ആ കളക്ടര്‍ ഹിന്ദുത്വവാദി; മൂന്നാര്‍ കയ്യേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം മുഖപത്രം; ശ്രീറാം വെങ്കിട്ടറാമിനെതിരെ കടുത്ത വിമര്‍ശനം

ഇടുക്കി: മത ചിഹ്നമുപയോഗിച്ച് മുന്നാറില്‍ ആയിരകണക്കിന് ഏക്കര്‍ഭൂമി കയ്യേറാനുള്ള നീക്കം തടഞ്ഞ സബ് കളക്ടറെ സംഘപരിവാര്‍ അനുകൂലിയാക്കി സിപിഎമ്മും ദേശാഭിമാനിയും. ചെറു ക്രിസ്ത്യന്‍ സംഘത്തെ ഉപയോഗിച്ച് നടത്തിയ വന്‍ ഗൂഢാലോചനയായിരുന്നു ഭൂമികയ്യേറ്റമെന്ന തിരിച്ചറിഞ്ഞിട്ടും കയ്യേറ്റക്കാരെ പിന്തുണച്ചാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്. സിപിഐഎം മുഖപത്രമായ ദേശാഭിമാനി ആരോപിക്കുന്നത്, ശ്രീറാം ഹിന്ദുത്വവാദികളുടെ കൈയ്യിലെ ഉപകരണമാണെന്നാണ്.

ഇന്നത്തെ ദേശാഭിമാനിലാണ് ആ വാര്‍ത്ത വളരെ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുരിശുപൊളിക്കലിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന തലക്കെട്ടോടെയാണ് വാര്‍ത്ത. മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നുവെന്ന് ദേശാഭിമാനി പറയുന്നു. ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് റവന്യൂഉദ്യോഗസ്ഥനെന്ന ആക്ഷേപം മൂന്നാറില്‍ നിന്നു തന്നെ ഉയര്‍ന്നു വരുന്നുവെന്നും വാര്‍ത്തയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള ചരിത്രത്തില്‍ ആദ്യമായ് കൈയേറ്റം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയനീക്കം യാദൃശ്ചികമല്ലെന്നുമുണ്ട് ആരോപണം. പണ്ടേ സിപിഐ എമ്മിനോടും ഇടുക്കിയിലെ ജനപ്രതിനിധികളോടും ശത്രുത പുലര്‍ത്തുന്ന ഒരു കോണ്‍ഗ്രസ് എംഎല്‍എ ഇക്കാര്യത്തില്‍ സംഘപരിവാറിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പരോക്ഷമായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നും ദേശാഭിമാനി ആരോപിക്കുന്നു. ഈ കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ഭാര്യാകുടുംബവും റവന്യൂ ഉദ്യോഗസ്ഥനും ബന്ധുക്കാരാണെന്നാണ് വിവരമെന്നും ദേശാഭിമാനി പറയുന്നു. സംഘപരിവാര്‍ പശ്ചാത്തലമുള്ള ഈ ബന്ധങ്ങളാണ് മൂന്നാറില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍. കുരിശ് ജെസിബികൊണ്ട് ഇടിച്ചു തകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ പുലര്‍ച്ചെ നാലിന് സംഘപരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളെയും കൂട്ടിപ്പോയതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ദേശാഭിമാനി ആരോപിക്കുന്നു.

സിപിഐ എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിങ്ങിന് കുമ്മനം നിവേദനം നല്‍കിയത് ഈ തിരക്കഥയുടെ ഭാഗമാണെന്നും പത്രം ആരോപിക്കുന്നു. പിന്നീട് രാജ്നാഥ് സിങ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രി സി ആര്‍ ചൌധരിയെ മൂന്നാറിലേക്ക് അയച്ചു. ആര്‍എസ്എസുമായും ബിജെപിയുമായും നല്ല ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കള്‍ നീക്കിയത്. ബിജെപി നേതാക്കളുടെ ഒഴുക്കായിരുന്നു മൂന്നാറിലേക്ക്. ആദ്യമെത്തിയത് കുമ്മനം രാജശേഖരനായിരുന്നു. പിന്നീട് ബിജെപി ജില്ലാ ഘടകത്തെക്കൊണ്ട് മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിച്ച് ഉദ്ഘാടനം ചെയ്യാന്‍ കുമ്മനം വീണ്ടും എത്തി. ഇത് മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും ദേശാഭിമാനി വ്യക്തമാക്കുന്നു. ഇടുക്കിയില്‍ നിന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

സംഘിനിലപാടുകാരും ഹിന്ദുത്വവാജികളുടെ ആജ്ഞയനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നവരും ഭരണനിര്‍വഹണത്തിന്റെ പ്രധാന സ്ഥാനത്തിരിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്.

Top