ന്യൂഡൽഹി : പുതിയ കെപിസിസി പ്രസിഡണ്ട് മോഹികളെ നിരാശപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്കൊടുവിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്ക് ആണ് എന്ന് റിപ്പോർട്ട് . പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും മുല്ലപ്പള്ളിക്ക് അനുകൂലമാണ്.കോൺഗ്രസ് പ്രസിതിരഞ്ഞെടുപ്പ് വളരെ ഭംഗിയായി പൂർത്തീകരിച്ച് പ്രസിഡന്റ് സ്ഥാനം സുഗമമായി രാഹുലിനെ ഏൽപ്പിച്ചതിൽ മുല്ലപ്പള്ളിയോട് ഹൈക്കമാന്റിന് പ്രത്യേക പരിഗണനയും ഉണ്ട് .സാധാരണ തിരെഞ്ഞെടുപ്പ് വരണാധികാരിക്ക് വർക്കിങ് കമ്മറ്റിയിൽ സ്ഥാനം കൊടുക്കുകയാണ് പതിവ് .ഇവിടെ മുല്ലപ്പള്ളിയുടെ മനസും കേരളം രാഷ്ട്രീയത്തിലേക്ക് ആണ് എങ്കിൽ പ്രസിഡന്റ് സ്ഥാനം മുല്ലപ്പള്ളിക്ക് ലഭിക്കും . കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്,കെ. മുരളീധരൻ, കെ. സുധാകരൻ, വി.ഡി സതീശൻ, തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുള്ള മറ്റുള്ളവർ.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പിനു മുൻപു തീരുമാനമുണ്ടായേക്കുമെന്നാണു സൂചനകൾ. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, രാജ്യസഭാ, കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വങ്ങൾ എന്നിവയുൾപ്പെട്ട ‘പാക്കേജ്’ നടപ്പാക്കാനാണു നേതൃത്വം ലക്ഷ്യമിടുന്നത്. രാഹുൽ ശൈലിയിൽ പല ഘട്ടങ്ങളായിട്ടാവും ഇത്. പ്രസിഡന്റ് നിർണയത്തിൽ പിന്തള്ളപ്പെട്ടാലും പരിഗണനാപ്പട്ടികയിലെ പ്രമുഖർക്കു പാക്കേജിൽ ഇടം പ്രതീക്ഷിക്കാം.
സ്വന്തം സ്ഥാനാർഥിക്കു വേണ്ടി കർക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പിന്തുണയ്ക്കുന്നു. യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി പ്രസിഡന്റിനുള്ളതു കൊണ്ട് സ്വീകാര്യനായ മുതിർന്ന നേതാവിനു പദവി നൽകണമെന്നു മാത്രമാണ് അവരുടെ ആവശ്യം. ‘മുല്ലപ്പള്ളി മുതിർന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടു സ്വീകാര്യനുമാണെ’ന്നായിരുന്നു ഒരു എ ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം. കെ.സുധാകരൻ, വി.ഡി. സതീശൻ എന്നിവരാണ് ഐ ഗ്രൂപ്പിന്റെ ഔദ്യോഗിക നോമിനികൾ. ഹൈക്കമാൻഡ് ‘സ്വന്തം’ പട്ടികയിൽ നിന്ന് ആരെ തിരഞ്ഞെടുത്താലും മുറുമുറുപ്പില്ലാതെ സ്വീകരിക്കാൻ തന്നെയാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രനോടു ഹൈക്കമാൻഡിനു ചായ്‌വുണ്ടെന്ന സൂചനയും ഗ്രൂപ്പ് വൃത്തങ്ങൾ നൽകുന്നു.
കെ.വി. തോമസിനും, മുല്ലപ്പള്ളിക്കും കേന്ദ്ര നേതൃത്വത്തിലെ സ്വാധീനമാണ് തുണ. തര്‍ക്കത്തിന് ഇടവരുത്തി സമവായ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് തുടക്കം മുതലേ ഉമ്മൻ ചാണ്ടി നടത്തിയിരുന്നത് .എന്നാൽ പുതിയ സാഹചര്യത്തിൽ രാഹുലിന്റെ അടുത്ത് അത് വിലപ്പോവില്ല എന്ന തിരിച്ചറിവ് ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിട്ടുണ്ട് . സമവായം ഉണ്ടായാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എയുമായ കെ.സി. ജോസഫ് ആയിരിക്കും ഉമ്മന്‍ചാണ്ടിയുടെ നോമിനി. മുൻപ് കെപിസിസി അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി എത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധി നാച്ചിയപ്പനോട് കെ.സി. ജോസഫാണ് എ ഗ്രൂപ്പ് പ്രതിനിധിയെന്ന വിവരം ഉമ്മന്‍ചാണ്ടി കൈമാറിയിരുന്നു . പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുടെ കൈവശമായതിനാല്‍ കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് അവകാശവാദങ്ങള്‍ എ’ ക്ക് എന്നതായിരുന്നു നടപ്പ് .
എല്ലാക്കാലത്തും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന കെ.സി. ജോസഫ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടാല്‍ പിന്നെ ചാണ്ടിയുടെ തീരുമാനങ്ങള്‍ക്ക് മറുവാക്കുണ്ടാകില്ല. ഏ.കെ. ആന്റണിയുമായി ദീര്‍ഘനാളത്തെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നേതാക്കളില്‍ പ്രമുഖനാണെന്നതും കെ.സി. ജോസഫിന് അനുകൂല ഘടകമാണ്. കോട്ടയം ജില്ലക്കാരനാണെങ്കിലും കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അഞ്ചാം തവണയും അദ്ദേഹം നിയമസഭയില്‍ എത്തിയത്. വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോള്‍ താല്‍ക്കാലിക പ്രസിഡന്റായി നിയോഗിക്കപ്പെട്ടത് ‘എ’ വിഭാഗത്തിലെ എം.എം ഹസന്‍ ആണ്. എന്നാല്‍ ഹസന് കോണ്‍ഗ്രസിലെ എല്ലാവിഭാഗം നേതാക്കളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.എന്നാൽ എ.കെ. ആന്റണിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും രാഹുൽ ഗാന്ധിയുടെ അന്തിമ തീരുമാനം ഉണ്ടാവുക