കേരളത്തിൽ വലിയ ദുരന്തം വരുന്നു!! നിരവധി പേര്‍ മരിക്കും- മുരളി തുമ്മാരുകുടി..

തിരുവനന്തപുരം: കേരളത്തിൽ വലിയ ദുരന്തം വരുന്നു!! നിരവധി പേര്‍ മരിക്കുമെന്നും മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ ദുരന്ത നിവാരണ മേധാവി മുരളി തുമ്മാരുകുടി.കേരളത്തില്‍ ഇനി ഉണ്ടാകാന്‍ പോകുന്ന വലിയ ദുരന്തത്തെ കുറിച്ചാണ് മുരളീ തുമ്മാരുകുടി മുന്നറിയിപ്പ് നൽകുന്നത് . ഇനി ഉണ്ടാകാന്‍ പോകുന്ന വലിയ ദുരന്തം എതെങ്കിലും ബഹുനില കെട്ടിടത്തിലെ അഗ്‌നിബാധ ആയിരിക്കുമെന്നും എന്നാല്‍ അതിനെ നേരിടാനുള്ള പരിശീലനവും ഉപകരണങ്ങളും നമ്മുടെ ഫയര്‍ സര്‍വീസിന്റെ കയ്യിലില്ലെന്നും തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫ്‌ലാറ്റുകളില്‍ മരണമണി മുഴങ്ങുന്നതിന് മുന്‍പേ…

കേരളത്തില്‍ ഇനി ഉണ്ടാകാന്‍ പോകുന്ന വലിയ ദുരന്തം എതെങ്കിലും ബഹുനില കെട്ടിടത്തിലെ അഗ്‌നിബാധ ആയിരിക്കുമെന്ന് ഞാന്‍ പറഞ്ഞുതുടങ്ങിയിട്ട് കുറച്ചു കാലമായി. പുലി വരുന്നേ, പുലി വരുന്നേ… എന്നുപറഞ്ഞ് ആളുകളെ പറ്റിച്ചിരുന്ന പയ്യനെ, യഥാര്‍ത്ഥത്തില്‍ പുലി വന്നപ്പോള്‍ ആളുകള്‍ ശ്രദ്ധിച്ചില്ല.

അതുപോലെ കേരളത്തിലെ ഉയര്‍ന്ന കെട്ടിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അഗ്‌നിബാധ ഉണ്ടാകുമെന്നും, അതിനെ എങ്ങനെ നേരിടണമെന്ന് ഉയര്‍ന്ന കെട്ടിടങ്ങളില്‍ ജീവിക്കുന്നവരും ജോലി ചെയ്യുന്നവരും പരിശീലിച്ചിട്ടില്ലെന്നും, ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഗ്‌നിബാധയെ നേരിടാനുള്ള പരിശീലനവും ഉപകരണങ്ങളും നമ്മുടെ ഫയര്‍ സര്‍വീസിന്റെ കയ്യില്‍ ഇല്ല എന്നും, ഇക്കാരണങ്ങളാല്‍ അത് ഡസന്‍ കണക്കിന് ആളുകളെ കൊല്ലുന്ന ഒരു ദുരന്തമായി മാറുമെന്നുമാണ് ഞാന്‍ പറയുന്നത്.

ഇത് എപ്പോഴെങ്കിലും സംഭവിക്കുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. എന്ന് സംഭവിക്കും, എവിടെ സംഭവിക്കും, എത്ര ആളുകള്‍ മരിക്കും എന്നതൊക്കെയാണ് സംശയമുള്ള കാര്യങ്ങള്‍. വിദൂരമല്ലാത്ത ഈ ദുരന്തം ഒഴിവാക്കാന്‍ എത്ര പറഞ്ഞിട്ടും അടിസ്ഥാനപരമായ ഒരു മാറ്റം അധികാരികള്‍ ഉള്‍പ്പടെയുള്ള ആളുകളില്‍ ഉണ്ടാകുന്നില്ല എന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്.

