കൊച്ചി :നടിയെ അക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്തത് എംഎല്‍എയും നടനുമായ മുകേഷെന്ന് പൊലീസിന് വ്യക്തമായി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തപ്പോള്‍ ഇന്നലെ രാത്രിയാണ് നിര്‍ണ്ണായകമായ ഈ വിവരം പൊലീസിന് ലഭിച്ചത്. അപ്പുണ്ണിയെ രാത്രി ഒറ്റയ്ക്കാണ് ചോദ്യം ചെയ്തത്. പലവട്ടം കരഞ്ഞ അപ്പുണ്ണി എല്ലാം ഏറ്റുപറയുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.
അപ്പുണ്ണിയുടെ കയ്യില്‍ രണ്ടിലധികം ഫോണുകളുണ്ട്. ഇത് ഉപയോഗിക്കുന്നത് ദിലീപാണ്. ഈ ഫോണ്‍ വിവരങ്ങള്‍ പ്രകാരം അപ്പുണ്ണി കേസില്‍ മുഖ്യപ്രതിയാണ്. സത്യം പറഞ്ഞില്ലെങ്കില്‍ അപ്പുണ്ണി മാത്രം പ്രതിയാക്കപ്പെടും എന്ന വസ്തുത പൊലീസ് തെളിവുകള്‍ നിരത്തിയാണ് ബോധ്യപ്പെടുത്തിയത്. ഈ ചോദ്യം ചെയ്യലില്‍ മുകേഷാണ് സുനില്‍ കുമാറിനെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് അപ്പുണ്ണി വ്യക്തമാക്കി- പൊലീസ് വൃത്തങ്ങള്‍ പറയുന്നു.മുകേഷുമായുള്ള തന്റെ ബന്ധത്തിന്റെ കഥകളെല്ലാം സുനില്‍കുമാര്‍ നേരത്തെ തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
മുകേഷിന്റെ വ്യക്തിപരമായ രഹസ്യങ്ങളെല്ലാം സുനില്‍കുമാര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. രണ്ടു വര്‍ഷം മുകേഷിന്റെ ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന ആളാണ് സുനില്‍.സിപിഐഎമ്മിന്റെ എംഎല്‍എയായ മുകേഷ് കേസുമായി ബന്ധപ്പെട്ട പരസ്യമായി നടത്തിയ പ്രതികരണങ്ങള്‍ നേരത്തെ തന്നെ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. പൊലീസിന് എംഎല്‍എയെപ്പറ്റി ലഭിച്ച വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പാര്‍ട്ടിക്കും വ്യക്തത ഉണ്ടായിരുന്നു. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ചയ്ക്കെടുത്തതും ഇതിന്റെ പശ്ചാത്തലത്തിലാണ്.നിലവില്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അക്രമണ സംഭവത്തില്‍ മുകേഷും ചോദ്യം ചെയ്യപ്പെടും. എല്ലാ കാര്യങ്ങളും അറിഞ്ഞ ശേഷമുള്ള ഈ ചോദ്യം ചെയ്യലില്‍ മുകേഷിന് സത്യം തുറന്നു പറയേണ്ടി വരുമെന്നു പൊലീസ് കരുതുന്നു.