തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവച്ചൊഴിഞ്ഞെങ്കിലും അദ്ദേഹത്തം ചെന്നുപെട്ട കുരുക്ക് പെട്ടെന്നൊന്നും അഴിയുന്നതല്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായല്‍ എന്ന സ്ഥലം കയ്യേറിയത് മാത്രമല്ല തോമസ് ചാണ്ടി നേരിടുന്ന പ്രശ്‌നം. പ്രശ്‌നങ്ങള്‍ നിലനിന്നാല്‍ എം.എല്‍.എ സ്ഥാനത്ത് തുടരുന്നത് തന്നെ ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള നിയമ പ്രശ്‌നങ്ങളിലേയ്ക്ക് കാര്യങ്ങള്‍ നീളുകയാണ്.
നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ വിജിലന്‍സ് ഈസ്റ്റേണ്‍ റേഞ്ച് എസ്.പി എം. ജോണ്‍സണ്‍ ജോസഫിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 30 ദിവസത്തിനകം അന്വേഷണറിപ്പോര്‍ട്ട് കോടതിയിലെത്തും. ചാണ്ടിയുടെ മൊഴിയെടുക്കുന്നതാണ് വിജിലന്‍സിന്റെ അടുത്ത നടപടി. ലേക് പാലസ് റിസോര്‍ട്ടിനു മുന്നിലെ പാര്‍ക്കിംഗ് സ്ഥലവും പ്രധാന ഗേറ്റിലേക്കുള്ള അപ്രോച്ച് റോഡും നിലം നികത്തിയുണ്ടാക്കിയതാണെന്ന് തെളിയിക്കുന്ന രേഖകള്‍ വിജിലന്‍സിന് കിട്ടിയിട്ടുണ്ട്.
മാത്തൂര്‍ ദേവസ്വത്തിന്റെ 34.68 ഏക്കര്‍ ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയുമായി ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ മാത്തൂര്‍ കുടംബാംഗം രാമങ്കരി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദേവസ്വം ഭൂമി കൈയേറ്റം ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും അന്വേഷിക്കുന്നുണ്ട്.
മാര്‍ത്താണ്ഡം കായലില്‍ അനുമതിയില്ലാതെ നിര്‍മ്മാണം നടത്തിയെന്ന പരാതിയില്‍, സര്‍ക്കാര്‍ ഭൂമിയില്‍ നിക്ഷേപിച്ച മണ്ണു നീക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി നല്‍കിയ കത്ത് കളക്ടറുടെ പരിഗണനയിലാണ്. കായല്‍ നികത്തി റോഡുണ്ടാക്കാന്‍ ആസ്തിവികസന ഫണ്ട് അനുവദിച്ച മുന്‍ ജനപ്രതിനിധികളും മുന്‍ കളക്ടര്‍മാരും വിജിലന്‍സ് കുരുക്കിലാണ്. രേഖകള്‍ കൃത്യമല്ലെങ്കില്‍ ചാണ്ടിയുടെ റിസോര്‍ട്ടിലെ 34 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ആലപ്പുഴ നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചാണ്ടിയുടെ മകളും സഹോദരി ലീലാമ്മാ ഈശോയും വിവിധ പരാതികളില്‍ കക്ഷികളാണ്.
സ്വത്തു മറച്ചുവച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപമാണ് മറ്റൊന്ന്. ലേക് പാലസ് റിസോര്‍ട്ടിനെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ല. റിസോര്‍ട്ടില്‍ തനിക്ക് 150 കോടി മുതല്‍മുടക്കുണ്ടെന്ന് ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വ്യാപാരസമുച്ചയം ഇല്ലെന്നാണ് സത്യവാങ്മൂലമെങ്കിലും റിസോര്‍ട്ടിലെ 13 കെട്ടിടങ്ങളില്‍ ചാണ്ടിക്ക് ഉടമസ്ഥാവകാശമുണ്ടെന്നാണ് രേഖകള്‍. 92 കോടിയുടെ സ്വത്തുണ്ടെന്നാണ് ചാണ്ടി സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇതില്‍ അപാകതയുണ്ടെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയിട്ടുണ്ട്.
മന്ത്രിയായ ശേഷവും ചാണ്ടിക്ക് വിദേശത്തെ തൊഴില്‍ വിസയുണ്ടെന്നും അടുത്തിടെ ഈ വിസയുപയോഗിച്ച് കുവൈറ്റില്‍ പൊയെന്നും വിസയും താമസരേഖകളും പുതുക്കാന്‍ അപേക്ഷ നല്‍കിയിരിക്കയാണെന്നുമുള്ള പരാതി വിദേശകാര്യ മന്ത്രാലയം പരിശോധിക്കുകയാണ്.
ഭൂ സംരക്ഷണ നിയമപ്രകാരം മൂന്നു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തോമസ്ചാണ്ടി ചെയ്തതെന്ന് ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . ഇക്കാര്യം അഡ്വക്കേറ്റ് ജനറലും ശരിവച്ചിട്ടുണ്ട്. രണ്ട് റിപ്പോര്‍ട്ടുകളും നടപടിക്കായി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണ്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതടക്കമുള്ള നടപടികള്‍ ഉടനുണ്ടായേക്കും.