കോട്ടയം :കേരളം മഴയിൽ നേരിടുകയാണ് . മുല്ലപ്പെരിയാർ അണക്കെട്ട് പുലർച്ചെ 1.30ന് തുറന്നുവിടും.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. പുലര്‍ച്ചെ ഡാം തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.15 ന് പുലർച്ചെ 1.00നുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 139.50 അടിയായി. നീരൊഴുക്ക് 23,200 ക്യുസെക്സ് ആണ്. ഡാം തുറക്കുന്നതിനു മുന്നോടിയായി രാത്രി വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നൽകി. സെക്കൻഡിൽ 11,500 ഘനയടിയായിരുന്നു നേരത്തെയുള്ള നീരൊഴുക്ക്.
മുൻകരുതലിന്റെ ഭാഗമായി മഞ്ഞുമല, കുമളി, പെരിയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നി വില്ലേജുകളിൽ നിന്നും ജനങ്ങളെ മാറ്റി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.. ഇതിനെ തുടർന്ന് വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇതുവരെ 27 ഡാമുകളിലെ ഷട്ടറുകളാണ് തുറന്നത്. ഡാമുകളിലെ ഉയരുന്ന ജലനിരപ്പ് വീണ്ടും സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തുകയാണ്.
ഡാം തുറക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാരാണ് അന്തിമതീരുമാനമെടുത്തത്. അണക്കെട്ട് തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇതിനിടെ മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. നാലായിരത്തോളം പേരെയാണ് ക്യാംപുകളിലേക്കു മാറ്റുന്നത്. ചപ്പാത്തിൽ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. സ്ഥിതി വിലയിരുത്താൻ മുല്ലപ്പെരിയാർ സമിതി ബുധനാഴ്ച ഡാമിലെത്തും.
ഇടുക്കിയിലെ ഷട്ടറുകളെല്ലാം വീണ്ടും തുറന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് ഷട്ടറുകളും വീണ്ടും തുറന്നു. വൈകീട്ട് ആറ് മണിയോടെയാണ് എല്ലാ ഷട്ടറുകളും തുറന്നത്. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഇന്നലെ ഏഴ് മണിക്ക് ഒന്ന്, അഞ്ച് ഷട്ടറുകൾ അടച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവിലും കുറവ് വരുത്തി. സെക്കന്‍റിൽ നാലര ലക്ഷം ലിറ്ററെന്നത് മൂന്ന് ലക്ഷമാക്കിയാണ് കുറച്ചത്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് രാവിലെ മഴ മാറിനിന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. നീരൊഴുക്ക് ഉച്ചയോടെ കുറയുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ ഉച്ചയ്ക്ക് ശേഷം വൃഷ്ടിപ്രദേശത്ത് കനത്ത മഴ വീണ്ടും തുടങ്ങി. ഇതോടെ ജലാശയത്തിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇതോടെയാണ് വീണ്ടും ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ സെക്കന്‍റിൽ ആറ് ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. പെരിയാറിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂന്നാർ ഒറ്റപ്പെട്ടു
മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നതോടെ മൂന്നാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്നാർ ദേശിയപാത വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകുകയാണ്. പഴയ മൂന്നാറിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. മൂന്നാർ നഗരത്തിലും വെള്ളം കയറി. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വഴിയിലെ പല കടകളിലും വെള്ളം കയറിയിട്ടുണ്ട്. നിലവിൽ മാട്ടുപ്പെട്ടി ഡാമിലെ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടിവന്നാൽ മൂന്നാമത്തെ ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്.
ബാണാസുരസാഗറിലും ജലനിരപ്പുയരുന്നു
ബാണാസുരസാഗറിലെ ജലനിരപ്പുയരുന്നത് വയനാട്ടിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇപ്പോൾ തന്നെ ജില്ലയുടെ പല മേഖലകളും വെള്ളത്തിനടിയിലാണ്. ബാണാസുര സാഗറിൽ നിന്ന് സെക്കന്‍റിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിവിടാനാണ് ഇപ്പോഴത്തെ തീരുമാനം. ഘട്ടംഘട്ടമായി ഷട്ടറുകൾ മൂന്ന് മീറ്റർ വരെ ഉയർത്താനാണ് തീരുമാനം. ഡാമിന്‍റെ ചരിത്രത്തിലാദ്യമായാണ് ഷട്ടറുകൾ ഇത്രയും ഉയർത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ കർണാടകത്തിലെ ബീച്ചനഹള്ളി ഡമും വീണ്ടും തുറന്നേക്കും. ഇത് വയനാട്ടിൽ നിന്ന് മൈസൂരിലേക്കുള്ള ഗതാഗതത്തെയും ബാധിക്കും.
ശബരിമല ഒറ്റപ്പെട്ടു
പമ്പാ നദിയിലെ വിവിധ അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് ശബരിമല ഒറ്റപ്പെട്ട അവസ്ഥയിലാണ്. പമ്പ നദി കുതിച്ചൊഴുകുകയാണ്. ത്രിവേണി ഇപ്പോഴും വെള്ളത്തിനടിയിലാണ്. പമ്പ നദിക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളത്തിനടിയിലാണ്. പമ്പയിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ തന്ത്രി ഉൾപ്പെടെയുള്ളവരെ മറ്റ് വഴികളിലൂടെയാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്.
പെരിങ്ങൽക്കുത്ത് ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. പീച്ചി ഡാമിന്‍റെ ഷട്ടർ 12 ഇഞ്ച് കൂടി ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാർ അണക്കെട്ടിന്‍റെ നാലു ഷട്ടറുകളും തുറന്നിരിക്കുകയാണ്.
ന്യൂനമർദ്ദത്തിന്‍റെ ഫലമായി ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നിലവിലെ അവസ്ഥയിൽ മഴ തുടർന്നാൽ ഡാമുകളിലെ ജലനിരപ്പ് വീണ്ടും ഉയർന്നേക്കും.കണ്ണൂരില്‍ കനത്ത മഴയും കാറ്റും. ബാവലിപുഴ കരകവിഞ്ഞൊഴുകുന്നു. കൊട്ടിയൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി