കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിന്റെ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉന്നത ഉദ്യോഗസ്ഥർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പോയത് എന്തിനെന്ന് ഹൈക്കോടതി. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും എഡിജിപി മനോജ് എബ്രഹാമിനെയുമാണ് ഹൈക്കോടതി വിമർശിച്ചത്. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വൈരുദ്ധ്യം ശ്രദ്ധിച്ച കോടതി പോലീസിനോട് ഉരുണ്ടുകളിക്കരുതെന്നും സത്യവാങ്മൂലം ആവർത്തിച്ച് വായിക്കാനും ആവശ്യപ്പെട്ടു.
ഇന്റലിജൻസ് അന്വേഷണത്തിനുള്ള സോഴ്‌സ് റിപ്പോർട്ട് ഏതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ആർക്കാണ് മോൻസനെ കുറിച്ച് ആദ്യം സംശയമുണ്ടായതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ കൃത്യമായ മറുപടി പറയാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇന്റലിജൻസ് സോഴ്‌സ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു മറുപടി. എന്നാൽ ആരാണ് സോഴ്‌സ് എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി വീണ്ടും ആവശ്യപ്പെട്ടു.
മോൻസനെക്കുറിച്ച് ആദ്യം സംശയം തോന്നിയത് മനോജ് എബ്രഹാമിനാണോയെന്നും കോടതി ആവർത്തിച്ച് ചോദിച്ചു. എന്നാൽ ഈ ചോദ്യത്തിനും വ്യക്തമായൊരു മറുപടി പറയാൻ ഇന്ന് സർക്കാരിനായിട്ടില്ല. കോടതിക്ക് മുന്നിൽ കിടന്നുരുളരുതെന്ന് വീണ്ടും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിന്റെ പോലീസ് മേധാവി വെറുതെ ഒരു വീട്ടിലേക്ക് കയറിചെല്ലുമോയെന്നും പോയപ്പോൾ സംശയം തോന്നി അന്വേഷണത്തിന് കത്തയച്ചുവെങ്കിൽ അതിന്റെ തുടർനടപടികൾ എന്തായിരുന്നുവെന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാം കത്തയച്ചുവെന്ന് ആദ്യം അവകാശപ്പെടുകയും പിന്നീട് ഇല്ലെന്ന് പറയുകയും ചെയ്ത നടപടി വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിക്കവെയായിരുന്നു കോടതിയുടെ വിമർശനം. കേസ് ഇന്ന് തന്നെ വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്.സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നിൽ ഉരുളെണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു.