ലൈംഗീക പീഡനക്കേസ്സുകളില്‍ മദ്യലഹരിയിലെ സമ്മതം പരിഗണിക്കാനാകില്ലെന്ന് കോടതി

മുബൈ: മദ്യലഹരിയിലായിരിക്കുമ്പോള്‍ സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന് നല്‍കുന്ന സമ്മതം പീഡനക്കേസുകളില്‍ പരിഗണിക്കാനാകില്ല. ബോംബെ ഹൈക്കോടതിയാണ് പ്രസക്തമായ നിലപാട് എടുത്തിരിക്കുന്നത്. സഹപ്രവര്‍ത്തകയെ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രതിയായ പുനെ സ്വദേശിയുടെ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം വന്നത്.

ലഹരിക്ക് അടിമയായ സാഹചര്യങ്ങളില്‍ സ്ത്രീയുടെ സമ്മതം ബലാത്സംഗം നടത്തിയതിനുള്ള ന്യായീകരണമായി കാണാനാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒരിക്കലെങ്കിലും സ്ത്രീ നോ പറഞ്ഞാല്‍ അവള്‍ ലൈംഗികബന്ധത്തിനു സമ്മതമല്ലെന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍, ‘സ്ത്രിയുടെ സമ്മതമില്ലാതെ’ എന്ന നിര്‍വചനത്തിന് വ്യാപകമായ അര്‍ത്ഥങ്ങളാണ് ഉള്ളതെന്നും ജസ്റ്റിസ് മൃദുല ഭട്കറിന്റെ വിധിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 375 വകുപ്പു പ്രകാരം എല്ലാ സാഹചര്യത്തിലും സ്ത്രീയുടെ സമ്മതത്തിന് സാധുതയില്ല. മൗനം പാലിക്കുന്നതോ അനിശ്ചിതാവസ്ഥയോ സമ്മതമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് മൃദുല ഭട്കര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാനഭംഗത്തിനിരയായ യുവതി മദ്യപിച്ചിരുന്നുവെന്നും അതിനാലാണ് യുവതിയെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. അതേസമയം അറിഞ്ഞുകൊണ്ടല്ല താന്‍ മദ്യം കഴിച്ചതെന്ന് യുവതി വാദിച്ചു.

യുവതി മദ്യപിച്ച് സുബോധം നഷ്ടപ്പെട്ടുവെങ്കില്‍ അവരെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം എന്തിനാണ് സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. യുവതിയുടെ അവസ്ഥ പരിഗണിച്ചാല്‍ അവര്‍ക്ക് ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ലെന്ന് മനസിലാക്കാമെന്നും ഇനി അവര്‍ സമ്മതം നല്‍കിയെങ്കിലും അതിനെ സമ്മതമായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Top