പിണറായിക്ക് മനുഷ്യനുമായി ബന്ധമില്ലെന്ന് ഇടതുസഹയാത്രികന്‍ എം.പി. പരമേശ്വരന്‍

കോഴിക്കോട്:പിണറായിക്ക് മനുഷ്യനുമായി ബന്ധമില്ലെന്ന് ഇടതുസഹയാത്രികന്‍ എം.പി. പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. വി.എസ് അച്യുതാനന്ദനേക്കാളും പിണറായി വിജയനേക്കാളും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ തോമസ് ഐസക്കാണെന്ന് എം.പി പരമേശ്വരന്‍. വി.എസ് അച്യുതാനന്ദന് ഐസക്കിന്റേയത്ര വിവരമില്ല. അദ്ദേഹത്തെ പിന്തുണക്കാന്‍ ആരുമില്ല. ഉപദേശം കൊടുക്കാന്‍ അറിവില്ലാത്തവരാണുള്ളത്- വി.എസിനെതിരെ അദ്ദേഹം തുറന്നടിക്കുന്നു.ഇന്ന്പുറത്തിറങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചില്‍ ഉള്ളത് .
കൃഷിയേപ്പറ്റിയും സാമ്പത്തിക ശാസ്ത്രത്തിലും വി.എസിന് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്ക് മനുഷ്യനുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുകയാണെങ്കില്‍ ദോഷമേ ചെയ്യൂവെന്നും എം.പി പരമേശ്വരന്‍ പറയുന്നു.
ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതുവരെ മറുപടി കിട്ടിയില്ല-
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തോമസ് ഐസക്കിനെ ഉയര്‍ത്തിക്കാണിക്കാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപരവും ബൗദ്ധികവുമായ നിരവധി ഗുണങ്ങള്‍ എം.പി പരമേശ്വരന്‍ എടുത്തു കാണിക്കുന്നുണ്ട്. അഴിമതിയില്ലാത്തതും മറ്റാരേക്കാളും വിവരമുള്ളതും കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ ഐസക്കിന് സഹായകമാകും-പരമേശ്വരന്‍ വിശദീകരിച്ചു.

തദ്ദേശ രാഷ്ട്രീയം മുതല്‍ ദേശീയ രാഷ്ട്രീയം വരെ വിശകലനം ചെയ്യുന്ന അഭിമുഖത്തില്‍ വര്‍ഗ്ഗീയതയുടെ മാറിയ മുഖത്തേയും പരമേശ്വരന്‍ വിശദീകരിക്കുന്നുണ്ട്. വര്‍ഗീയ ചിന്തകള്‍ കൊണ്ടുനടക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍ ഇടതു പക്ഷത്തിന്റെ നിലപാടുകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം കാര്യകാരണ സഹിതം വിശദീകരിക്കുന്നു. മന്‍മോഹന്‍സിങ്ങിനേക്കാളും കടുത്ത സാമ്രാജ്യത്വവാദി എന്ന നിലയ്ക്കാണ് മോഡിയെ ആക്രമിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായ എം പി പരമേശ്വരന്‍ പ്രശസ്ത ആണവ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമാണ്. സി.പി.എം അംഗമായിരുന്ന അദ്ദേഹം നാലാം ലോക സിദ്ധാന്തത്തിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നത്.

Top