ജോളി പല തവണ ഗര്‍ഭഛിദ്രം നടത്തി ;പെൺകുട്ടികളോട് വെറുപ്പ്, റെഞ്ചിയുടെ മകളെയും കൊല്ലാൻ ശ്രമം…

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ കൂടാതെ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയങ്ങള്‍ക്ക് ബലമേറുകയാണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നതര്‍ക്കും പുറമേ കുടുംബത്തില്‍ തന്നെയുള്ള മറ്റാര്‍ക്കെങ്കിലും കൊലയില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കും. ജോളിക്കെതിരെ പരാതി നല്‍കിയ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോയെ പോലീസ് ചോദ്യം ചെയ്യലിനായി അമേരിക്കയില്‍ നിന്ന് വിളിപ്പിച്ചിട്ടുണ്ട്.

സ്വത്തിന് വേണ്ടിയുളള ആര്‍ത്തിയും പകയും അടക്കം ഓരോ കൊലപാതകങ്ങള്‍ക്ക് പിന്നിലും ജോളിക്ക് കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തിയ 6 പേരില്‍ മൂന്ന് പേര്‍ സ്ത്രീകളും മൂന്ന് പേര്ഡ പുരുഷന്മാരും ആയിരുന്നു. അതിലൊന്ന് പത്ത് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞായിരുന്നു. പല കാലങ്ങളായി നടത്തിയ കൊലപാതകങ്ങള്‍ക്ക് ശേഷം ഇപ്പോഴേങ്കെിലും പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഇനിയും പലരും കൊല്ലപ്പെടുമായിരുന്നു എന്നാണ് ബന്ധുക്കള്‍ തന്നെ ആരോപിക്കുന്നത്.

പെണ്‍കുട്ടിയുടെ വായയില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഈ കുട്ടി രക്ഷപ്പെടുകയായിരുന്നു. ജോളി ഒന്നിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ജോളി തന്നെയാണ് മൊഴിയായി നല്‍കിയത് എന്നും സൂചനയുണ്ട്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കിലും പോലീസ് അന്വേഷണം വ്യാപിപ്പിക്കും.

ജോളിയുടെ മൊഴികള്‍ സത്യമാണെന്ന് ഉറപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. രണ്ടാം ഭര്‍ത്താവ് ഷാജുവിന് കൊലപാതകങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ജോളി തയ്യാറാക്കിയ പ്ലോട്ടുകളാണ് അവയെന്നാണ് ഷാജുവിന്റെ പ്രതികരണം. ഷാജുവിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

അതേസമയം ജോളി പല തവണ ഗര്‍ഭഛിദ്രം നടത്തി എന്നതിനെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് ഷാജു പറയുന്നത്. ഗൈനക് സംബന്ധിയായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പല തവണ തങ്ങളൊരുമിച്ച് ഡോക്ടറെ പോയി കണ്ടിട്ടുണ്ട്. എന്നാല്‍ ജോളി തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് പോയിരുന്നത്. താന്‍ പുറത്തിരിക്കുകയായിരുന്നു. ചില പ്രശ്‌നങ്ങളുണ്ട് എന്ന് മാത്രമേ തന്നോട് പറഞ്ഞിരുന്നുളളൂ. പെണ്‍കുട്ടികളോട് ജോളിക്ക് ഇഷ്ടക്കേടുളളതായി തോന്നിയിട്ടില്ലെന്നും ഷാജു പറയുന്നു.

ജോളി പറയുന്നത് നുണയല്ലെന്ന് ഉറപ്പിക്കാന്‍ നാര്‍കോ അനാലിസിസ് ടെസ്റ്റ് അടക്കമുളള പരിശോധനങ്ങള്‍ക്ക് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അച്ഛനോട് ചോദിച്ചിട്ട് മാത്രമേ ചെയ്യാനാവൂ എന്നാണ് ജോളി പോലീസിനോട് വ്യക്തമാക്കിയത്. തുടര്‍ന്ന് അച്ഛനെ ഫോണ്‍ ചെയ്ത് സംസാരിച്ച ജോളി നുണ പരിശോധനയ്ക്ക് വിസമ്മതിച്ചു. എന്നാല്‍ ജോളി ഫോണില്‍ ബന്ധപ്പെട്ട് അച്ഛനെ അല്ല എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആരാണ് ആ ആൾ? ഒരു മിനുറ്റോളമാണ് ഇയാളുമായി ജോളി ഫോണില്‍ സംസാരിച്ചത്. നുണപരിശോധനയ്ക്ക് സമ്മതിക്കേണ്ട എന്നാണ് ഇയാള്‍ ജോളിയോട് പറഞ്ഞത്. സംശയ നിഴലിലുളള ബിഎസ്എന്‍എല്‍ ജീവനക്കാരനാണ് ഇയാള്‍ എന്നാണ് കരുതുന്നത്. കൂടത്തായി കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ച ശേഷം ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത് ഇയാളെ ആണ് എന്നാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഇയാളെയും പോലീസ് ചോദ്യം ചെയ്‌തേക്കും.

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട്  പുതിയ വിവരങ്ങള്‍ ദുരൂഹതയുടെ ചുരുളുകള്‍ അഴിക്കുന്നതിനൊപ്പം പുതിയ സംശയങ്ങള്‍ക്കും അമ്പരപ്പുകള്‍ക്കും വഴി തുറക്കുകയാണ്. കൊലപാതക കഥയിലേക്ക് പുതിയ കഥാപാത്രങ്ങളും പ്രവേശിക്കുന്നു. 6 പേരെ പല കാലങ്ങളായി കൊലപ്പെടുത്താന്‍ ജോളിക്ക് പലരുടേയും സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത്. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിഎസ്എന്‍എല്‍ ജീവനക്കാരനും അടക്കമുളളവര്‍ പോലീസ് സംശയിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. പലര്‍ക്കെതിരെയും ജോളി ഇതിനകം പോലീസിന് മൊഴി നല്‍കിയിട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ചോദ്യം ചെയ്യലിനിടെ ജോളി തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്.

Top