കോഴിക്കോട്:2017ല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. മുക്കം സ്വദേശി ബിര്‍ജുവാണ് കൊല നടത്തിയത്. മരിച്ചത് മലപ്പുറം വണ്ടൂര്‍ സ്വദേശി ഇസ്മയിലാണെന്നും തിരിച്ചറിഞ്ഞു. ബിര്‍ജുവും ഇസ്മാഈലും ചേര്‍ന്ന് നടത്തിയ ബിര്‍ജുവിന്‍റെ അമ്മയുടെ കൊലപാതകം പുറത്തറിയാതിരിക്കാനാണ് ഇസ്മയിലിനെ കൊലപ്പെടുത്തിയത്. ശാസ്ത്രീയമായ തെളിവുകളാണ് കേസിന്‍റെ ചുരളഴിച്ചത്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
മൃതദേഹം തിരിച്ചറിഞ്ഞപ്പോള്‍ പോലീസ് എത്തിച്ചേര്‍ന്നത് മറ്റൊരു കൊലപാതക കേസില്‍. വാടക കൊലയാളി വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭയന്നാണ് രണ്ടാമത്തെ കൊലപാതകം. ആദ്യം സ്വന്തം മാതാവിനെയും. മാതാവിനെ കൊന്നത് പണത്തിന് വേണ്ടിയായിരുന്നെങ്കില്‍ രഹസ്യം പുറത്തുപോകാതിരിക്കാനായിരുന്നു രണ്ടാമത്തെ കൊലപാതകം. രണ്ടാം കൊലപാതകമാണ് പോലീസ് അന്വേഷിച്ചത്. അപ്പോഴാണ് ആദ്യ കൊലപാതകത്തെ കുറിച്ചും വിവരം ലഭിച്ചത്. 2017ല്‍ ചാലിയം ഉള്‍പ്പെടെ കോഴിക്കോട് ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിനാണ് ഞെട്ടിക്കുന്ന പരിസമാപ്തി. ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് അന്വേഷണത്തിന്റെ വിവരങ്ങള്‍ വിശദീകരിച്ചത്
രണ്ട് വര്‍ഷം മുന്‍പ് ജൂണിലാണ് കോഴിക്കോട് കൈതവളപ്പില്‍ നിന്നാണ് മൃതദേഹത്തിന്‍റെ ഒരു കൈ ലഭിച്ചത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം മറ്റൊരു കൈ കൂടെ കിട്ടി. ജൂലായില്‍ മുക്കം അഗസ്ത്യമുഴിയില്‍ വെച്ച് ഉടല്‍ഭാഗവും ഓഗസ്റ്റ് ചാലിയത്ത് നിന്ന് തലയോട്ടിയും കണ്ടെടുത്തു. തലയോട്ടി ലഭിച്ചതിന് ശേഷം ഡി.എന്‍.എ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് രൂപ രേഖ തയ്യാറാക്കിയിരുന്നു. ഫിംഗര്‍ പ്രിന്‍റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി കേസുകളിലെ പ്രതിയായ മലപ്പുറം വണ്ടൂര്‍ സ്വദേശി ഇസ്മയിലാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇതുറപ്പിക്കാന്‍ പോലീസ് ഇസ്മയിലിന്‍റെ മാതാവിന്‍റെ രക്തം മൂന്ന് തവണ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കി ഇസ്മയില്‍ തന്നെയാണ് മരിച്ചതെന്ന് ഉറപ്പിച്ചു. ഇസ്മയില്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നുള്ള അന്വേഷണമാണ് ബിര്‍ജുവിലേക്കെത്തിയത്.
തനിക്ക് ക്വട്ടേഷന്‍ നല്‍കിയ ഒരാള്‍ പണം തരാനുണ്ടെന്ന് സുഹൃത്തിനോട് ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നു. ഇയാളിലൂടെയാണ് പൊലീസ് ബിര്‍ജുവുമായുള്ള ബന്ധം മനസ്സിലാക്കിയത്. ബിര്‍ജുവിന്‍റെ അമ്മ തൂങ്ങിമരിച്ച സംഭവവും പൊലീസ് അന്വേഷിച്ചു. ഇത് തൂങ്ങിമരണമല്ലെന്നും കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. പിന്നീട് ബിര്‍ജുവിനെ കസ്റ്റഡിയില്‍ നിന്നെടുത്തതില്‍ നിന്നാണ് ഇരട്ടകൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ മാതാവ് ജയവല്ലിയെ കൊല്ലാന്‍ ബിര്‍ജു ഇസ്മയിലിന് ക്വട്ടേഷന്‍ നല്‍കി. തുടര്‍ന്ന് രണ്ട് പേരും ചേര്‍ന്ന് ജയവല്ലിയെ കൊന്ന് കെട്ടിത്തൂക്കി. ഇതിന് ശേഷം സംഭവം പുറത്ത് പറയുമെന്ന് പറഞ്ഞ് പണത്തിനായി ഇസ്മയില്‍ ബിര്‍ജുവിനെ ബ്ലാക്ക്മെയില്‍ ചെയ്തു. ഇതാണ് ഇസ്മയിലിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
മദ്യം നല്‍കി ബോധം കെടുത്തി കഴുത്ത് മുറുക്കി കൊന്നതിന് ശേഷം സര്‍ജിക്കല്‍ ബ്ലേഡുപയോഗിച്ച് ശരീരം പല കഷ്ണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി ബൈക്കില്‍ കൊണ്ടുപോയി പലയിടത്തായി നിക്ഷേപിച്ചു. ഇസ്മയിലിനെ കൊല്ലാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വാടക കൊലയാളിയെ ക്വട്ടേഷന്‍ നല്‍കിയ ആള്‍ തന്നെ കൊന്ന സംഭവം അപൂര്‍വമാണെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. ശരീരം വെട്ടിമുറിക്കാന്‍ മറ്റാരെങ്കിലും സഹായിച്ചോ എന്ന സംശയം പോലീസിനുണ്ട്. ബിര്‍ജുവിനെ കോടതിയില്‍ ഹാജരാക്കി.