കൊച്ചി:സിനിമയെ വെല്ലുന്ന ജീവിത കഥയുമായി നടൻ ജയന്റെ മകനും ഭാര്യയും രംഗത്ത് . ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകവെ മുരളി ജയന്‍ എന്ന യുവാവ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ജയന്റെ മകനാണെന്നും യഥാര്‍ത്ഥ പേര് മുരളീധരന്‍ എന്നാണെന്നും മുരളി പറയുന്നു. തന്റെ പേര് മുരളി ജയന്‍ എന്നാക്കിയത് നാടക കമ്പനിയായ കെ.പി.എ.സിയാണ്. ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ കോടതി കയറ്റുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പറ്റുമെങ്കില്‍ തനിക്കെതിരെ കേസെടുത്ത് കോടതി കയറ്റൂ എന്നും മുരളി വെല്ലുവിളിച്ചു. നടി ഉമാ നായര്‍ക്ക് പിന്നാലെ നടന്‍ ജയന്റെ ബന്ധുത്വം അവകാശപ്പെട്ട് മറ്റൊരാള്‍ കൂടി രംഗത്ത്. ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ജയന്റെ മകളാണെന്ന് നടി ഉമാ നായര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഉമയുടെ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ജയന്റെ സഹോദരന്റെ മക്കളായ ആദിത്യനും ലഷ്മിയും രംഗത്ത് വന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതിയമ്മ എന്ന സ്ത്രീ കൊല്ലം തേവള്ളി പാലത്തിനടുത്ത് താമസിച്ചിരുന്നു. അവിടെ തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്കമ്മയാണ് എന്റെ അമ്മ. ഒരിക്കല്‍ എന്റെ അമ്മ ഭാരതിയമ്മയുടെ വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ സോമന്‍ നായര്‍ എന്ന കുട്ടി അടുപ്പില്‍ കലം വച്ച് തീ കത്തിക്കുന്നു. അമ്മ നോക്കിയപ്പോള്‍ ആ കലത്തില്‍ ഒരുതരി അരി പോലും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ അനാഥരാണെന്നും മൂത്ത മകന്‍ നേവിയിലാണ് അവന് പണമൊന്നും കിട്ടിത്തുടങ്ങിയിട്ടില്ലെന്നും ഭാരതിയമ്മ പറഞ്ഞു. അപ്പോള്‍ തന്നെ അമ്മ പലചരക്ക് കടയില്‍ പോയി ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങി കൊടുത്തു. എത്ര വേണമെങ്കിലും സഹാകയിക്കാമെന്ന് പറഞ്ഞു. അങ്ങനെ നേവിയില്‍ ജോലിയുള്ള കൃഷ്ണന്‍ നായര്‍ അവധിക്ക് വന്നപ്പോള്‍ അമ്മയെ കാണാന്‍ വന്നു.അദ്ദേഹം മുന്‍കൈ എടുത്ത് വിവാഹവും നടത്തി.
ആ ബന്ധത്തില്‍ ജനിച്ച മകനാണ് താനെന്ന് മുരളി ജയന്‍ പറയുന്നു. അച്ഛന്‍ ഉയരങ്ങളില്‍ എത്തുമെന്നും താന്‍ അച്ഛന്റെ എളിക്കൊപ്പം വളരുമ്പോള്‍ അച്ഛന്‍ മരിക്കുമെന്നും തന്റെ ജാതകത്തില്‍ ഉണ്ടായിരുന്നതായി മുരളി അവകാശപ്പെട്ടു. അച്ഛന്‍ സിനിമാ താരമായി പ്രശസ്തനായപ്പോള്‍ അതുവരെ ഇല്ലാതിരുന്ന ബന്ധുക്കള്‍ കയറി വരികയും തന്നെയും അമ്മയേയും ഒഴിവാക്കുകയും ചെയ്യുകയായിരുന്നെന്നും മുരളി പറഞ്ഞു. വിവരമറിഞ്ഞ് അച്ഛന്‍ അവിടേയ്ക്ക് വന്നു. അമ്മയേയും എന്നേയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. പക്ഷേ അമ്മ പോയില്ല. അച്ഛന്റെ വീട്ടില്‍ മറ്റൊരു കല്യാണ പന്തല്‍ ഉയര്‍ന്നപ്പോള്‍ അമ്മ അവിടെ സത്യഗ്രഹം ഇരുന്നു. എന്നാല്‍ അത് തന്റെ കല്യാണമല്ലെന്നും അനിയന്റെ കല്യാണമാണെന്നും അദ്ദേഹം പറഞ്ഞു. അവസാനം പ്രശ്‌നം കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി. ഇത് തന്റെ ഭാര്യയും മകനുമാണെന്നും അവരെ സംരക്ഷിച്ചു കൊള്ളാമെന്നും അച്ഛന്‍ എഴുതിവച്ചു. പക്ഷേ അച്ഛന്റെ ബന്ധുക്കളെ ഭയന്ന് അമ്മ അങ്ങോട്ട് പോയില്ല.
ഞാനും അമ്മയും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. വാടക മുടങ്ങിയതോടെ ഞാനും അമ്മയും കടത്തിണ്ണയിലായി. ഒരിക്കല്‍ ഒരു സിനിമാ ചിത്രീകരണം നടക്കുന്നിടത്ത് വച്ച് ദൂരെ നിന്ന് അമ്മ അച്ഛനെ കാണിച്ചു തന്നു. എനിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ ജാതകത്തില്‍ പറഞ്ഞത് പോലെ അച്ഛന്‍ മരിച്ചു. അച്ഛനെ അടക്കിയ സ്ഥലത്ത് ഞാനും അമ്മയും പോയിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞ് അമ്മൂമ്മ മരിച്ചു. എന്നാല്‍ അമ്മൂമ്മയെ കാണാന്‍ പോലും അവര്‍ അനുവദിച്ചില്ലെന്ന് മുരളി പറഞ്ഞു. അമ്മയുടെ നല്ല കാലത്ത് അച്ഛന്റെ കുടുംബത്തെ സംരക്ഷിച്ചു. എനിക്ക് അച്ഛന്റെ ഒന്നും വേണ്ട. ഒന്നും ആഗ്രഹിക്കുന്നില്ല. ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ എന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ആദിത്യന്റെ ഭീഷണി. ഞാന്‍ കൊല്ലം സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും മുരളി പറഞ്ഞു.