മുംബൈ: കാന്‍സര്‍ ബാധിതനായ ഏഴുവയസ്സുകാരനെ മുംബൈ പോലീസ് ‘ഇന്‍സ്‌പെക്ടറാക്കി’. ഒരു ദിവസത്തേക്ക് സ്‌റ്റേഷന്‍ ചുമതല നല്‍കിയാണ് അര്‍പിത് മണ്ഡല്‍ എന്ന ഏഴുവയസ്സുകാരന്റെ ആഗ്രഹം മുംബൈയിലെ മുലുന്ദ് പോലീസ് സ്‌റ്റേഷന്‍ അധികൃതര്‍ നിറവേറ്റിയത്. വലുതാകുമ്പോള്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആകണമെന്നാണ് അര്‍പിതിന്റെ ആഗ്രഹം. അതീവ ഗുരുതര രോഗ ബാധിതരായ മൂന്നിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്ന സംഘടനയായ മേക്ക് എ വിഷ് ഇന്ത്യാ ഫൗണ്ടേഷനും മുംബൈ പൊലീസും ചേര്‍ന്നാണ് അര്‍പിതിന്റെ ആഗ്രഹം സാധിച്ചു കൊടുത്തത്. ഇന്‍സ്‌പെക്ടര്‍ അര്‍പിത് സ്‌റ്റേഷനില്‍ ഇരിക്കുന്നതിന്റെ ചിത്രം മുംബൈ പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നിരവധിയാളുകളാണ് പൊലീസിന് അഭിനന്ദനവുമായി എത്തിയിട്ടുള്ളത്.
Tags: mumbai police