തിരുവനന്തപുരം: നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണ്. ശബരിമല വിഷയം കാരണം നവകേരള നിര്‍മ്മാണ വാര്‍ത്തകള്‍ പൊതുജനങ്ങളിലേക്ക് കുറച്ച് മാത്രമേ എത്തുന്നുള്ളൂ. അതിനിടയിലാണ് നവകേരള നിര്‍മ്മാണത്തക്കുറിച്ചും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെക്കുറിച്ചും യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നമ്മുടെ മുഖ്യമന്ത്രി സമയനിഷ്ഠ ഉള്ളയാളാണ്. കൃത്യ സമയത്ത് മീറ്റിംഗുകള്‍ തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു. പുനര്‍നിര്‍മാണത്തിന്റെ മീറ്റിങ്ങിനു വരുമ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതിശയിപ്പിക്കുന്നു. വിഷയങ്ങള്‍ നന്നായി പഠിച്ച്, പ്രസക്തമായ അഭിപ്രായങ്ങള്‍ മലയാളത്തിലും ഇംഗ്ലിഷിലും പ്രകടിപ്പിക്കും. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടണമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു ഉപദേശിയുടെ ഓര്‍മക്കുറിപ്പുകള്‍..
ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് ഇടയിലും കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള തയാറെടുപ്പുകള്‍ പിന്നണിയില്‍ നടക്കുന്നുണ്ട് എന്നതു ഭൂരിപക്ഷം മലയാളികള്‍ക്കും അറിയാത്ത കാര്യമാണ്. നവകേരള നിര്‍മാണത്തിനുള്ള ‘Rebuild Kerala Initiative’ എന്ന സംവിധാനത്തിന്റെ ഉപദേശക സമിതിയില്‍ ഞാന്‍ അംഗമാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, 4 മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, പുറമെ നിന്നുള്ള ഏതാനും അംഗങ്ങള്‍ ഇവര്‍ ഉള്‍പ്പെട്ടതാണ് ഈ സമിതി. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി അടുത്ത് ആദ്യമായിട്ടാണ് ഇടപഴകുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം ഈ കമ്മിറ്റിയുടെ 2 മീറ്റിങ്ങുകള്‍ കഴിഞ്ഞു. അതിന്റെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാം.
1. ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ ഇരുന്ന് വിഡിയോ വഴിയാണ് 2 മീറ്റിങ്ങിലും പങ്കെടുത്തത്. ഒരു മൊബൈല്‍ ഫോണ്‍ ആപ്പ് വഴി. വളരെ ക്ലിയര്‍ ആയി നമുക്കു കാണാനും കേള്‍ക്കാനും പറ്റും. ഇനി മലയാളികള്‍ ലോകത്ത് എവിടെ ആണെങ്കിലും അവരുടെ ഉപദേശം നമ്മുടെ സര്‍ക്കാരോ സ്വകാര്യ സ്ഥാപനങ്ങളോ അക്കാദമിക്ക് സ്ഥാപനങ്ങളോ തേടാതിരിക്കാന്‍ ഒരു ന്യായീകരണവും ഇല്ല.
2. നമ്മുടെ മുഖ്യമന്ത്രി ഏറെ സമയനിഷ്ഠ ഉള്ള ആളാണ്. അതുകൊണ്ട് മീറ്റിങ്ങുകള്‍ സമയത്തിനുതന്നെ തുടങ്ങും, അവസാനിക്കുകയും ചെയ്യും.
3. മീറ്റിങ്ങുകള്‍ പ്ലാന്‍ ചെയ്യുന്നതിലും അതിന്റെ ബാക്ക്ഗ്രൗണ്ട് റീഡിങ് ഡോക്യുമെന്റുകള്‍ അയക്കുന്ന കാര്യത്തിലും കുറച്ചുകൂടി കാര്യങ്ങള്‍ പുരോഗമിക്കാനുണ്ട്.
4. മീറ്റിങ്ങില്‍ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശരിക്കു ശ്രദ്ധിച്ചു കേള്‍ക്കുക എന്നതാണു മുഖ്യമന്ത്രിയുടെ രീതി. സംസാരിക്കുമ്പോള്‍ തന്നെ സ്വന്തം അഭിപ്രായങ്ങള്‍ പറയുകയല്ല, എന്തെങ്കിലും ഒക്കെ ക്ലാരിഫിക്കേഷന്‍ ചോദിക്കാറാണു പതിവ്. ‘Good leaders should be good listners’ എന്നാണു നല്ല മാനേജ്മെന്റ് തത്വവും.
