ഒരു രാജ്യത്തെ രക്ഷിച്ച ഈ പാട്ടാണ് ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആസ്വദിച്ച് കണ്ടത്  

 

മുംബൈ : പ്യൂര്‍ട്ടോറിക്കോയില്‍ നിന്ന് പിറവികൊണ്ട ഡെസ്പാസീത്തോ എന്ന ഗാനം ലോക പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പോയവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ കാണികളുണ്ടായ വീഡിയോ എന്ന ഖ്യാതി ഡെസ്പാസീത്തോയ്ക്ക് സ്വന്തം. എന്നാല്‍ ഇവിടെ തീരുന്നില്ല പാട്ടിന്റെ സവിശേഷത. ഈ ഗാനം ഒരു രാജ്യത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. പ്യൂര്‍ട്ടോറിക്കോയെന്ന, കടലിന് നടുവിലെ കൊച്ചു രാജ്യത്തിന്റെ ദൃശ്യഭംഗി തനിമയോടെ ഒപ്പിയെടുത്താണ് ഈ ഗാനം ഒരുക്കിയത്. കടല്‍തീരത്തിന്റെ വശ്യഭംഗിയും പ്രദേശത്തിന്റെ ചാരുതയും എല്ലാം മികവുറ്റ രീതിയില്‍ ചിത്രീകരിച്ചു. അതിനൊപ്പം ഭംഗിയാര്‍ന്ന വരികളും ഇമ്പമുള്ള സംഗീതവുമായതോടെ വീഡിയോ സൂപ്പര്‍ഹിറ്റ്. പാട്ട് വൈറലായതോടെ ഈ മനോഹര ഭൂപ്രദേശം തേടി ആളുകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമെത്താന്‍ തുടങ്ങി. വിനോദ സഞ്ചാരമേഖലയില്‍ ഈ രാജ്യം ഇപ്പോള്‍ വന്‍ കുതിപ്പുണ്ടാക്കുകയാണ്. അത്തരത്തില്‍ പ്യൂട്ടോറിക്കയുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കാണ് പാട്ട് തുണയായത്. ലൂയി ഫോണ്‍സി, എറീക്ക എന്‍ഡര്‍ എന്നിവര്‍ ചേര്‍ന്നെഴുതി ഈണമിട്ട പാട്ടാണ് ഡെസ്പാസീത്തോ. ഫോണ്‍സിയ്‌ക്കൊപ്പം ഡാഡി യാങ്കി പാട്ടില്‍ അണിനിരക്കുന്നു. പതിയെ എന്നാണ് ഡെസ്പാസീത്തോയുടെ അര്‍ത്ഥം. പക്ഷേ അതിവേഗത്തിലായിരുന്നു പാട്ട് പ്രചരിച്ചത്. പോയവര്‍ഷം യൂട്യൂബില്‍ ഏറ്റവുമേറെ പ്രേക്ഷകരുണ്ടായത് ഈ ഗാനത്തിനാണ്. 450 കോടി പ്രേക്ഷകരെ സൃഷ്ടിച്ച് യൂട്യൂബിന്റെ ചരിത്രത്തില്‍ വീഡിയോ ഒന്നാമതായി. 200 കോടി കാണികളെ ഏറ്റവും വേഗത്തില്‍ നേടിയ ഗാനവും ഇതുതന്നെ.ഇരുപതിനായിരം മണിക്കൂറുകള്‍ ലോകം ഈ ഗാനം കാണാനായി നീക്കിവെച്ചന്നതും ചരിത്രം. മറ്റെല്ലാ സാമൂഹ്യ മാധ്യമങ്ങളിലും ഒന്നാമതെത്തിയതും ഡെസ്പാസീത്തോ തന്നെയായിരുന്നു. ഇന്നും പ്രേക്ഷക മനസ്സുകളില്‍ തരംഗമായി ഡെസ്പാസീത്തോ മുന്നേറുന്നു.

Top