
ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ. രേഖകൾ ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകി.
ഐ എഫ് എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വേണം. എന്നാൽ അതുണ്ടായില്ലെന്നും, ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ മാദ്ധ്യമ വാർത്തകളിൽ കൂടിയാണ് അറിഞ്ഞതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്.
സർക്കാർ തലത്തിൽ ആവശ്യമായ ചർച്ചകളില്ലാതെയും, നടപടിക്രമം പാലിക്കാതെയും മരംമുറി ഉത്തരവിറക്കിയതുകൊണ്ടാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തതെന്നായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്.
നടപടിയെ എതിർത്തുകൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. ജലവിഭവ വകുപ്പ് അഡി. ചീഫ്‌സെക്രട്ടറി ടി.കെ. ജോസടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഉത്തരവിറങ്ങിയതെന്നും ബെന്നിച്ചനെ മാത്രം ബലിയാടാക്കുകയാണെന്നുമാണ് അസോസിയേഷന്റെ വാദം.
അതേസമയം സസ്പെൻഷൻ കേന്ദ്രത്തിനെ മുൻകൂറായി അറിയിക്കേണ്ടതില്ലെന്നും, സസ്പെൻഷൻ ദീർഘിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ മാത്രം മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യം അറിയിച്ചാൽ മതിയെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ വാദം.