5. എന്നെ ഏറ്റവും അതിശയിപ്പിച്ചതു പ്രതിപക്ഷ നേതാവാണ്. ശബരിമലയും ബ്രൂവറിയും ഒക്കെയായി സര്‍ക്കാരുമായി പല അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നതും പുറത്തു ശക്തമായി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യുന്ന സമയമാണ്. പക്ഷെ പുനര്‍നിര്‍മാണത്തിന്റെ മീറ്റിങ്ങിനു വരുമ്പോള്‍ അതൊന്നും വിഷയമല്ല. വിഷയങ്ങള്‍ നന്നായി പഠിച്ച്, വളരെ പ്രസക്തമായ അഭിപ്രായങ്ങള്‍ മലയാളത്തിലും ഇംഗ്ലിഷിലും പ്രകടിപ്പിക്കും. ഞാന്‍ നേരിട്ട് അറിയുന്ന ആളല്ല പ്രതിപക്ഷ നേതാവ്. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടണം എന്നും സംസാരിക്കണം എന്നും തീരുമാനിച്ചു.
Pinarayi Vijayan, Ramesh Chennithala പിണറായി വിജയന്‍, രമേശ് ചെന്നിത്തല
6. പുനര്‍നിര്‍മാണം ‘ഒന്നും നടക്കുന്നില്ല’ എന്നൊക്കെ ആളുകള്‍ക്കു തോന്നുന്നുണ്ട്. കുറച്ചൊക്കെ ശരിയും ഉണ്ട്. പക്ഷെ പുനര്‍നിര്‍മാണം എന്നത് ഒരു 100 മീറ്റര്‍ സ്പ്രിന്റ് അല്ല, ഫുള്‍ മാരത്തോണ്‍ ആണ്. അതുകൊണ്ടു തന്നെ ചര്‍ച്ചകളും പ്ലാനിങ്ങും ഒക്കെ പ്രധാനമാണ്. ചര്‍ച്ചകള്‍ പ്രവൃത്തിയിലേക്കു നീങ്ങണം എന്നതാണു പ്രധാനം.
7. നവകേരളം എന്നതു പുനര്‍നിര്‍മാണം മാത്രമല്ല, കേരളത്തിലെ ഭൂവിനിയോഗം തൊട്ടു കെട്ടിട നിര്‍മാണം വരെ, നികുതി ഘടന മുതല്‍ വിദ്യാഭ്യാസം വരെ ഉള്ള കാര്യങ്ങളില്‍ പുതിയ കാഴ്ചപ്പാടുകളും നയങ്ങളും നിയമങ്ങളും ഒക്കെ കൊണ്ടുവരുന്നതും കൂടിയാണ് എന്നതാണ് എന്റെ പ്രധാന ഉപദേശം. പറ്റുമ്പോള്‍ ഒക്കെ അത് ഞാന്‍ കൊടുക്കുന്നുണ്ട്.
8. ഉപദേശക സമിതിയില്‍ ഇപ്പോള്‍ ഒരു സ്ത്രീ മാത്രമാണ് ഉള്ളത്. നവകേരളത്തില്‍ സ്ത്രീപ്രാതിനിധ്യം ഇതൊന്നും പോരാ. ഇക്കാര്യവും ഞാന്‍ ഇടക്കിടക്ക് പറയുന്നുണ്ട്.
9. ‘ചുമ്മാതല്ല ഇയാള്‍ സര്‍ക്കാരിനെ താങ്ങിക്കൊണ്ട് നടക്കുന്നത്’ എന്ന് ആത്മഗതം വേണ്ട. ഉപദേശക സമിതിക്കു ശമ്പളവും യാത്രബത്തയും ഒന്നുമില്ല. തിരുവനന്തപുരത്ത് മീറ്റിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായയും ബിസ്‌ക്കറ്റും ഉണ്ട്. ജനീവയില്‍ ഞാന്‍ അത് സ്വന്തമായി സംഘടിപ്പിക്കണം.
10. ഉപദേശക സമിതി വഴി ഞാന്‍ സര്‍ക്കാരിലേക്ക് എത്തിക്കുന്നത് എന്റെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും മാത്രമല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് അഭിപ്രായം ഉണ്ടെങ്കില്‍ തീര്‍ച്ചയായും പറയണം. ഇമെയില്‍ ചെയ്താലും മതി.