കോണ്‍ഗ്രസില്‍ ഇനി മുല്ലപ്പൂ വിപ്ലവം; കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഇന്ന് ഉച്ചയ്ക്ക് 12ന് ചുമതലയേല്‍ക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ സ്ഥാനം ഒഴിയുന്ന അധ്യക്ഷന്‍ എം.എം.ഹസന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അധികാരം കൈമാറും. വര്‍ക്കിംഗ് പ്രസിഡന്റുമാരായി കെ.സുധാകരന്‍, എം.ഐ.ഷാനവാസ് എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരും യു.ഡി.എഫ് കണ്‍വീനറായി ബെന്നി ബഹനാനും കെ.പി.സി.സി പ്രചാരണ വിഭാഗം ചെയര്‍മാനായി കെ.മുരളീധരന്‍ എം.എല്‍.എയും ചുമതല ഏറ്റെടുക്കും.

ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിന് നിരവധിപേര്‍ എത്തിയിരുന്നു. പ്രവര്‍ത്തകരുടെ ആവേശത്തില്‍ വീണുപോകാതെ ഒരു വിധമാണ് മുല്ലപ്പള്ളി പുറത്തിറങ്ങിയത്. നാളെയും പ്രവര്‍ത്തകരുടെ ആവേശം വാനോളമെത്തുമെന്നാണ് കരുതുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി എം.പി, ഉമ്മന്‍ചാണ്ടി എം.എല്‍.എ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി., പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും പങ്കെടുക്കും. മൂന്ന് മണിക്ക് യുഡിഎഫ് യോഗം ചേരും. വൈകുന്നേരം 6 ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗവും കൂടും.

4 മണിക്ക് ശശി യുഡിഎഫ് തിരുവനന്തപുരം ലോക്സഭാമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ചേരുന്നുണ്ട്.എ കെ ആന്റണിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.നേതാക്കളെ മുഴുവന്‍ ഒന്നിച്ചണിനിരത്തുന്ന ഈ കണ്‍വെന്‍ഷനോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുക കൂടിയാണ് യുഡിഎഫ് .

Top