മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു; മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആവശ്യം

അഗളി: അട്ടപ്പാടിയില്‍ നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുക്കാലിയില്‍ നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞത്. എല്ലാ പ്രതികളെയും പിടികൂടിയ ശേഷം മൃതദേഹം വിട്ടുനല്‍കാമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷം മൃതദേഹം കൊണ്ടുവരുന്നതിനിടെയാണ് നാട്ടുകാര്‍ തടഞ്ഞത്.  കേസില്‍ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസേടുത്തിരിക്കുന്നതെന്ന് തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ പറഞ്ഞിരുന്നു. കേസില്‍ ഇനിയും 3 പേരെ കൂടി പിടികൂടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് പോസ്റ്റ്മോർട്ടത്തിനു ശേഷം മധുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുനൽകിയത്. തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. ബന്ധുക്കൾ മൃതദേഹവുമായി പോയെങ്കിലും മുക്കാലിയിൽ വച്ച് തടയുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മധുവിനെ ഒരു സംഘമാളുകൾ മധുവിനെ മർദിച്ചത്. ആശുപത്രിയിലെത്തിക്കുന്ന വഴിക്ക് മധു മരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ അട്ടപ്പാടിയിൽ വൻ പ്രതിഷേധമാണുയർന്നത്. കൊലയാളികളെ അറസ്റ്റു ചെയ്യാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നു പറഞ്ഞ് മധുവിന്റെ അമ്മയും ബന്ധുക്കളും ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്നു. തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത്.

Top