തൃശ്ശൂർ: മനുഷ്യമൃഗങ്ങൾ അവനെ തല്ലിക്കൊല്ലുകയായിരുന്നു .നെഞ്ചാട്ടം തകർത്തിരുന്നു .അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതെന്ന് വ്യക്തമാക്കി പോസ്റ്റ്ുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു . മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായി വിരൽ ചൂണ്ടുന്നത്. മധുവിന്റെ നെഞ്ചിൽ മർദ്ദനമേറ്റതായും വാരിയെല്ല് ഒടിഞ്ഞിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് ആൾക്കൂട്ട കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പോസ്റ്റ് മോർട്ടം മൂന്നര മണിക്കൂറോളം നീണ്ട് നിന്നു. വെള്ളിയാഴ്ച വൈകിട്ട് തൃശൂർ മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹത്തിൽ ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. പതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ തൃശൂർ ഐജി അജിത്ത് കുമാർ അറിയിച്ചു.സംഭവം കൊലക്കുറ്റമാണെന്ന് തെളിഞ്ഞതോടെ പ്രതികൾക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകൾ ചുമത്തി കേസന്വേഷിക്കുമെന്ന് തൃശ്ശൂർ റെയ്ഞ്ച് ഐ.ജി.എം.ആർ ആജിത്കുമാർ അറിയിച്ചത്. മാത്രമല്ല എസ്.സി എസ്.ടി ആക്ടും ചേർത്ത് കേസെടുക്കും. ഇക്കാര്യം മന്ത്രി എ കെ ബാലനും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കുറ്റവാളികളെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസികളുടെ പ്രതിഷേധം മുക്കാലിയിലും അഗളിയിലും തുടരുകയാണ്.
പ്രതിഷേധം തുടരുന്നതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മധു മരണമൊഴിയിൽ പരാമർശിച്ച എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിൽ 13 പേരാണ് പൊലീസിൽ കസ്റ്റഡിയിലുള്ളത്. ഇതിൽ എട്ട് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവർക്കെതിരെ കൊലപാതകം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം എന്നിവയെല്ലാം പ്രകാരം കേസെടുത്തിട്ടുണ്ട്. മധുവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി ആക്ട് പ്രകാരവും റിസർ ഫോറസ്റ്റിൽ അതിക്രമിച്ച് കയറിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അട്ടപ്പാടിയിൽ പ്രതിഷേധം കനക്കുന്നതിനിടെ മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. മോഷണമാരോപിച്ച് നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്നും ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി എകെ ബാലൻ വ്യക്തമാക്കി. നാളെ അട്ടപ്പാടി സന്ദർശിക്കുമെന്ന് മന്ത്രി എകെ ബാലൻ അറിയിച്ചു. ഇനിയൊരു ആദിവാസിക്കോ ദലിതനോ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കൊലപാതകത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് മധുവിന്റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. വളരെ മോശമായ സാഹചര്യത്തിലാണ് മധു ജീവിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് മധുവിന്റെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചത്.
അതിനിടെ സംഭവത്തിൽ വനംവകുപ്പിനെതിരെയുള്ള ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് മന്ത്രി എകെ ബാലൻ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരിയും കുടുംബാംഗങ്ങളുമാണ് വനംവകുപ്പിനെതിരെ ആരോപണമുന്നയിച്ചത്. മധുവിനെ അക്രമികൾക്ക് കാണിച്ചുകൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് ഇവരുടെ ആരോപണം.മധുവിനെ വനത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുവന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണെന്നും ബന്ധുക്കൾ ആരോപിച്ചു.അതുകൊണ്ട് തന്നെ മധുവിന്റെ കൊലപാതകത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് അഗളിയില് ആദിവാസികൾ റോഡ് ഉപരോധിക്കുകയാണ്. മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപിയും കോൺഗ്രസും പ്രഖ്യാപിച്ച ഹർത്താൽ മണ്ണാർക്കാട് മണ്ഡലത്തിൽ പുരോഗമിക്കുകയാണ്.