‘മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നു നാം പാഠങ്ങള്‍ പഠിക്കണം, എല്ലാ പാഠങ്ങളും സ്വന്തം അനുഭവത്തില്‍ നിന്നും തന്നെ പഠിക്കാന്‍ പോയാല്‍ നമുക്ക് അധികം ആയുസ്സ് ഉണ്ടാവില്ല’ എന്ന് ചാണക്യ വചനമുണ്ട്. അതിനാല്‍ ഉയര്‍ന്ന കെട്ടിടങ്ങളിലെ അഗ്‌നിബാധയെപ്പറ്റി ഏറ്റവും പുതിയ പാഠങ്ങള്‍ പറയാം. ലണ്ടനില്‍ നിന്നുള്ള അനുഭവ പാഠങ്ങളാണ്.

1873 ലാണ് ലണ്ടനില്‍ ആദ്യമായി ആളുകള്‍ക്ക് താമസിക്കാനുള്ള പത്തു നിലയില്‍ മുകളിലുള്ള ആദ്യത്തെ കെട്ടിടം ഉണ്ടാക്കിത്തുടങ്ങിയത്. ഇപ്പോള്‍ നൂറു കണക്കിനായി. മുപ്പത് നിലയില്‍ മുകളില്‍ ഉയരമുള്ള ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ തന്നെ അറുപതുണ്ട്. അവിടെ മുന്നൂറു മീറ്ററിന് മുകളില്‍ ഉയരമുള്ള കെട്ടിടങ്ങളില്‍ പോലും ആളുകള്‍ താമസിക്കുന്നുണ്ട്. അപ്പോള്‍ ഈ ഉയര്‍ന്ന കെട്ടിടങ്ങള്‍ ലണ്ടന്‍ നഗരത്തിനും നഗരവാസികള്‍ക്കും പുത്തരിയല്ല.

1865 ലാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് രൂപീകരിച്ചത്. ഇപ്പോള്‍ നൂറ്റി രണ്ടു ഫയര്‍ സ്റ്റേഷനുകളും അയ്യായിരം ഫയര്‍ ഓഫിസര്‍മാരുമായി ലോകത്തെ തന്നെ ഏറ്റവും വലിയ അഗ്‌നിസുരക്ഷാ സേനകളില്‍ ഒന്നാണിത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് അഗ്‌നിബാധകള്‍ ഇവര്‍ കൈകാര്യം ചെയ്യുന്നു.

ഈ ലണ്ടനിലാണ് 2017 ജൂണ്‍ പതിനാലാം തീയതി വെറും ഇരുപത്തിനാലു നില ഉയരമുള്ള ഗ്രീന്‍ഫെല്‍ ടവര്‍ എന്ന കെട്ടിടത്തില്‍ നിന്നും ഒരു എമെര്‍ജന്‍സി കോള്‍ വരുന്നത്. അത്തരത്തിലുള്ള ഒന്നര ലക്ഷത്തിലധികം കോളുകളാണ് ഒരു വര്‍ഷം ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണ്ട്രോള്‍ റൂം കൈകാര്യം ചെയ്യുന്നത്.

കാര്യം നിസ്സാരമാണ്. നാലാം നിലയിലുള്ള ഒരു ഫ്‌ളാറ്റിലെ ഫ്രീസറില്‍ നിന്നും പുക പുറത്തേക്ക് വരുന്നു. വീട്ടുടമയാണ് രാത്രി 12:54 ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡില്‍ വിളിച്ചു പറയുന്നത്. വീട്ടിലെ ഫ്രീസറില്‍ നിന്നും പുക വരുന്നു. ഒരു വര്‍ഷം മുപ്പതിനായിരം അഗ്‌നിബാധ കൈകാര്യം ചെയ്യുന്ന ഫയര്‍ സര്‍വീസിനിത് പൂ പറിക്കുന്നത് പോലെ നിസ്സാരമാണ്. അഞ്ചു മിനിറ്റിനകം അഗ്‌നിശമന സേന ഗ്രീന്‍ഫെല്‍ ടവറില്‍ എത്തി. പിന്നെ എല്ലാം പെട്ടെന്നാകേണ്ടതായിരുന്നു. നാലാം നിലയില്‍ എത്തിപ്പറ്റാന്‍ അത്ര ബുദ്ധിമുട്ടില്ല. ഒരു ചെറിയ അഗ്‌നിബാധയാണ്, ഒന്നോ രണ്ടോ ഫയര്‍ എന്‍ജിന്‍ കൊണ്ട് കൈകാര്യം ചെയ്യാവുന്നതാണ്.

പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ല തീര്‍ന്നത്. രാത്രി ഒരുമണി കഴിഞ്ഞ് എട്ടു മിനുട്ടായപ്പോള്‍ ഫ്‌ലാറ്റിന്റെ അടുക്കളയില്‍ നിന്നും അഗ്‌നിബാധ ജനല്‍ വഴി പുറത്തെത്തി. അത് പിന്നെ വേഗത്തില്‍ കെട്ടിടത്തെയാകെ പൊതിഞ്ഞു, ഇരുന്നൂറ്റി അന്‍പത് ഫയര്‍ സര്‍വീസ് ഓഫിസര്‍മാരും എഴുപത് ഫയര്‍ എന്‍ജിനുകളും ഉള്‍പ്പെട്ടിട്ടും അഗ്‌നിബാധ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ അറുപത് മണിക്കൂറുകള്‍ എടുത്തു. ഇരുപത് ആംബുലന്‍സുകളുമായി ലണ്ടനിലെ പാരാമെഡിക്കല്‍ സംവിധാനമാകെ ഇടപെട്ടിട്ടും ടവറില്‍ ഉണ്ടായിരുന്ന ഇരുന്നൂറ്റി തൊണ്ണൂറ്റി ഏഴു താമസക്കാരില്‍ എഴുപത്തിരണ്ട് പേര്‍ അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടു. എഴുപത്തിനാലുപേര്‍ ആശുപത്രിയിലും ആയി.

ഞാന്‍ പറഞ്ഞുവരുന്നത് ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും അതില്‍ ജീവിച്ചും നൂറ്റാണ്ടില്‍ ഏറെ പഴക്കമുള്ള ഒരു നഗരത്തില്‍, നൂറ്റന്പത് വര്‍ഷത്തെ പഴക്കവും, പരിചയവും, ആയിരക്കണക്കിന് ഫയര്‍ സര്‍വീസ് ഓഫീസര്‍മാരും ആവശ്യത്തിന് വിഭവങ്ങളുമുള്ള ഒരു നഗരത്തില്‍ താരതമ്യേന ഒരു ചെറിയ കെട്ടിടത്തില്‍ ഉണ്ടായ നിസ്സാരമായ അഗ്‌നിബാധ എഴുപത് പേരുടെ ജീവന്‍ എടുത്തെങ്കില്‍, ഇതൊന്നുമില്ലാത്ത കേരളത്തിലെ കൊച്ചിയിലോ ഉയര്‍ന്ന കെട്ടിടങ്ങളുള്ള മറ്റു നഗരങ്ങളിലോ ഗ്രാമങ്ങളിലോ ഒരു അഗ്‌നിബാധ ഉണ്ടായാല്‍ എന്താകും സ്ഥിതി?

ദുരന്തത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. അതിന്റെ ഒന്നാം ഘട്ട റിപ്പോര്‍ട്ട് ഒക്ടോബര്‍ അവസാനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നവര്‍ പാലിക്കേണ്ട നിയമങ്ങള്‍, അതില്‍ താമസിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍, ഫയര്‍ സര്‍വീസിലെ കണ്‍ട്രോള്‍ റൂം മുതല്‍ ഓണ്‍ സൈറ്റ് കമാണ്ടര്‍ വരെ ചെയ്യേണ്ട കാര്യങ്ങള്‍, വിവിധ വകുപ്പുകള്‍ എങ്ങനെയാണ് കാര്യങ്ങള്‍ ഏകോപിപ്പിക്കേണ്ടത് എന്നിങ്ങനെ അനവധി വിശദമായ നിര്‍ദ്ദേശങ്ങള്‍ ഇനി അവിടെ നിയമമാകും.

