മൂന്നാര്‍ ഒഴിപ്പിക്കല്‍ കേരളം കണ്ട വലിയൊരു ഭൂമി തിരിച്ച് പിടിക്കലായിരുന്നു. എന്നാല്‍ ആ കലം ഉടഞ്ഞത് സിപിഎം സിപിഐ തര്‍ക്കം കാരണമാണ്. വീണ്ടും ഒരു മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ശ്രമം അതേ തര്‍ക്കത്തിന്റെ പുനരാവര്‍ത്തനമാവുകയാണോ. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സിപിഎമ്മും സിപിഐയും കൊമ്പുകോര്‍ത്തതോടെ മൂന്നാര്‍ വീണ്ടും വിവാദഭൂമി ആകുകയാണെന്നാണ് റിപ്പോര്‍ട്ട്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ തര്‍ക്കങ്ങളില്ലെന്നു സിപിഎം സിപിഐ ഇടുക്കി ജില്ലാ നേതൃത്വങ്ങള്‍ പറയുമ്പോഴും വിഷയത്തില്‍ ഇരു പാര്‍ട്ടികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
കയ്യേറ്റത്തിന്റെ പേരില്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനെതിരെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ ശക്തമായി രംഗത്തുവന്നതാണു സിപിഎം ജില്ലാനേതൃത്വത്തെ പ്രകോപിപ്പിച്ചത്. എന്നാല്‍, സിപിഐയ്ക്കു തല്‍ക്കാലം മറുപടി നല്‍കേണ്ടതില്ലെന്നാണു സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു.
കയ്യേറ്റം എന്താണെന്ന് ആദ്യം നിര്‍വചിക്കുകയാണു ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടതെന്നും ഒരു മന്ത്രി നല്‍കുന്ന പട്ടയം, പിന്നീടുവരുന്ന മന്ത്രി റദ്ദാക്കുന്നതു ശരിയായ കീഴ്!വഴക്കമല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ പറഞ്ഞു. ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാം മാടമ്പിയാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണു സബ് കലക്ടര്‍ സ്വീകരിക്കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു.
ഇതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയുടെ ഒളിയമ്പുകള്‍ റവന്യു വകുപ്പിനെ മാത്രം ഉദ്ദേശിച്ചാണെന്നാണു സിപിഐ വൃത്തങ്ങള്‍ ആരോപിക്കുന്നത്. റവന്യു വകുപ്പിനെ താറടിച്ചു കാട്ടാനാണു സിപിഎം നീക്കമെന്നും സിപിഐ നേതാക്കള്‍ പറയുന്നു. മൂന്നാറില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാമിനെ മാറ്റില്ലെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അടിവരയിട്ടു പറഞ്ഞത് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിനു വന്‍ തിരിച്ചടിയായി.
സബ് കലക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ദേവികുളം സബ് കലക്ടറുടെ ഓഫിസിനു മുന്നില്‍ രണ്ടാഴ്ചയിലേറെയായി സത്യഗ്രഹ സമരം നടത്തുകയാണു സിപിഎം അണികള്‍. പാര്‍ട്ടിയുടെ പോഷക സംഘടനയായ കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണു സമരം.
ഇടുക്കി ജില്ലയില്‍ നിന്നുള്ള ഏക മന്ത്രിയായ എം.എം.മണിയും ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രനും സബ് കലക്ടര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നപ്പോള്‍ സബ് കലക്ടര്‍ക്ക് അനുകൂലമായ നിലപാടാണു റവന്യു മന്ത്രിയുടേത്.
സബ് കലക്ടറെ ഒരു കാരണവശാലും മാറ്റില്ലെന്നു റവന്യു മന്ത്രി മൂന്നാറില്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുകയെന്നത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സബ് കലക്ടറെ മാറ്റണമെന്ന സിപിഎം സമ്മര്‍ദതന്ത്രത്തിന് ഒരു കാരണവശാലും വഴങ്ങേണ്ടതില്ലെന്നാണു സിപിഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെന്നാണു സൂചന.
മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മുമായി തര്‍ക്കമില്ലെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. ദേവികുളം സബ്കലക്ടറെ മാറ്റുന്നതല്ല, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതാണു മുഖ്യവിഷയമെന്നും ശിവരാമന്‍ പറഞ്ഞു. മൂന്നാറിലെ വിഷയങ്ങളില്‍ സിപിഐയുമായി ഒരു തര്‍ക്കവും നിലവിലില്ലെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും അറിയിച്ചു.
ഏപ്രില്‍ ഒന്നുവരെ ദേവികുളം സബ് കലക്ടറുടെ ഓഫിസിനു മുന്നില്‍ നടക്കുന്ന സത്യഗ്രഹം തുടരാനും ഇതിനുശേഷം സമരം ശക്തമാക്കാനുമാണു കേരള കര്‍ഷക സംഘത്തിന്റെ തീരുമാനം. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളെക്കുറിച്ചു നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരിക്കുന്ന അടിയന്തര യോഗത്തില്‍ കാര്യമായ തീരുമാനമുണ്ടായാല്‍ സത്യഗ്രഹം പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റി ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
മൂന്നാറിലും സമീപ വില്ലേജുകളിലും വീടു നിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിന്റെ പേരിലാണു സബ് കലക്ടര്‍ വി.ശ്രീറാമിനെതിരെ പരസ്യമായി രംഗത്തിറങ്ങാന്‍ കേരള കര്‍ഷക സംഘം തീരുമാനിച്ചത്. ഇതേസമയം, നിലവില്‍ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് എന്‍ഒസി നല്‍കിക്കഴിഞ്ഞുവെന്നും ഇതുവരെ ലഭിച്ച 125 അപേക്ഷകളില്‍ 115 എണ്ണത്തിനും എന്‍ഒസി നല്‍കിയതായും സബ് കലക്ടര്‍ വി.ശ്രീറാം പറഞ്ഞു. സാധാരണക്കാര്‍ക്കു വീടു നിര്‍മിക്കുന്നതിനു റവന്യു വകുപ്പ് തടസ്സം നില്‍ക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും സബ് കലക്ടര്‍ അറിയിച്ചു.