വടകര അഴിയാക്കുരുക്കാകുന്നു!! വയനാട് നേടി സിദ്ദിഖ്; ആലപ്പുഴകൊണ്ട് ഷാനിമോള്‍ക്ക് തൃപ്തി

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു വയനാട്ടില്‍ അയഞ്ഞ കുരുക്ക് വടകരയില്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമേല്‍ മുറുകുന്നു. വയനാട് സീറ്റ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടി. സിദ്ദിഖ് ഉറപ്പിച്ചതോടെ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലേക്കു മാറി. സീറ്റ് നിര്‍ണയത്തില്‍ ഉമ്മന്‍ ചാണ്ടി ആധിപത്യം നേടിയതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചര്‍ച്ച ബഹിഷ്‌കരിച്ച് കേരളത്തിലേക്കു മടങ്ങി.

ഇത്തവണയും വടകരയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പി ജയരാജനാണ് മത്സരിക്കുന്നത്. ആക്രമരാഷ്ട്രീയത്തിനെതിരെയുള്ള പൊതുവികാരം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിയിലെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അത് മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെയും ബാധിക്കുമെന്ന ആശങ്കയുള്ളതായി മലബാറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളടക്കം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണെന്നും വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ കെപിസിസി, ഐഐസിസി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

അതേ സമയം മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെ വടകരയില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുടെ സന്ദേശപ്രവാഹം തുടരുകയാണ്. വടകരയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ആര്‍എംപി യും കരുത്തനായ സ്ഥാനാര്‍ത്ഥി വടകരയില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പി ജയരാജനെ പോലെയുള്ള ഒരു സ്ഥാനാര്‍ത്ഥിക്കെതിരെ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രാദേശികമായും വലിയ എതിര്‍പ്പ് രൂപപ്പെട്ടിട്ടുണ്ട്.

വടകര മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന വിദ്യാ ബാലകൃഷ്ണനെതിരെ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വടകരയില്‍ അണികളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും വടകരയില്‍ വിദ്യാ ബാലകൃഷ്ണന്‍ വേണ്ടെന്നുമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ജയരാജന് ഒത്താശചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വം പുന:പരിശോധന നടത്തണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നു.

Top