ഈ നിര്‍ദ്ദേശങ്ങളെല്ലാം ലണ്ടനിലെ ആളുകളേയും അധികാരികളേയും ഉദ്ദേശിച്ചുള്ളതാണെങ്കിലും ദുരന്ത സാധ്യത നമുക്കും ഉള്ളതിനാല്‍ നമ്മുടെ ടൌണ്‍ പ്ലാനിങ്ങ് വകുപ്പും, മുനിസിപ്പാലിറ്റി/പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ വകുപ്പുകളും, ദുരന്തനിവാരണ അതോറിറ്റിയും പോലീസും ഫയര്‍ സര്‍വീസും ഈ പാഠങ്ങള്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചര്‍ച്ചയാക്കണം.

ഞാന്‍ എപ്പോഴും പറയുന്നത് പോലെ നമ്മുടെ സുരക്ഷ ആത്യന്തികമായി നമ്മുടെ കയ്യിലാണ്. അതുകൊണ്ട് ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ മിനിമം ചെയ്യേണ്ട കാര്യങ്ങള്‍ പറയാം. (ഇത് ഗ്രീന്‍ഫെല്‍ ടവര്‍ അന്വേഷണക്കമ്മീഷന്റെ നിര്‍ദ്ദേശങ്ങളല്ല).

1. വീട്ടില്‍ അഗ്‌നിബാധ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ ഒഴിവാക്കണം
2. ഓരോ വീട്ടിലും അടുക്കളയില്‍ ഒരു ഫയര്‍ ബ്ലാങ്കറ്റ് എങ്കിലും വേണം. ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വലുതാക്കാതെ നോക്കാനും അതുകൊണ്ട് സാധിച്ചേക്കും.
3. ഫ്‌ളാറ്റിലെ അഗ്‌നിസുരക്ഷാ ഉപകരണങ്ങള്‍ കാലാകാലത്ത് ഇന്‍സ്‌പെക്ഷന്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം
4. ഫ്‌ലാറ്റില്‍ സ്വന്തമായി നടക്കാന്‍ കഴിവില്ലാത്ത എത്രപേര്‍ ഏതൊക്കെ ഫ്‌ലാറ്റുകളിലുണ്ട് എന്ന കാര്യം സെക്യൂരിറ്റിക്കാര്‍ക്ക് അറിവുണ്ടായിരിക്കണം
5. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഏതൊക്കെ ഫ്‌ലാറ്റുകളില്‍ ആളുകള്‍ ഉണ്ട്, ഏതൊക്കെ ഒഴിഞ്ഞുകിടക്കുകയാണ് എന്നുള്ള കാര്യം സെക്യൂരിറ്റിക്കാര്‍ക്ക് അറിവുണ്ടായിരിക്കണം.
6. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം എങ്കിലും ഇവാക്വേഷന്‍ എക്‌സര്‍സൈസ് നടത്തണം.
7. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു ഫയര്‍ എന്‍ജിന്‍ കെട്ടിടത്തിന്റടുത്ത് വരെ എത്താന്‍ പറ്റുമോ എന്ന് പരിശോധിക്കണം.
8. കെട്ടിടത്തിന്റെ ഫയര്‍ എക്‌സിറ്റുകളില്‍ കൂടി മാസത്തില്‍ ഒരിക്കലെങ്കിലും ഇറങ്ങി നോക്കണം. വാതിലുകള്‍ തുറക്കുമോ, അവിടെ പഴയ ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിട്ടുണ്ടോ എന്നെല്ലാം അറിയണമല്ലോ.

ഫ്‌ളാറ്റുകളിലെ സുരക്ഷ എന്ന വിഷയം മാത്രം അടിസ്ഥാനമാക്കി ഞാന്‍ ഒരു ലഘുപുസ്തകം എഴുതിയിരുന്നു. അത് പ്രിന്റ്‌റ് ഔട്ട് എടുത്ത് വീട്ടില്‍ എല്ലാ അംഗങ്ങള്‍ക്കും കൊടുക്കണം. പുലി വരും ഉറപ്പ്, അന്ന് ഞാന്‍ പറഞ്ഞില്ല എന്ന് പറയരുത്. ഗ്രീന്‍ഫെല്‍ റിപ്പോര്‍ട്ടും എന്റെ സുരക്ഷാ കൈപ്പുസ്തകവും കമന്റില്‍ കൊടുത്തിട്ടുണ്ട്.

സുരക്ഷിതരായിരിക്കുക…

മുരളി തുമ്മാരുകുടി

Top