കൊച്ചി:1980 ൽ മരണപ്പെട്ട മലയാളത്തിലെ അനശ്വര നടൻ ജയന്റെ ഓർമകൾക്ക് മരണമില്ല.അതിനുശേഷം നാളിതുവരെയും അദ്ദേഹത്തിന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. 2001 ലാണ് അദ്ദേഹത്തിന്റെ മകൻ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയൻ എത്തുന്നത്. എന്നാൽ ജയന്റെ വീട്ടുകാരുടെ ഇടപെടൽ മൂലം ആ വാർത്ത പയ്യെ മാഞ്ഞു പോയി. എന്നാൽ, അടുത്തിടെ ഒരു പരിപാടിയിൽ നടി ഉമാ നായർ താൻ ജയന്റെ അനുജന്റെ മകളാണ് എന്ന് അവകാശപ്പെട്ടതിനെ തുടർന്ന് ജയന്റെ സഹോദൻ സോമൻ നായരുടെ മകൻ ആദിത്യനും സഹോദരി ഡോക്ടർ ലക്ഷ്മി നായരും ഇതിനെ എതിർത്ത രംഗത്തെത്തിയിരുന്നു.
ജയന്റെ മകനാണ്, ബന്ധുക്കളാണ് എന്നൊക്കെ പറഞ്ഞു പലരും പേരെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ആദിത്യൻ പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയന്റെ മകൻ എന്നവകാശപ്പെടുന്ന മുരളി ജയൻ ആദിത്യനുള്ള മറുപടിയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിലുള്ള വാദപ്രതിവാദങ്ങൾ ചർച്ചയാവുകയും ചെയ്തു. അതിശക്തമായ തരത്തിൽ പ്രതികരിക്കുകയും ലൈവിൽ വന്നു തന്റെ അച്ഛനാണ് ജയൻ എന്ന് മുരളി ജയൻ വെളിപ്പെടുത്തുകയും ചെയ്തു . ജയന്റെ മകൻ എന്ന രീതിയിൽ തന്റെ ജീവിത കഥയും ബന്ധുക്കളിൽ നിന്ന് നേരിട്ട്കൊണ്ടിരിക്കുന്ന മാനസീക പീഡനങ്ങളും മുരളി ജയൻ തുറന്നു പറഞ്ഞുകൊണ്ട് വീണ്ടും രംഗത്ത് വന്നു മനോരമ ഓൺലൈനിലാണ് മുരളി ജയൻ കുറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
∙ ജയന്റെ മകൻ എന്ന അവകാശവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനിവാര്യമാണ് എന്ന് തോന്നുണ്ടോ?
വിവാദങ്ങളുടെ ആവശ്യമില്ല. എന്നാൽ എന്റെ പിതൃത്വം തെളിയിക്കേണ്ടത് എന്റെ കൂടി ആവശ്യമാണ്. ഒരിക്കൽ എന്നെയും അമ്മയെയും അംഗീകരിച്ച ബന്ധുക്കളിൽ നിന്ന് തന്നെയാണ് ഇപ്പോൾ അവഗണന നേരിടുന്നത്. ജയൻ എന്ന എന്റെ അച്ഛന്റെ അനുജൻ സോമൻ നായരുടെ മക്കളാണ് ആദിത്യനും ലക്ഷ്മിയും. അച്ഛന്റെ പേരിന്റെ തണലിൽ ആദിത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഒരുപാട് തിളങ്ങി. അതിൽ എന്നും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. 2001 ഞാൻ ജയന്റെ മകനാണ് എന്ന് കേരളം അറിയുന്നത് വരെ വളരെ നല്ലരീതിയിലാണ് കാര്യങ്ങൾ പോയിരുന്നത്. എന്നാൽ, മാധ്യമങ്ങളിൽ അത് ചർച്ചയായതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു. അച്ഛൻ വീട്ടുകാരിൽ നിന്നും പലവിധത്തിലുള്ള ഭീഷണികൾ നേരിടേണ്ടി വന്നു.
