കര്‍ഷക സമരത്തിന്റെ മുഖമായി മാറിയ ദാദിമാര്‍; വാര്‍ദ്ധക്യത്തിന്റെ യുവത്വം

മോദി സര്‍ക്കാരിനെ ആറെ വിറപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് കര്‍ഷക സമരം. സമരത്തിന്റെ മുന്‍പന്തിയില്‍ തന്നെയുള്ള രണ്ട് വൃദ്ധകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഷഹീന്‍ബാഗ് സമരം നയിച്ച ബില്‍ക്കിസ് ബാനു ദാദിയുടെ ഛായയുള്ള ഇവരിലൊരാള്‍ ബില്‍ക്കീസ് ബാനു ആണെന്ന നിലയിലാണ് ആദ്യം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ ഇപ്പോള്‍ അവരുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നിട്ടുണ്ട്.

പഞ്ചാബിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള 80 വയസ് കഴിഞ്ഞ മൊഹീന്ദര്‍ കൗറും ജംഗീര്‍ കൗറുമാണ് ലോകം ശ്രദ്ധിക്കുന്ന ആ രണ്ട് വൃദ്ധകള്‍. സമരത്തിന്റെ തന്നെ മുഖമായി മാറിയിരിക്കുകയാണ് ഇവര്‍. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് ഇവരുടെ സാന്നിധ്യം ആദ്യം ചര്‍ച്ചയായത്. പഞ്ചാബിലെ ബതീന്ദാ ജില്ലയില്‍ നിന്നുള്ള മുത്തശ്ശിയാണ് മൊഹീന്ദര്‍ കൗര്‍, ജംഗീര്‍ കൗര്‍ ബര്‍ണാലയില്‍ നിന്നും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. സെപ്തംബര്‍ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധവുമായി കര്‍ഷകര്‍ എത്തിയപ്പോള്‍ കൂനിക്കൂടി ഇവരും പങ്കാളികളായി. ഫത്തേഗറിലെ ജാണ്ഡിയ ഗ്രാമത്തില്‍ 12 ഏക്കറോളം ഭൂമി സ്വന്തമായിട്ടുള്ളയാളാണ് മൊഹീന്ദര്‍. ഷഹീന്‍ബാഗില്‍ നടന്ന സിഎഎ പ്രതിഷേധത്തിന്റെ മുഖമായിരുന്ന ബില്‍കിസ് ബാനുവാണെന്ന് തെറ്റിദ്ധരിച്ച് കഴിഞ്ഞ ദിവസം അബദ്ധംപറ്റി ബോളിവുഡ് താരം കങ്കണാറാണത്ത് ട്രോളിയത് മൊഹീന്ദറിനെ ആയിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ് കങ്കണ തന്നെ ട്വീറ്റ് നീക്കുകയും ചെയ്തു.

അതേസമയം കങ്കണയ്ക്ക് ട്വീറ്റിലൂടെ മൊഹീന്ദര്‍ മറുപടിയും നല്‍കി. തന്റെ കുടുംബത്തില്‍ ആവശ്യത്തിന് പണമുണ്ടെന്നും പണത്തിന് വേണ്ടി പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ട ആവശ്യം ഇല്ലെന്നും വേണമെങ്കില്‍ അങ്ങോട്ട് സംഭാവന നല്‍കാമെന്നുമായിരുന്നു മൊഹീന്ദറിന്റെ മറുപടി ഭര്‍ത്താവ് ലാഭ് സിംഗിനൊപ്പം സെപ്തംബറില്‍ ബാദല്‍ ഗ്രാമത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തയാളാണ് മൊഹീന്ദര്‍ കൗര്‍. ഡല്‍ഹിയില്‍ എത്താന്‍ താന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. വാര്‍ദ്ധക്യത്തിന്റെ കൂന് പേറിയായിരുന്നു കൗര്‍ നടന്നത്. ദശകങ്ങളായി കൃഷി ചെയ്യുന്നവരാണ് തങ്ങളെന്നും ഇപ്പോഴും പഴങ്ങളും പച്ചക്കറികളും വീട്ടു വളപ്പില്‍ നട്ടു വളര്‍ത്തുന്നുണ്ടെന്നും പറഞ്ഞു.

ഒരു മാസം മുമ്പ് ബതീന്ദാ ജില്ലയിലെ സാംഗത് ഗ്രാമത്തിലെ ഒരു പെട്രോള്‍പമ്പില്‍ പ്രതിഷേധത്തിന് പോയപ്പോള്‍ ആരോ എടുത്ത ഫോട്ടോയാണ് തന്നെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്ന് മൊഹീന്ദര്‍ പറയുന്നു. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. എല്ലാവരും വിവാഹം കഴിച്ചു.

ബര്‍ണാലാ ജില്ലയിലെ കാട്ടു ഗ്രാമത്തില്‍ നിന്നുള്ളയാളാണ് രണ്ടാമത്തെ സമര മുത്തശ്ശി ജംഗീര്‍ കൗര്‍. തന്റെ മക്കള്‍ മണ്ണിനും അവകാശത്തിനും വേണ്ടി പോരാടുമ്പോള്‍ മകന്റെ ഭൂമിക്ക് വേണ്ടി അവനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ജംഗീര്‍ കൗര്‍ പറഞ്ഞത്. സര്‍ക്കാര്‍ ഞങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും അതിനായി മണ്ണു നഷ്ടമായാല്‍ പോലും ഭയമില്ലെന്നും പറയുന്നു. ജംഗീര്‍ കൗറിന്റെ മകന് ഒരേക്കര്‍ നിലമാണ് ഉള്ളത്.

Top