മോഹന്‍ ലാലിന്‍റെ പരസ്യം തലയ്ക്ക് പിടിച്ചു; യുവാവിന്‍റെ പരാക്രമങ്ങള്‍ കണ്ട് ചിരിച്ച് മടുത്ത് നാട്ടുകാര്‍; പുലിവാലുപിടിച്ച് പോലീസും അഗ്നിശമന സേനയും

കോട്ടയം: ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടുമെന്ന മോഹന്‍ ലാലിന്റെ സൂപ്പര്‍ ഹിറ്റ് പരസ്യത്തിലെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് യുവാവ് കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ ചിരിപ്പിക്കും. കോട്ടയം മണര്‍ക്കാടാണ് കഴിഞ്ഞ ദിവസം രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. തൊടുപുഴ സ്വദശിയായ യുവാവാണ് ഒരേ സമയം നാട്ടുകാരെ ചിരിപ്പിക്കുകയും വലയ്ക്കുകയും ചെയ്തത്. അഗ്നിശമനസേനയ്ക്കും പോലീസിനും പിടിപ്പതു പണിയുമായിരുന്നു.

മദ്യം കഴിച്ച ശേഷം ലഹരി കൂട്ടുകയെന്ന ലക്ഷ്യത്തോടെ തൊടുപുഴ സ്വദേശിയായ അരുണ്‍(28) വൈദ്യുതി തൂണിനു മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു. എന്നാല്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി ഇയാളെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശുപത്രിയിലെത്തി അരുണ്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷവും പരാക്രമം തുടര്‍ന്നു. ഇത്തവണ മൊബൈല്‍ ടവറിനു മുകളിലാണ് ഇയാള്‍ വലിഞ്ഞു കയറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മണര്‍കാട് കവലയിലായിരുന്നു സിനിമാ രംഗങ്ങളെ അനുമസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ തുടങ്ങിയത്. മണര്‍കാടുള്ള ഹോട്ടലുകളില്‍ നേരത്തേ അരുണ്‍ ജോലി ചെയ്തിട്ടുണ്ട്.

മദ്യലഹരിയില്‍ മണര്‍കാട് ഗവ യുപി സ്‌കൂളിനു മുന്നിലുളള വൈദ്യുതി തൂണില്‍ അരുണ്‍ കയറുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ കൂടി. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പോലീസിന്റെ ശ്രമം പാളിയതോടെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി. അവര്‍ അരുണിനെ താഴെയിറക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങിയ ശേഷം അരുണ്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറിപ്പറ്റി. നാട്ടുകാര്‍ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ വീണ്ടും അഗ്നിശമന സേന ഇവിടെയെത്തി അരുണിനെ താഴെയിറക്കുകയായിരുന്നു.
ഇത്രയും പരാക്രമങ്ങള്‍ നടത്താന്‍ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ഉയരത്തില്‍ ഇരുന്നാല്‍ മദ്യത്തിന്റെ ലഹരി വര്‍ധിക്കുമെന്ന് തോന്നിയതിനെ തുടര്‍ന്നാണെന്നായിരുന്നു അരുണിന്റെ മറുപടി.

Top