വിനീതിന്റെ ദുശീലങ്ങള്‍ മോഹന്‍ലാലിനു നന്നായി അറിയാം

താന്‍ ചെയ്ത എല്ലാ തെറ്റുകളും ചൂണ്ടിക്കാട്ടി തിരുത്താനുപദേശിച്ചതും, മോശം ശീലങ്ങള്‍ മാറ്റാന്‍ സഹായിച്ചതും മോഹന്‍ലാലാണെന്ന് നടന്‍ വിനീത്. ഒരു നല്ല മനുഷ്യനായി മാറാനും നല്ല കലാകാരനായി താന്‍ മാറാനും കാരണം മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യനാണ് എന്നും ഒരു സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
മോഹന്‍ലാല്‍ എന്റെ ജീവിതത്തിലെ മാര്‍ഗ്ഗദര്‍ശിയാണ്. ജീവിതപ്പാതകളിലെ വെളിച്ചമാണ്. വിനീത് വാചാലനായി. പദ്മരാജന്‍ സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പല വിലയേറിയ ഉപദേശങ്ങളും മോഹന്‍ലാല്‍ തന്നു. അവയിലൊന്ന് ചെയ്യുന്ന ജോലിയോട് നൂറു ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തണം എന്നതായിരുന്നു. ജോലിയായിരിക്കണം മറ്റെന്തിനേക്കാളും മുകളില്‍ വരേണ്ടത്. തന്റെ കരിയറിനെ ഇത്തരത്തില്‍ വളരാന്‍ സഹായിച്ചത് ഈ ഉപദേശമായിരുന്നു എന്നും വിനീത് പറയുന്നു.
നമ്മുടെ സ്റ്റാറ്റസോ മറ്റുള്ളവരുടെ സ്റ്റാറ്റസോ നോക്കാതെ എല്ലാവരെയും ഒരു പോലെ കാണാനുപദേശിച്ചതും മോഹന്‍ലാലാണെന്ന് പറഞ്ഞ വിനീത് ഭക്ഷണം കഴിച്ച പാത്രം മറ്റുള്ളവരെ ഏല്‍പ്പിക്കാതെ സ്വയം തന്നെ കഴുകുന്ന ശീലം തന്നെ പഠിപ്പിച്ചതും മോഹന്‍ലാലാണെന്ന് ഓര്‍ക്കുന്നു. ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ താന്‍ മോഹന്‍ലാലിനെ ഓര്‍ക്കും. അദ്ദേഹം എങ്ങനെയാകും അത് ചെയ്യുക എന്ന്. ശേഷം തന്റേതായ രീതിയല്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും വിനീത്.
സമാനതകളില്ലാത്ത അഭിനേതാവാണ് മോഹന്‍ലാലെന്നും, യുവതലമുറയ്ക്ക് റോള്‍ മോഡലാക്കാന്‍ പറ്റിയതാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും വിനീത് പറയുന്നു.
കമലദളം, അമൃതം ഗമയ, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ചിത്രങ്ങളിലെല്ലാം വിനീത് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.

Top