മഹാനായ ധോണി, നിങ്ങള്‍ നീണാള്‍ വാഴട്ടെ!

മി. ക്യാപ്റ്റന്‍ കൂള്‍, മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് കളിക്കാരിലൊരാളായ ധോണി കരിയര്‍ അവസാനിപ്പിച്ചിരിക്കുന്നു. ഏറെ നാളായി തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. ലോകകപ്പ്, ടി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് ഐസിസി ട്രോഫികളും ഉയര്‍ത്തിയ ഏക ക്യാപ്റ്റനാണ് അദ്ദേഹം. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കാനും ധോണിക്കായി.
39 കാരനായ ധോണി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഗായകന്‍ മുകേഷിന്റെ പാട്ടിന്റെ അകമ്പടിയോടെ വളരെ വ്യത്യസ്തമായി ക്രിക്കറ്റില്‍ ആരുമിതും വരെ കണ്ടിട്ടില്ലാത്ത ഒരു വിടപറയല്‍. വിരമിക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമാത്രമാണ് വരാനിരിക്കുന്നതെന്നും വരാനിരിക്കുന്ന ഐപിഎല്‍ 2020 ല്‍ ധോണി കളിക്കുമെന്നും പ്രതീക്ഷിക്കുന്നു.
2019 ലെ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ 50 റണ്‍സ് നേടിയ ധോണി പിന്നീട് ഇന്റര്‍നാഷണല്‍ മത്സരരംഗത്തേക്ക് ഇറങ്ങിയിട്ടില്ല. 2004 ഡിസംബറില്‍ ആരംഭിച്ച അന്താരാഷ്ട്ര കരിയറില്‍ 90 ടെസ്റ്റ് മത്സരങ്ങളും 98 ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളും ധോണി കളിച്ചിട്ടുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി 15,000 ത്തിലധികം അന്താരാഷ്ട്ര റണ്‍സ്, 16 സെഞ്ച്വറികള്‍, 800 ലധികം സ്റ്റമ്പിങ്…
ധോണിയുടെ പാരമ്പര്യം അക്കങ്ങളെക്കാള്‍ വളരെ കൂടുതലാണ്. ബാറ്റ്‌സ്മാനും ക്യാപ്റ്റനും എന്ന നിലയില്‍ അദ്ദേഹത്തിന്റെ പാരമ്പര്യേതര ശൈലിയും കനത്ത സമ്മര്‍ദ്ദത്തെ അഭിമുഖീകരിച്ച് ശാന്തനായി തുടരാനുള്ള കഴിവും കാരണം അദ്ദേഹത്തെ എന്നെന്നും ക്രിക്കറ്റ് രംഗത്ത് ഓര്‍ക്കപ്പെടും. 2011 ല്‍ മുംബൈ ലോകകപ്പ് ഫൈനലില്‍ നടത്തിയ 91 നോട്ടൗട്ട് പ്രകടനം ആരു മറക്കാനാണ്. 2007 ലെ ഉദ്ഘാടന ടി 20 ലോകകപ്പിന്റെ ഫൈനലില്‍ കൂടുതല്‍ പരിചയസമ്പന്നനായ ഹര്‍ഭജന്‍ സിങ്ങിന് പകരം അവസാന ഓവറില്‍ പന്ത് ജോഗീന്ദര്‍ ശര്‍മയ്ക്ക് പന്ത് കൊടുത്ത ധൈര്യവും പാക്കിസ്ഥാനെ പുകച്ചോടിച്ചതും ആരു മറക്കാനാണ്.
അദ്ദേഹത്തിന്റെ ജീവിതകഥ അസാധാരണമായിരുന്നു. റാഞ്ചിയിലെ ക്രിക്കറ്റ് ലോകത്തു നിന്ന് ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടറായി… നീളമേറിയ മുടിയുള്ള, നിര്‍ഭയനായ, വലിയ ഹിറ്റിംഗുള്ള ധോണിയുടെ വരവ് തന്നെ ഒരു അഴകൊഴമ്പന്‍ രീതിയിലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടന ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ നായകനായി അദ്ദേഹം; ബിസിസിഐ ഗൗരവമായി കാണാത്ത ഒരു സംഭവമായിരുന്നു അത്. എന്നാലും, ഇന്ത്യയുടെ വിജയം ലോക ക്രിക്കറ്റിനെയും ബിസിസിഐയുടെ രാശിയേയും മാറ്റിമറിച്ചു, ഒപ്പം ധോണിയുടെയും.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം കമ്പ്യൂട്ടര്‍ പോലുള്ള തലച്ചോറിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു, ക്രിക്കറ്റില്‍ തന്ത്രങ്ങള്‍ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുണ്ടെന്നു തെളിയിച്ച താരമാണ് ധോണി.
