കയ്യേറ്റം ഒഴിപ്പിക്കാനുള്ള ലിസ്റ്റ് തയ്യാറാക്കി റവന്യൂ വകുപ്പ്; എംഎം മണിയുടെ സഹോദരനും കയ്യേറ്റക്കാരുടെ പട്ടികയില്‍

 
കൈയേറ്റം ഒഴിപ്പിക്കേണ്ടവരുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടുപ്പക്കാരും ലിസ്റ്റില്‍. മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോദരന്റെ പേരും ലിസ്റ്റില്‍ ഇടം പിടിച്ചു. ഇതോടെ സിപിഎം സിപിപഐ തര്‍ക്കം മുറുകാനാണ് സാധ്യത.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിനെ നഖശിഖാന്തം എതിര്‍ക്കുന്ന മന്ത്രി എംഎം മണിയുടെ സഹോദരന്‍ പ്രദേശത്തെ വന്‍കിട കൈയേറ്റക്കാരനാണെന്ന വിവരമാണ് റവന്യൂ വകുപ്പ് തയ്യാറാക്കിയ പട്ടിക വ്യക്തമാക്കുന്നത്. എം എം ലംബോധരന്‍ ചിന്നക്കനാലില്‍ കൈയേറിയത് 240 ഏക്കര്‍ ഭൂമിയാണെന്നാണ് പട്ടികയില്‍ പറയുന്നത്. ഒഴിപ്പിക്കലിനെത്തുടര്‍ന്ന് വിവാദമായ പാപ്പാത്തിച്ചോലയില്‍ 300 ഏക്കര്‍ ഭൂമി കൈയേറിയത് കഴിഞ്ഞാല്‍, മൂന്നാറിലെ വന്‍കിട കൈയേറ്റം ലംബോദരന്റെതാണ് എന്ന് വ്യക്തമാകുമ്പോള്‍ തന്നെ മണി എന്തുകൊണ്ട് കൈയേറ്റം ഒഴിപ്പിക്കലിനെ എതിര്‍ക്കുന്നു എന്ന് ബോധ്യമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നാറിലെ തച്ചങ്കരി കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള കാറ്ററിങ് കോളേജും കൈയേറ്റക്കാരുടെ ലിസ്റ്റിലുണ്ട്. മാറിമാറി വന്ന സര്‍ക്കാറുകളൊന്നും ഇത് ഒഴിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. പാപ്പാത്തിച്ചോലയില്‍ വന്‍കിട കൈയേറ്റം നടത്തിയ സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയുടെ നേതാവ് ടോം സഖറിയയുടെ സഹോദരന്‍ ബോബി സഖറിയയോടൊപ്പം ചേര്‍ന്ന് സി.പി.എം. ശാന്തന്‍പാറ ഏരിയാ കമ്മറ്റിയംഗം വി.എക്‌സ്. ആല്‍ബിന്‍ ചിന്നക്കനാലില്‍ 17 ഏക്കര്‍ കൈയേറിയതും റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ കൈവശപ്പെടുത്തിയിരിക്കുന്നത് ആദിവാസി ഭൂമിയാണെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ആല്‍ബിന്‍ ഒറ്റയ്ക്ക് ചിന്നക്കനാലില്‍ 30 സെന്റ് വേറെയും കൈയേറി. ടോം സഖറിയയുടെ മറ്റൊരു സഹോദരന്‍ ജിമ്മി സഖറിയ ചിന്നക്കനാലില്‍ 40 ഏക്കര്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തച്ചങ്കരി കാറ്ററിങ് കോളേജും ഹോസ്റ്റലും ചിന്നക്കനാലില്‍ 20 ഏക്കര്‍ ഭൂമി കൈയേറി. സന്തോഷ് ജോര്‍ജ് കുളങ്ങര ചിന്നക്കനാല്‍, കെ.ഡി.എച്ച്., ബൈസണ്‍വാലി വില്ലേജുകളിലായി മൂന്ന് ഏക്കര്‍ കൈവശപ്പെടുത്തി. ചിന്നക്കനാലില്‍ സ്‌കൈ ജുവല്ലറി ക്ലൗഡ് 9 റിസോര്‍ട്ടിന് സമീപം കൈയേറിയത് 12 ഏക്കര്‍.

