കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പുറത്താക്കാനുള്ള അമ്മയുടെ മുന്‍തീരുമാനം താരസംഘടനയിലെ പിളര്‍പ്പൊഴിവാക്കാനുള്ള വെറും തന്ത്രമാത്രമായിരുന്നുവെന്ന വിലയിരുത്തല്‍ സജീവമാക്കി പ്രസിഡന്റ് മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം. ദിലീപിന്റെ അറസ്റ്റ് സംഘടനയ്ക്ക് ആഘാതമായിരുന്നുവെന്നും പുറത്താക്കിയത് തത്രപ്പാടിലായിരുന്നുവെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു കഴിഞ്ഞു. പുറത്താക്കിയ ശേഷമാണ് നിയമപ്രശ്‌നം മനസ്സിലാക്കിയത്. ദിലീപ് വിഷയത്തില്‍ അമ്മ പിളരുന്ന സാഹചര്യം വരെ ഉണ്ടായിയെന്നും മോഹന്‍ലാല്‍ സമ്മതിച്ചു.
ദിലീപ് തെറ്റുകാരനല്ലെങ്കില്‍ തിരിച്ചു സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു. താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. എന്നാല്‍ ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും താര സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ പറയുന്നു. ഇതില്‍ നിന്ന് തന്നെ ദിലീപ് കുറ്റക്കാരനല്ലെന്ന ധ്വനിയാണ് മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്. ജനറല്‍ ബോഡിയില്‍ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല. ആര്‍ക്കുവേണമെങ്കിലും അഭിപ്രായം പറയാം. പക്ഷേ ആരും അതിനെതിരെ പറഞ്ഞില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
ദിലീപ് അവസരങ്ങള്‍ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നല്‍കിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങള്‍ക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?ഇങ്ങനെയാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. ദിലീപിനെ തള്ളിപ്പറയാതെ തന്ത്രപരമായ നിലപാടുകളുമായി മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തിന് എത്തിയത് സംഘടനയിലെ മറ്റുള്ളവരുടെ വികാരം കൂടി മനസ്സിലാക്കിയാണ്. ദിലീപിനെ പുറത്താക്കിയത് സമ്മര്‍ദ്ദത്തിന്റെ ഫലമായാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇപ്പോഴും സംഘടനയില്‍ ഇതു സംബന്ധിച്ച ഭിന്നതയുണ്ടെന്ന തുറന്ന് സമ്മതിക്കല്‍ കൂടിയാണ് ഇത്. എന്നാല്‍ ഭൂരിപക്ഷം ദിലീപിനൊപ്പമാണ്. അതുകൊണ്ട് താന്‍ നിസ്സഹായനാണെന്ന് മോഹന്‍ലാല്‍ തുറന്ന് സമ്മതിക്കുന്നു.
ഇന്ന് രാവിലെ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. അതീവ രഹസ്യമായി ചേര്‍ന്ന യോഗത്തിനൊടുവിലാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. ദിലീപ് പുറത്താണെന്ന് പ്രഖ്യാപിക്കാനും ധാരണയായി. ഇതിനൊപ്പം അമ്മ നടത്തുന്ന സാമൂഹിക ഇടപെടല്‍ ചര്‍ച്ചയാക്കാനും ശ്രമിച്ചു. ആരുമറിയാതെ വളരെയധികം സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ ചെയ്യുന്ന ഒരു സംഘടന ഒരിക്കലും പിരിച്ചു വിടാന്‍ പാടില്ല. അക്ഷരവീടെന്ന പേരില്‍ 52പേര്‍ക്ക് വീടുവച്ച് നല്‍കുന്നുണ്ട്. നിര്‍ധനരായ ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. 133 പേര്‍ക്ക് മാസം 5000 രൂപ കൈനീക്കം. 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്. സംഘടനയില്‍ 248 പുരുഷന്മാരും 236 സ്ത്രീകളുംഅങ്ങനെ അമ്മയുടെ ഗുണഗണങ്ങള്‍ മോഹന്‍ലാല്‍ വാഴ്ത്തി. ഇതിനിടെയാണ് ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്. ദിലീപിനെ തള്ളുന്നതിനൊപ്പം പിന്തുണ നല്‍കുന്ന പ്രഖ്യാപനവും.
താരസംഘടനയുടെ നിലപാടിനെതിരെ ശക്തമായ നിലപാടെടുക്കുന്നത് പൃഥ്വിരാജ് മാത്രമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി കുറ്റ വിചാരണ നേരിടുന്ന ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നാല് നടിമാര്‍ രാജിവെച്ത്. ഇവരെ പിന്തുണച്ച് രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ രംഗത്തെത്തുമ്പോഴും അമ്മ സംഘടനയുടെ ഭാരവാഹികള്‍ മൗനത്തിലാണ്. ഇതിനിടെയാണ് തന്റെ നിലപാട് വ്യത്യസ്തമാണെന്ന് വ്യക്തമാക്കി പൃഥ്വിരാജും രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിന് പത്രസമ്മേളനം വിളിക്കേണ്ടി വന്നത്. ഇതു സംബന്ധിച്ച് രേവതിയും പത്മപ്രിയയും പാര്‍വ്വതിയും പരാതി നല്‍കുകയും ചെയ്തിരുന്നു.
ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് പൃഥ്വിരാജ് പ്രതികരിക്കാത്തത് സൈബര്‍ ലോകത്ത് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് മാത്രമാണ് പൃഥ്വിരാജ് കരുതലെടുത്തത്. എന്നാല്‍ അതിശക്തമായ ഭാഷയില്‍ തന്നെ തീരുമാനം തെറ്റാണെന്ന് മോഹന്‍ലാല്‍ അടക്കമുള്ളവരോട് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിനിടെ സൈബര്‍ ലോകത്ത് പൃഥ്വി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം ഉയര്‍ന്നതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. പൃഥ്വിരാജ് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് നേരത്തെ ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ താരമായത് പൃഥ്വിരാജായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ താര സംഘടന പിളരുമെന്ന സൂചനയാണ് നടന്‍ നല്‍കിയത്. ചര്‍ച്ച തുടങ്ങിയപ്പോള്‍ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു.
ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഭരണഘടനയനുസിരിച്ച് പല പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകള്‍ കൂവി തോല്‍പ്പിച്ചതും ഡിസ്ട്രിബ്യൂട്ടര്‍മാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയര്‍ത്തി. നിങ്ങള്‍ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാന്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാമെന്നും പൃഥ്വി തുറന്നടിച്ചു.
ഇതോടെ തര്‍ക്കത്തില്‍ ഇടപ്പെട്ട മോഹന്‍ലാല്‍, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ദിലീപ് വിഷയത്തില്‍ ഉടന്‍ പ്രസ്താവന ഇറക്കാനും തീരുമാനിക്കുകയായിരുന്നു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. തുടര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും സ്ഥലത്തെത്തി പ്രസ്താവന നടത്തുകയാണ് ഉണ്ടായത്. ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ താന്‍ ചിലത് തുറന്ന് പറയുമെന്ന് പൃഥ്വി നിലപാട് വിശദീകരിച്ചിരുന്നു. ഇത് നല്‍കിയത് പിളര്‍പ്പിന്റെ സൂചനയാണ്. ഇതൊഴിവാക്കാന്‍ മാത്രമായിരുന്നു ദിലീപിനെ പുറത്താക്കിയ പ്രഖ്യാപനമെന്ന് സമ്മതിക്കുക കൂടിയാണ് മോഹന്‍ലാല്‍.