∙ വീണ്ടും ഈ പ്രശ്നം തലപൊക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?
ഉമാ നായർ അച്ഛന്റെ (ജയന്റെ ) സഹോദരന്റെ മകളാണ് എന്ന് ടിവി ചാനലിൽ പറഞ്ഞതിനെ തുടർന്ന്, അത് നിരാകരിച്ച് രംഗത്തു വന്ന നടൻ ആദിത്യൻ അച്ഛന്റെ മകനാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരാൾ പണ്ട് ചാനൽ സ്റ്റുഡിയോയിൽ വരെ വന്നിട്ടുണ്ട് എന്ന് പറഞ്ഞു. അത് പണ്ട് നടന്ന ഒരു സംഭവമാണ്. ആദിത്യൻ ഉദ്ദേശിച്ചത് എന്നെ ആണ് എന്ന് എനിക്കും ഈ നാട്ടുകാർക്കും വ്യക്തമായി അറിയാം. ആ സ്ഥിതിക്ക് ഞാൻ ആദിത്യന് മറുപടി നൽകിയില്ലെങ്കിൽ ഞാൻ ഒരു കള്ളനാകും. അത് ഒഴിവാക്കാനാണ് ഞാൻ പ്രതികരിച്ചത് . അതിനുള്ള ശിക്ഷ ഭീഷണികളായി കിട്ടുകയും ചെയ്തു.
∙ ആദിത്യന്റെ ഭാഗത്ത് നിന്നുമാണോ ഭീഷണി ഉണ്ടായി എന്ന് പറയുന്നത്?
തീർച്ചയായും. ജയൻ അച്ഛനാണ് എന്ന് പറഞ്ഞു അവകാശവാദം ഉന്നയിച്ചത് എന്നെ തല്ലും കേസിൽ കുടുക്കും തുടങ്ങി പലവിധ ഭീഷണികൾ ആദിത്യൻ നടത്തുകയുണ്ടായി. ഇത് പല വ്യക്തികൾ മുഖാന്തിരം ഞാൻ അറിഞ്ഞു. ഇതനുസരിച്ച് ഞാൻ പോലീസിൽ പരാതി നൽകി എങ്കിലും അതെല്ലാം ആദിത്യൻ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കുകയാണ് ഉണ്ടായത്. ലഭിച്ച പരാതിക്കുമേൽ ഒരു അന്വേഷണം പോലും ഉണ്ടായില്ല.
∙ ചെറുപ്പം മുതൽക്ക് ആദിത്യനെ പരിചയമുണ്ടല്ലോ, ആ നിലയ്ക്ക് ഇത്തരം വിവാദങ്ങൾ പറഞ്ഞു തീർക്കുന്നതല്ലേ നല്ലത്?
വിവാദങ്ങൾ ഉണ്ടാക്കാൻ പണ്ട് മുതലേ ഇഷ്ടമുള്ള ആൾ അല്ല ഞാൻ. പലപ്പോഴും മാധ്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ് ഉണ്ടായിട്ടുള്ളത്. 2001 ൽ വാർത്ത ആദ്യമായി പുറത്തു വന്നത് തന്നെ സാഹചര്യത്തിൽ നിർബന്ധം കൊണ്ടായിരുന്നു. ഞാൻ ജയന്റെ മകനാണ് എന്നത് അച്ഛൻവീട്ടുകാരും ആദിത്യന്റെ മാതാപിതാക്കളും ഒക്കെ അംഗീകരിച്ച കാര്യമാണ്. എന്നാൽ എന്തുകൊണ്ടോ സമൂഹത്തോടത് പറയുവാൻ അവർ വിമുഖത കാണിക്കുന്നു.ആദിത്യൻ സത്യത്തിൽ ഒരു പാവമാണ്. എന്നെ ചെറുപ്പം മുതൽക്ക് ചേട്ടാ എന്ന് വിളിച്ചു നടന്നിട്ടുള്ള വ്യക്തിയാണ്. അനുജത്തി ലക്ഷ്മിയുടെ വിവാഹത്തിന് വിളിക്കും എന്നൊക്കെ അവൻ പറഞ്ഞതാണ്. ജയന്റെ അനുജന്റെ മകൻ എന്ന നിലക്ക് ആദിത്യൻ ഒരുപാട് തിളങ്ങുന്നുണ്ട്, സ്വന്തം മകൻ രംഗത്ത് വന്നാൽ ഇപ്പോൾ അനുഭവിക്കുന്ന പ്രശസ്തി ഇല്ലാതാകുമോ എന്ന ഭയമായിരിക്കാം, അദ്ദേഹത്തെകൊണ്ട് ഇതെല്ലം ചെയ്യിക്കുന്നത്.
