ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി രാജിവച്ച ഒഴിവിലേയ്ക്ക് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റായി മോത്തിലാല്‍ വോറയെ തെരഞ്ഞെടുത്തു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയാണ് മോത്തിലാല്‍ വോറ. രാഹുലിനെ സ്ഥാനത്ത് തിരിച്ചെത്തിക്കാൻ നേതാക്കൾ ആവുംവിധം ശ്രമിച്ചിരുന്നു.
സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വോറ 1970ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1988ല്‍ രാജ്യസഭയിലൂടെ ദേശീയ രാഷ്ട്രീയത്തിലെത്തിയ വോറ കേന്ദ്രമന്ത്രിയായിരുന്നു. 1993ല്‍ യു.പി ഗവര്‍ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി അടുത്ത ബന്ധമുള്ള വോറ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ ശക്തമായി പിന്തുണച്ചയാളാണ്.
എന്റെ രാജിക്കത്ത് ഞാന്‍ നേരത്തെ സമര്‍പ്പിച്ചതാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് ഞാന്‍ കൂടുതല്‍ കാലം ഇരിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനങ്ങളെടുക്കണമെന്നും രാഹുല്‍ ഗാന്ധി ഇന്ന് പാര്‍ലമെന്റ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല അധ്യക്ഷനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരിക്കുന്നത്.
പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികളില്‍ താന്‍ പങ്കാളിയാകില്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.