സ്?പിരിറ്റ് ഇന്‍ ജീസസിന്റെയും ലംബോദരന്റെയും കൈയേറ്റം കഴിഞ്ഞാല്‍, ആനവിരട്ടിയിലാണ് സര്‍ക്കാര്‍ഭൂമി വന്‍തോതില്‍ കൈവശപ്പെടുത്തിയത്. ഇവിടെ, ലൂക്ക് സ്റ്റീഫന്‍ പുളിമൂട്ടില്‍ കൈയേറിയത് 200 ഏക്കറാണ്. ഗ്രീന്‍ ജംഗിള്‍ റിസോര്‍ട്‌സിന് ചിന്നക്കനാലില്‍ അഞ്ചേക്കറും ആഴി റിസോര്‍ട്‌സിന് 10 ഏക്കറും കൈയേറ്റ ഭൂമിയുണ്ട്. ജംഗിള്‍ ട്രക്കിങ്ങിനും ടെന്റിനുമായി കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ആനയിറങ്ങല്‍ ക്യാമ്പില്‍ ഒമ്പതരയേക്കര്‍ ഭൂമി കൈയേറി. കെ.ഡി.എച്ചില്‍ വിന്‍സെന്റ് ഡിക്കോത്തയെന്നയാള്‍ ഒരേക്കറും ലവ് ഡെയ്ല്‍ സ്ഥാപനം ഒരേക്കര്‍ 30 സെന്റും കൈയേറി. പള്ളിവാസല്‍ കെ.എസ്.ഇ.ബി. വക സ്ഥലത്ത് 40 ഏക്കര്‍ കൈയേറ്റമുണ്ട്. ദേവികുളം സി.എച്ച്.സി.ക്കും ജി.വി.എച്ച്.എസ്. സ്‌കൂളിനും ഒരേക്കറും ശിക്ഷക് സദന് 20 സെന്റും കൈയേറ്റമുണ്ടെന്നും കണ്ടെത്തി.

വന്‍കിട കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ഓഫീസുകള്‍വഴി കണക്കെടുത്താണ് പ്രാഥമിക പട്ടികയ്ക്ക് രൂപം നല്‍കിയത്. ഓരോ കൈയേറ്റ ഭൂമിയുടെയും സര്‍വേ നമ്പറും നിലവില്‍ എന്തിന് ഉപയോഗിക്കുന്നുവെന്നും പട്ടികയിലുണ്ട്. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസ് നല്‍കി ഒഴിപ്പിക്കലുമായി മുന്നോട്ടുപോകാനാണ് റവന്യൂ അധികൃതരുടെ തീരുമാനം. ഭൂമി കൈയേറിയവര്‍ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

സി.പി.എം. നേതാക്കളുടെയും ബന്ധുക്കളുടെയും കൈയേറ്റം ഒഴിപ്പിക്കുന്നത് തടയാനാണ് പാര്‍ട്ടി തീവ്രമായി രംഗത്തെത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. മന്ത്രി എം.എം. മണിയും എസ്. രാജേന്ദ്രന്‍ എംഎ!ല്‍എ.യും ഒഴിപ്പിക്കല്‍ നടപടിക്ക് മുന്‍കൈയെടുത്ത സബ് കളക്ടറെയും കളക്ടറെയും ശാരീരികമായി നേരിടുമെന്ന് വരെ ഭീഷണിപ്പെടുത്തി. സിപിഐ.യും സിപിഎമ്മും അകലുന്നതിലേക്കും ഇത് നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ. സെക്രട്ടറി കാനം രാജേന്ദ്രനും നേര്‍ക്കുനേരേ ഏറ്റുമുട്ടുന്ന തരത്തിലേക്ക് ഇത് വളരുന്നതിനിടെയാണ് വന്‍കിട കൈയേറ്റക്കാരുടെ പട്ടികയ്ക്ക് റവന്യൂ അധികൃതര്‍ രൂപം നല്‍കിയത്. ഇതോടെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി എന്തു തീരുമാനം കൈക്കൊള്ളും എന്നാണ് അറിയേണ്ടത്.

അതേസമയം സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പൊതുധാരണയുണ്ടാക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. മെയ് ഏഴിന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് യോഗം. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റവന്യൂ വകുപ്പ് തയ്യാറാക്കിയ കൈയേറ്റക്കാരുടെ പട്ടിക സര്‍വകക്ഷി യോഗത്തില്‍ സമര്‍പ്പിക്കും. കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍വകക്ഷിയോഗത്തിന്റെ തന്നെ ആവശ്യമില്ലെന്നാണ് സിപിഐ.യുടെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം. യോഗം വിളിച്ചാല്‍ പങ്കെടുക്കുമെങ്കിലും കൈയേറ്റം ഒഴിപ്പിക്കാന്‍ കൃത്യമായ നിയമങ്ങള്‍ ഉള്ളപ്പോള്‍ അവ നടപ്പാക്കിയാല്‍ മതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top