∙ അമ്മ പറഞ്ഞു തന്നിട്ടുള്ള അച്ഛനുമായുള്ള വിവാഹത്തിന്റെ ഓർമ്മകൾ?
അച്ഛൻ നേവിയിൽ ജോലി ചെയ്യുമ്പോഴാണ് എന്റെ ‘അമ്മ തങ്കമ്മ , അച്ഛന്റെ അമ്മയായ ഭാരതിയമ്മയെ കാണുന്നത്. വീട്ടിൽ കൊടും ദാരിദ്രം അനുഭവിച്ചുകൊണ്ടിരുന്ന ആ സ്ത്രീക്ക് വേണ്ട പിന്തുണ നൽകിയത് എന്റെ അമ്മയാണ്. അച്ഛന്റെ അനുജൻ സോമൻ നായർക്കും മറ്റും ഭക്ഷണത്തിനുള്ള വക നൽകുകയും സംരക്ഷിക്കുകയും ചെയ്തത് അമ്മയാണ്. തന്റെ വീട്ടുകാരെ സംരക്ഷിച്ചവളോടുള്ള നന്ദി സ്നേഹമായി മാറിയപ്പോഴാണ് നാട്ടിൽ എത്തിയ അച്ഛൻ അമ്മയെ വിവാഹം കഴിച്ചത്. ‘അമ്മ താഴ്ന്ന സമുദായത്തിൽ പെട്ട വ്യക്തി ആയിട്ടുപോലും അന്ന് ആർക്കും എതിർപ്പുണ്ടായിരുന്നില്ല. അമ്മ ആ വീട്ടിലെ ഒരാളെപ്പോലെയായി.
∙ അച്ഛനെ പറ്റിയുള്ള ബാല്യകാല ഓർമ്മകൾ ?
രണ്ടു വയസുവരെ ഞാനും എന്റെ അമ്മയും അച്ഛന്റെ വീട്ടിലാണ് താമസിച്ചത്. എന്റെ ‘അമ്മ എന്നെ പ്രസവിച്ചപ്പോൾ പ്രസവസുശ്രൂഷകൾ നടത്തിയത് പോലും അച്ചാമ്മ ആയിരുന്നു. പിന്നീടാണ് അച്ഛൻ സിനിമയിലേക്ക് വരുന്നത്. സിനിമയിലെ വളർച്ചയെ മുൻനിർത്തി അച്ഛൻ പോകുമ്പോഴും നമുക്ക് സന്തോഷത്തോടെ മകനുമൊത്ത് ജീവിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കാര്യങ്ങൾ പെട്ടന്ന് മാറി മറഞ്ഞു. അച്ഛന് പണവും പ്രശസ്തിയും വന്നപ്പോൾ അച്ഛൻ വീട്ടുകാർക്ക് ഞങ്ങൾ അധികപ്പറ്റായി. അങ്ങനെ ഞങ്ങളെ പുറത്താക്കി.
∙ ഇതറിഞ്ഞ അച്ഛന്റെ പ്രതികരണം എന്തായിരുന്നു?
