അനീഷിന്റെ ആത്മഹത്യയ്ക്ക് കാരണം അപമാനിക്കുന്ന വീഡിയോ പ്രതികളുടെ ബന്ധുക്കള്‍ വീണ്ടും പ്രചരിപ്പിച്ചത്; ആത്മഹത്യാക്കുറിപ്പില്‍ പ്രതികളുടെ പേരെഴുതിവച്ച് മരണം

അഗളി: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനീഷിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മരണത്തിനു കാരണം ആക്രമണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത ധനേഷ്, രമേശ് എന്നിവരാണെന്നു കുറിപ്പില്‍ പറയുന്നു. അതേസമയം, കൊല്ലം സംഭവത്തെ തുടര്‍ന്നുള്ള അപമാനം താങ്ങാനാകാത്തതാണ് അനീഷിന്റെ മരണത്തിനു കാരണമെന്ന് അമ്മ ലതയും സുഹൃത്തുക്കളും ആരോപിക്കുന്നു.

സംഭവശേഷം അട്ടപ്പാടിയിലെ വീട്ടിലെത്തിയ അനീഷ് മാനസികമായി തകര്‍ന്ന നിലയിലായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് അമ്മ ജോലി കഴിഞ്ഞെത്തിയപ്പോള്‍ അനീഷിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അനീഷിന്റെ ആത്മഹത്യക്ക് കാരണം സോഷ്യല്‍ മീഡിയയിലൂടെ പ്രതികളുടെ ബന്ധുക്കള്‍ വീണ്ടും അപമാനിച്ചതിനാലാണെന്ന് പൊലീസ് പറയുന്നു. അഴീക്കല്‍ ബീച്ച് പരിസരത്ത് വെച്ച് സദാചാര ഗുണ്ടാ ആക്രമണം നേരിട്ട അനീഷിനെയും സുഹൃത്തിനെയും അപമാനിക്കുന്ന രീതിയില്‍ വീണ്ടും ഫേസ്ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അപമാനിക്കുന്നുവെന്ന് കാണിച്ച് അനീഷ് രണ്ട് ദിവസം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കി. രണ്ട് ദിവസം മുമ്പും അനീഷ് പൊലീസിനെ സമീപിച്ചു.

ഇന്നലെ രാത്രി വരെ ഈ വീഡിയോ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഇത് മാറ്റി. പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. സദാചാര ഗുണ്ടാ ആക്രമണം കൊല്ലം പൊലീസും അനീഷിന്റെ ആത്മഹത്യ പാലക്കാട് പൊലീസുമായിരിക്കും അന്വേഷിക്കുക. നരഹത്യക്ക് കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

14നാണു കൊല്ലം അഴീക്കല്‍ ബീച്ചില്‍ അനീഷിനും സുഹൃത്തായ ശൂരനാട് സ്വദേശിനിക്കും സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്. ബീച്ചില്‍ ശുചിമുറി സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു പോയപ്പോള്‍ സദാചാര ഗുണ്ടാസംഘം ആക്രമിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണം നേരിടേണ്ടി വന്നതിന് പിന്നാലെ അനീഷും സുഹൃത്തും കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിന് ശേഷം ഫെബ്രുവരി 19ന് ഐ സപ്പോര്‍ട്ട് അഴീക്കല്‍ എന്ന ഫേസ്ബുക്ക് പേജില്‍ പുതിയ വീഡിയോ അപ് ലോഡ് ചെയ്താണ് പ്രതികളുടെ സുഹൃത്തുക്കള്‍ അപമാനിച്ചത്. അനീഷിനെയും പെണ്‍കുട്ടിയെയും അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. ഇവരുടെ പരാതിയെത്തുടര്‍ന്നു മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top