കോടികളുടെ വെട്ടിപ്പ് നടത്തിയ കേസില്‍ നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതാവ് ജസ്മിന്‍ ഷാക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍. ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമായി ചെയ്ത വെട്ടിപ്പാണെന്ന് എഫ്‌ഐആറില്‍ പറയുന്നതായി റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നും വിശ്വാസ വഞ്ചന കാട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേഴ്സസ് അസോസിയേഷന്‍ നേതൃത്വം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സംഘടനയുടെ അക്കൗണ്ടില്‍ നിന്നും 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തുക കൈമാറിയത് വ്യാജരേഖയുണ്ടാക്കിയാണ്. ഇത് വ്യക്തികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. വ്യാജരേഖ സംഘടനയില്‍ ഹാജരാക്കി വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
മൂന്നരക്കോടി രൂപയുടെ സാമ്പത്തിക കമക്കേട് നടത്തിയെന്നാരോപിച്ച് വൈസ്പ്രസിഡന്റ് സിബി മുകേഷ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി. ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നാലു പേര്‍ക്കെതിരെ കേസെടുത്തത്.
ജനങ്ങള്‍ക്കിടയിലും നേഴ്‌സുമാര്‍ക്കിടയിലും സംഘടന നേടിയെടുത്ത പ്രതിച്ഛായ ഉപയോഗിച്ചാണ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. തങ്ങള്‍ ഒരിക്കലും സംശയിക്കപ്പെടില്ലെന്ന് പ്രതികള്‍ക്ക് ഉറപ്പായിരുന്നു. തങ്ങളെ ചോദ്യം ചോയ്യാനും ആരും മുതിരില്ലെന്നും ജാസ്മിന്‍ ഷായും സംഘവും കരുതി. വെട്ടിപ്പ് നടത്തിയാല്‍ പോലും നേഴ്‌സുമാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തരത്തിലാണ് സംഘടനാ സംവിധാനം കെട്ടിപ്പെടുത്ത് നിലനിര്‍ത്തിയിരിക്കുന്നത്.
നഴ്സസ് അസോസിയേഷന്‍ ദേശീയപ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് കേസില്‍ ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.