മൂന്നാം നമ്പറില്‍ നിന്നും സ്വയം താഴേക്ക് ഇറങ്ങി പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ നെഞ്ചുറപ്പോടെ വിജയതീരമണക്കുന്ന കാഴ്ച കോരിത്തരിപ്പോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ നോക്കി നിന്നത്. ഏകദിനടെസ്റ്റ് ടീമുകളുടെ നായകന്‍ ആയി മാറിയ ധോണി നീണ്ട 28 വര്‍ഷക്കാലത്തെ ഇന്ത്യന്‍ ആരാധകരുടെ സ്വപ്‌നവും സാക്ഷാത്കരിച്ചു. 2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവത്തിനും ധോണി ലോകകിരീടം നല്‍കി അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കി. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലും മുത്തമിട്ടതോടെ ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടുന്ന ഏക നായകനുമായി ധോണി മാറി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 8 തവണ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂള്‍ 3 തവണ കപ്പുയര്‍ത്തുകയും ചെയ്തു. വിക്കറ്റിന് പിന്നിലെ മിന്നും സ്റ്റമ്പിങ്ങുകളും ഇനി ഓര്‍മ്മ മാത്രമാകുകയാണ്.
പ്രതിസന്ധി ഘട്ടത്തില്‍ പക്വതയോടെ പോരാടണമെന്ന് ഓരോ ഇന്ത്യക്കാരെയും പഠിപ്പിച്ചത് ധോണിയായിരുന്നു. മനസാന്നിധ്യം കൈവിടാതെ കൃത്യമായ ആസൂത്രണങ്ങളിലൂടെ ധോണി ഇന്ത്യന്‍ ടീമിനെ പടുത്തുയര്‍ത്തി. 2011 ലെ ലോകകപ്പ് ജയം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന നേട്ടമായിരുന്നു; അതിനുശേഷം, അദ്ദേഹത്തിന്റെ ബാറ്റിംഗ് മാറി, ബാറ്റിംഗിനെക്കുറിച്ച് കൂടുതല്‍ കണക്കുകൂട്ടിയ സമീപനത്തിനായി അദ്ദേഹം വെടിക്കെട്ട് ശൈലി ഒന്നു കുറച്ചു.
ഐപിഎല്ലില്‍ ധോണിയുടെ ശക്തമായ റെക്കോര്‍ഡ് പരാമര്‍ശിക്കാതെ ഒരു വിലയിരുത്തലും പൂര്‍ത്തിയാകില്ല, അവിടെ അദ്ദേഹം ഇപ്പോഴും സജീവമായിരിക്കും. രണ്ട് വര്‍ഷത്തെ വിലക്കിന്റെ ഇരുവശത്തും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫ്രാഞ്ചൈസിയുടെ മുഖമാണ് അദ്ദേഹം, അവരെ നാല് കിരീടങ്ങളിലേക്കും നാല് റണ്ണര്‍അപ്പ് ഫിനിഷുകളിലേക്കും നയിച്ചു.
ഒരുപിടി യുവതാരങ്ങളെ ടീമിലേക്ക് എത്തിച്ചതിലും ധോണിയെന്ന നായകന്‍ വളരെ വലിയ പങ്കാണ് വഹിച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ധോണി തയ്യാറെടുക്കുമ്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു ധോണി ഒരിക്കല്‍ കൂടി നീലക്കുപ്പായം അണിയുമെന്ന്. ആ പടുകൂറ്റന്‍ സിക്‌സറുകള്‍ ഒരിക്കല്‍ കൂടി കാണാനാകുമെന്ന്.. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് അയാള്‍ പതിവു പോലെ ശാന്തനായി പടിയിറങ്ങുകയാണ്. നന്ദി, പ്രിയ ധോണി. ക്രിക്കറ്റിനു ജീവിതത്തിന്റെ വിലയുണ്ടെന്നു പഠിപ്പിച്ചതിന്, ക്രിക്കറ്റ് ശ്വാസവായുവായി ഇന്ത്യന്‍ രക്തത്തില്‍ അലിയിപ്പിച്ചു തന്നതിന്. നിങ്ങള്‍ ലോക ക്രിക്കറ്റില്‍ വാഴുക തന്നെ ചെയ്യും; നീണാള്‍ വാഴുക തന്നെ ചെയ്യും!
Top