കൊച്ചി: വൈദ്യപരിശോധനയ്ക്കിടെ തന്നെ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയതായി പുരാവസ്തു തട്ടിപ്പ കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരേ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി.കഴിഞ്ഞ ദിവസം കളമശേരി മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് എത്തിച്ചപ്പോഴായിരുന്നു സംഭവം.
പെണ്‍കുട്ടിയെ മുറിയിലടച്ചിട്ട് ഡോക്ടമാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് പെണ്‍കുട്ടിയെയും ബന്ധുവിനെയും പിടിച്ചു വെക്കാനുള്ള ശ്രമവും നടന്നു. മോന്‍സന് അനുകൂലമായ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. മോന്‍സന്റെ മകന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നത് കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. ഇന്നലെയാണ് സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വൈദ്യ പരിശോധനയ്ക്ക് ആദ്യം ആലുവ ജനറല്‍ ആശുപത്രിയിലായിരുന്നു പോയത്. എന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേ പരിശോധന നടത്തൂ എന്നറിയച്ചതിനെത്തുടര്‍ന്ന് അങ്ങോട്ടേക്ക് പോവുകയായിരുന്നു. രണ്ട് വനിതാ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി കളമശ്ശേരി മെഡിക്കല്‍ കേളേജിലെത്തിയത്. ഒപ്പം സഹോദരന്റെ ഭാര്യയുമുണ്ടായിരുന്നു.വൈദ്യ പരിശോധനയ്ക്ക് മറ്റൊരു റൂമിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്ന് ഡോക്ടര്‍മാര്‍ കൂടി ചോദ്യം ചെയ്തു.
മോന്‍സണെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. പിന്നീട് ഡോക്ടര്‍മാര്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചു. മുറിയില്‍ നിന്ന് പോവാന്‍ ശ്രമിച്ച തന്നെയും ഇതറിഞ്ഞ ബന്ധുവിനെയും പിടിച്ചിരുത്തി മുറിയുടെ വാതില്‍ കുറ്റിയിട്ടെന്നും പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയുമാണ് ഡോക്ടര്‍മാരുടെ മുറിയിലുണ്ടായിരുന്നത്. പുറത്തേക്ക് പോയേ പറ്റൂ എന്ന് പറഞ്ഞ് ഇവര്‍ ബഹളം വെച്ചതോടെ വാതിലിന്റെ കുറ്റി തുറന്നു. ഇതിനിടയില്‍ ഇവര്‍ പുറത്തേക്ക് കൈ കാണിച്ചതോടെ പുറത്തുണ്ടായിരുന്ന വനിതാ പൊലീസ് ഇവരെ പുറത്തേക്ക് വലിച്ചിറക്കി. രണ്ടു പേരും ഓടി പൊലീസ് വാഹനത്തിലേക്ക് കയറി. ഇവരെ പിടിക്കാന്‍ വിസില്‍ മുഴക്കി ആശുപത്രി ജീവനക്കാരെ വിളിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ബന്ധുവിനൊപ്പം പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പുറത്ത് കാത്തുനിന്ന ക്രൈംബ്രാഞ്ച് സംഘത്തെ വിവരം ധരിപ്പിക്കുകയും അവര്‍ക്കൊപ്പം മടങ്ങുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.മോന്‍സന്റെ മകന്‍ ഡോക്ടറായി ജോലി ചെയ്യുന്നത് ഇവിടെയാണ്. ആ സ്വാധീനത്തിലായിരിക്കാം തന്നെ ഭീഷണിപ്പെടുത്തിയതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണം കളവാണെന്ന് കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചു. ആശുപത്രിയില്‍ എല്ലായിടത്തും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്.അതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. മോന്‍സന്റെ ക്ലിനിക്കില്‍ അമ്മയ്ക്കൊപ്പം ജോലി ചെയ്യവേയാണ് പീഡനത്തിന് വിധേയമായതെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ഉന്നത പഠനത്തിന് സഹായം വാഗ്ദാനം ചെയ്ത് പല തവണ പീഡിപ്പിച്ചുവെന്നും ഒരിക്കല്‍ ഗര്‍ഭിണി ആയെന്നും പെണ്‍കുട്ടി വ്യക്തമാക്കി.പരാതിപ്പെട്ടപ്പോള്‍ മോന്‍സനും ഗുണ്ടകളും ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയായിരുന്നു. മോന്‍സന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെയും പോക്സോ കേസില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്.
അതിനിടെ, മോന്‍സനെതിരെ മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവതിയും പീഡന പരാതി നല്‍കി. നേരത്തെ തന്നെ ഇവര്‍ സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ചിരുന്നു.മോന്‍സന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നതെന്നും ഇവര്‍ പറയുന്നു.