
കൊച്ചി:കനത്തമഴയിൽ വേരൊഴുക്ക് കൂടിയതിനാൽ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. പുലര്‍ച്ചെ 2.30 -തോടെ ഡാമിലെ ജലനിരപ്പ് 140 അടിയായി .അതിനാൽ സ്പില്‍വേ താഴ്‍ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്‍ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു.ഡാം തുറക്കുന്നതിനു മുന്നോടിയായി രാത്രിയേറെ വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നൽകിയിരുന്നു. സെക്കന്റില്‍ 4800 ഘനയടി വെള്ളമാണ് ഡാമിൽ നിന്നു പുറന്തള്ളുന്നത് .
മുൻകരുതലിന്റെ ഭാഗമായി മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അണക്കെട്ടിൽ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇതിനിടെ മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. നാലായിരത്തോളം പേരെയാണ് ക്യാംപുകളിലേക്കു മാറ്റുന്നത്. ചപ്പാത്തിൽ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. അതേസമയം സ്ഥിതി വിലയിരുത്താൻ മുല്ലപ്പെരിയാർ സമിതി ബുധനാഴ്ച ഡാമിലെത്തും.
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ
എറണാകുളം – 0484-2423513, മൊബൈൽ: 7902200300,7902200400
ഇടുക്കി – 0486-2233111, മൊബൈൽ: 9061566111,9383463036
തൃശൂർ -0487-2362424, മൊബൈൽ: 9447074424
നീരൊഴുക്ക് വർധിക്കുന്നതിനാൽ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മിഷണർ അറിയിച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് ചൊവ്വാഴ്ച രാത്രി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. ചെറുതോണിയില്‍ നിന്നു വർധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, പെരിയാര്‍ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളിലേക്ക് ഒഴിഞ്ഞുപോകണമെന്നും പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യർഥിച്ചു.