അച്ഛൻ പലകുറി എന്നെയും അമ്മയെയും തിരിച്ചു വിളിക്കാനായി വന്നു. ഒരുമിച്ചു ജീവിക്കണം എന്ന ആഗ്രഹം പറഞ്ഞു. എന്നാൽ എന്റെ അമ്മയ്ക്ക് അച്ഛൻ വീട്ടുകാരെ ഭയമായിരുന്നതിനാൽ ‘അമ്മ പോയില്ല. അച്ഛന്റെ പണം വേണ്ട എന്ന് പറയുകയും ചെയ്തു. എന്നാൽ അദ്ദേഹം എന്റെ കാര്യങ്ങൾ നോക്കുമായിരുന്നു. ചെലവുകൾ വഹിക്കുമായിരുന്നു. മരണം വരെ വേറൊരു വിവാഹം കഴിക്കില്ല എന്ന് അമ്മയ്ക്ക് വാക്ക് കൊടുക്കുകയും ചെയ്തു. അത് അദ്ദേഹം മരണം വരെ പാലിച്ചു.
∙ ജയന്റെ മകൻ എന്ന വിശേഷണം കൊണ്ട് എന്തെങ്കിലും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
തീർച്ചയായും. ചെറുപ്പത്തിൽ ഒരു വിഭാഗം ആളുകൾ എന്നെ കാണുമ്പോൾ നടൻ ജയന്റെ മകൻ ആണ് എന്ന് ആവേശത്തോടെ പറയുമ്പോൾ, വേറെ ചിലർ ഞാനും എന്റെ അമ്മാമയും പണം തട്ടുന്നതിനായി നടത്തുന്ന നാടകമാണ് എന്ന് പറഞ്ഞിരുന്നു. ഇത് മാറി മാറി കേട്ട് മാനസികമായി തകർന്ന ഞാൻ അമ്മയോട് എന്റെ അച്ഛൻ ജയൻ തന്നെ ആണോ എന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു. അപ്പോൾ എന്നെ ‘അമ്മ കടപ്പുറത്തുള്ള കുമാരൻ എന്ന വ്യക്തിയുടെ അടുത്തേക്ക് കൊണ്ടുപോയി. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു അയാൾ. ബേബിയുടെ മകനല്ലേ എന്ന് ചോദിച്ചാണ് അദ്ദേഹം എന്നെയും അമ്മയെയും സ്വീകരിച്ചത് . ബേബി എന്നത് എന്റെ അച്ഛന്റെ ചെല്ലപ്പേരാണ്. ഞാൻ മകനല്ല എന്ന് പറയുന്നവർ ഇക്കാര്യങ്ങൾ കൂടി ശരിയല്ല എന്ന് തെളിയിക്കട്ടെ.
∙ അച്ഛൻ മരിച്ച ശേഷം ആ വീട്ടിലേക്ക് പോയിരുന്നോ?
രണ്ടു തവണ പോയി. ആദ്യം അച്ഛൻ മരിച്ച് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ. ഞാൻ ആ വീടിന്റെ മുന്നിൽ പോയി നിന്നു, അപ്പോൾ സോമൻ നായരുടെ ഭാര്യ അതായത് ആദിത്യന്റെ ‘അമ്മ ഇറങ്ങി വന്നു മോൻ അകത്തേക്കു വാ എന്തിനാ പുറത്തു നിൽക്കുന്നത്, ഇത് നിന്റെ വീട് തന്നെയാണ് എന്ന് പറഞ്ഞു. എന്നാൽ ഞാൻ കയറിയില്ല. അമ്മ ചീത്തപറയും എന്ന് പറഞ്ഞു. ഞാൻ അച്ഛന്റെ ഒരു ഫൊട്ടോ അവരോടു ചോദിച്ചു. ഉള്ള ഫോട്ടോകൾ എല്ലാം കോളേജ് കുട്ടികൾ കൊണ്ടുപോയി എന്നും എനിക്കായി ഒരു ഫോട്ടോ പിന്നെ എടുത്ത് തരാം എന്നും അവർ പറഞ്ഞു.
