മുംബൈ: എയര്‍ ഹോസ്റ്റസ് ട്രെയ്‌നിയായ യുവതിയെ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയത് രക്തത്തില്‍ കുളിച്ച് അര്‍ധനഗ്‌നയായ നിലയില്‍. കഴുത്തില്‍ വലിയ രണ്ട് മുറിവുകളും ഏറ്റിരുന്നു. ഞായറാഴ്ച രാത്രിയാണ് എയര്‍ ഹോസ്റ്റസ് ട്രെയ്‌നിയായ ഛത്തീസ്ഗഡ് സ്വദേശിയായ രുപാല്‍ ഓഗ്രെ എന്ന 24 വയസ്സുകാരി കൊല്ലപ്പെട്ടത്. കേസില്‍ അപ്പാര്‍ട്‌മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കെട്ടിടത്തില്‍ ഒരു വര്‍ഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്വാളാണ് (40) പിടിയിലായത്. കയര്‍ത്തു സംസാരിച്ചതിന്റെ പ്രതികാരമായി ഞായറാഴ്ച രാത്രി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയില്‍ കയറിയശേഷം കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. രുപാല്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ വധിച്ചശേഷം വാതില്‍ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോകുകയായിരുന്നു.