തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ സിപിഐയുടെ കടുത്ത പ്രതിഷേധത്തെ അവഗണിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. ഇടുക്കിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നു. ഇതേക്കുറിച്ച് എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇതു യോഗത്തില്‍ വായിക്കുകയും ചെയ്തു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും, സിപിെഎ പ്രാദേശിക നേതാക്കളും യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. മൂന്നാറിലെ സ്ഥലമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചത്. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. മൂന്നാർ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്ന് ഇൗ മാസം ഒൻപതിനു സബ് കലക്ടർ നോട്ടിസ് നൽകി. സർക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോം സ്റ്റേ നടത്തിയിരുന്നയാൾക്കാണു നോട്ടിസ് നൽകിയത്. ഇതിനെതിരെ ഇടതുനേതാക്കൾ മുഖ്യമന്ത്രിയെ സമീപിച്ചു. ഈ സംഭവത്തിലാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്.കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മൂന്നാറിലെ പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.എം. മണി, എസ്.രാജേന്ദ്രന്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്‍റ് എ.കെ മണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റവന്യൂ വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ് കലക്ടറുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, മൂന്നാർ കുത്തകപ്പാട്ട മേഖലയിലെ കരം സ്വീകരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് വേണ്ടതു ചെയ്യാനാണ് നിർദേശം.
മൂന്നാറിലെ സര്‍ക്കാര്‍ പുറമ്പോക്കിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നിയമപ്രകാരം നടപടികള്‍ ആംരംഭിച്ചതിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിച്ചത്. മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ചെറുകിട കൈയേറ്റക്കാർക്ക് മറ്റ് ഭൂമിയില്ലെങ്കിൽ അവരോട് അനുഭാവപൂർവമായ സമീപനം വേണമെന്നും പറഞ്ഞു.യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഇ.ചന്ദ്രശേഖരനെ സിപിഐ നേരത്തെ അറിയിച്ചിരുന്നു. മൂന്നാറിലെ 22 സെന്‍റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ഈ യോഗത്തെക്കുറിച്ച് അറിയില്ലെന്നാണ് സിപിഐയുടെ നിലപാട്. ഔദ്യോഗികമായി സിപിഐയ്ക്കു ക്ഷണം ലഭിച്ചിട്ടുമില്ല. വിളിക്കാത്ത യോഗത്തിന് റവന്യൂമന്ത്രി എന്തിനു പോകണമെന്ന് കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചിരുന്നു.
എന്നാല്‍ റവന്യൂ മന്ത്രി പങ്കെടുക്കാത്തത് അസൌകര്യം കൊണ്ടു മാത്രമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കുന്ന വിശദീകരണം. ക്ഷണമില്ലെന്നു പറഞ്ഞ് വിവാദമാക്കേണ്ട കാര്യമില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ബാധിച്ചിട്ടില്ല. കയ്യേറ്റത്തിനെതിരായ പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.