പിന്നീട് ഞാൻ അവിടെ പോയത് അച്ഛമ്മ മരിച്ചപ്പോൾ ആണ്. എന്റെ അമ്മയുടെ ആഗ്രഹപ്രകാരം. അന്ന് അച്ഛന്റെ അനുജൻ സോമൻ നായർ എന്നെയും അമ്മയെയും അവിടെ നിന്നും ചീത്ത പറഞ്ഞു , പിടിച്ചു തള്ളി ഇറക്കി വിട്ടു. ഞങ്ങൾ മൂലം ആ കുടുംബത്തിന്റെ പേര് നശിച്ചു എന്നാണ് പറഞ്ഞത്. എല്ലാം കയ്‌പേറിയ അനുഭവങ്ങളാണ്. അച്ഛൻ പല സിനിമ സുഹൃത്തുക്കളോടും എന്നെയും അമ്മയെയും പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹം മരിച്ചപ്പോഴാണ് ഞങ്ങൾ തീർത്തും അനാഥരായത്.
നിലവിലെ നിലപട് ?
അച്ഛന്റെ പേര് പറഞ്ഞു ഒരിക്കൽ പോലും ഒരു ആനുകൂല്യത്തിനും ഞാൻ ശ്രമിച്ചിട്ടില്ല . കെപിഎസി നാടകങ്ങളിൽ അഭിനയിച്ചത് പോലും എന്റെ സ്വന്തം കഴിവിൽ വിശ്വാസം ഉള്ളതുകൊണ്ടാണ്. ഞാൻ അഭിനയ മോഹിയല്ല. ഡ്രൈവിംഗും ഇലക്ട്രിക്കൽ വർക്കുകളും ചെയ്താണ് ജീവിക്കുന്നത്. അച്ഛന്റെ സ്വത്തോ പണമോ , വീടുമായി ബന്ധപ്പെട്ട അവകാശമോ ഒന്നും എനിക്ക് വേണ്ട. അത് എന്റെ അമ്മയായിട്ടു വേണ്ട എന്ന് വച്ചതാണ്. ഞാൻ ആയിട്ട് അതൊന്നും ആവശ്യപ്പെടും എന്ന പേടി ആർക്കും വേണ്ട. എന്നാൽ എന്റെ പിതൃത്വം എന്റെ ജന്മാവകാശമാണ്. ജയൻ എന്റെ അച്ഛൻ തന്നെയാണ്. ഞാൻ അത് ഈ ലോകത്തോട് വിളിച്ചു പറയുക തന്നെ ചെയ്യും.
∙ ഭാവി പദ്ധതികൾ ?
ഞാൻ പറഞ്ഞല്ലോ, എന്റെ പിതൃത്വം തെളിയിക്കേണ്ടത് എന്റെ ആവശ്യമാണ്. എന്റെയും ആദിത്യന്റെയും അദ്ദേഹത്തിന്റെ സഹോദരൻ കണ്ണൻ നായരുടെയും രക്ത സാമ്പിളുകൾ പരിശോധിച്ച്, ഡി എൻ എ നിർണയിക്കാൻ കഴിയും എന്നാണ് ഞാൻ അറിഞ്ഞത്. അതിനാൽ ജനുവരിയോടെ അതിനുള്ള നീക്കങ്ങൾ ആരംഭിക്കും. കോടതിയിൽ ഏതറ്റം വരെ പോകേണ്ടി വന്നാലും ഞാൻ മുന്നോട്ട് തന്നെ പോകും. എന്തായാലും ഞാൻ നനഞ്ഞ് ഇറങ്ങി, ഇനി കുളിച്ചു കയറാം. ഈ അവസരത്തിൽ ആദിത്യന്റെ ഭീഷണികൾ ഒന്നും ഞാൻ വകവയ്ക്കുന്നില്ല. എന്റെ അമ്മയും ഭാര്യയും രണ്ടു മക്കളും എന്നെ വിശ്വസിക്കുന്ന കുറച്ചു ജനങ്ങളും കൂടെയുണ്ട്, എനിക്കതുമതി .