയുമായോ ബന്ധമില്ലാത്ത ഒരു സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കും.

ഖാദിയെന്ന പേരില്‍ വ്യാജ തുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാകുന്നുണ്ട്. ഇതുകൂടെ പരിഗണിച്ചുവേണം ഇത് വിലയിരുത്തേണ്ടതെന്ന് കോഴിക്കോട് ഓണം-ബക്രീദ് മേളയുടെ ഉദ്ഘാടന വേളയില്‍ ശോഭനാ ജോര്‍ജ് വിമര്‍ശിക്കുകയായിരുന്നു. മാത്രമല്ല, ഇത്തരമൊരു പരസ്യത്തില്‍ അഭിനയിച്ചതിന് ലാലിനും പരസ്യം പിന്‍വലിക്കണണെന്ന് ആവശ്യപ്പെട്ട് പരസ്യ സ്ഥാപനത്തിന്റെ എംഡിക്കും വക്കീല്‍ നോട്ടീസ് അയച്ചതായും അന്ന് ശോഭന വ്യക്തമാക്കിയിരുന്നു

അതേസമയം, യന്ത്രത്തറികൊണ്ട് ഉണ്ടാക്കുന്ന മു്ണ്ടുകളുടേയും മറ്റും പരസ്യത്തില്‍ എന്തിനാണ് ചര്‍ക്കയുമായി വന്നതെന്ന കാര്യമാണ് അന്ന് ശോഭനാ ജോര്‍ജ് ചോദ്യം ചെയ്തത്. ഇത് ന്യായമെന്ന് മനസ്സിലാക്കിയതോടെ പ്രതിഷേധം ഭയന്ന് എംസിആര്‍ ആ പരസ്യം പിന്‍വലിക്കുകയും ചെയ്തിരുന്നു.

.

Top