തൃശൂർ:ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്വകാര്യ ബസ് ഡ്രൈവർ പഴുവിൽ കോട്ടം മമ്മസ്രായിലത്ത് സഹാർ (32) മരിച്ച സംഭവത്തിൽ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് കസ്റ്റഡിയിലായത്. പ്രതികളെ നാളെ വൈകിട്ടോടെ തൃശൂരിൽ എത്തിക്കുമെന്നാണ് വിവരം.
ചിറയ്ക്കൽ കോട്ടം തിരുവാണിക്കാവ് ക്ഷേത്രപരിസരത്തുവച്ച് ഫെബ്രുവരി 18നാണ് എട്ടംഗ സംഘം സഹാറിനെ വളഞ്ഞിട്ടു മർദിച്ചത്. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ സഹാറിന്റെ വാരിയെല്ലൊടിഞ്ഞു.
നട്ടെല്ലിനു പൊട്ടലുണ്ടായി. വൃക്കകളും അനുബന്ധ ആന്തരികാവയവങ്ങളും തകർന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സഹാർ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം ഏഴിനാണ് മരണത്തിനു കീഴടങ്ങിയത്.
സംഭവം നടന്ന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് നാലു പേരെ പൊലീസ് പിടികൂടിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവർ ഒളിവിൽ പോകാൻ കാരണം പൊലീസിന്റെ അനാസ്ഥയാണെന്ന് വിമർശനം ശക്തമായിരുന്നു.